Sep 7, 2020

മഅദനിയുടെ ചികിത്സ; സർക്കാർ വാക്ക് പാലിക്കണം - അജിത് കുമാർ ആസാദ്


മഅദനിയുടെ ചികിത്സ; സർക്കാർ വാക്ക് പാലിക്കണം  - അജിത് കുമാർ ആസാദ് 


കാസറഗോഡ് : പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക്  വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പിഡിപി നേതൃത്വത്തിന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പ് പാലിക്കാൻ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് ആവശ്യപ്പെട്ടു.  കോവിഡ് പശ്ചാത്തലത്തിൽ വിദഗ്ദ്ധ ചികിത്സ നിഷേധിക്കപ്പെട്ട അബ്ദുൽ നാസർ മഅ്ദനിയുടെ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി സംസ്ഥാന കമ്മിറ്റി സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിൽ  പ്രഖ്യാപിച്ച പ്രധിഷേധ ജ്വാല എന്ന സമരത്തിന്റെ ഭാഗമായി കാസറഗോഡ് മണ്ഡലം കമ്മിറ്റി വിദ്യാനഗർ ബി സി റോഡിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  


ജീവന്റെ വിലയുള്ള പോരാട്ടം എന്ന ക്യാപ്‌ഷനിൽ സംസ്ഥനത്ത് ഒരേ സമയം നൂറു കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സമരത്തിൽ അണിനിരന്നിരിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാറുകൾ മഅദനിയോട് തുടരുന്ന നീതി നിഷേധം അവസാനിപ്പിക്കണമെന്നും ഈ  നീതി നിഷേധം ഇന്ത്യൻ ജനാധിപത്യത്തിന്ന് ഏറ്റ വെല്ലു വിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഡിപി കാസറഗോഡ് മണ്ഡലം വർക്കിങ് പ്രസിഡന്റ്‌ ഷംസുദ്ധീൻ വിഎച് ബദിയടുക്കയുടെ അധ്യക്ഷതയിൽ നടന്ന  പ്രതിഷേധ ജ്വാലയിൽ പിഡിപി നേതാക്കളായ അബ്ദുള്ള ബദിയടുക്ക, എം ടി . ആർ ഹാജി, അബ്ദുല്ല ഊജംതോടി, സിദ്ദീഖ് ബത്തൂൽ, അഷ്റഫ് മുക്കൂർ ,മൊയ്തു ബദിയടുക്ക, സിദ്ധീഖ് മഞ്ചത്തടുക്ക, ഖാലിദ് ബാഷ, ഹനീഫ് ബദിയടുക്ക, ഹാരിസ് ആദൂർ ,മുഹമ്മദ് ആലംപാടി, ഹനിഫ് ആലംപാടി ,ഖാദർ ആലംപാടി,മമ്മീഞ്ഞി ആലംപാടി,അബ്ദുറഹ്മാൻ തളങ്കര,കുഞ്ഞിക്കോയ തങ്ങൾ,ജിതീഷ് ഉളിയത്തടുക്ക, സബിത്ത് ബി സി റോഡ്  എന്നിവർ സംബന്ധിച്ചു.

Jan 10, 2017

ഫാസിസം, കഴിഞ്ഞ ദിവസം കോഴിക്കോട് അങ്ങാടിയിൽ മുളച്ചു പൊങ്ങിയതല്ല... !!

ഫാസിസം,
കഴിഞ്ഞ ദിവസം കോഴിക്കോട് അങ്ങാടിയിൽ
മുളച്ചു പൊങ്ങിയതല്ല... !!

അത്,
എൺപതുകളിൽ ഭഗൽപൂരിലും, ജബൽപൂരിലും,
ജംഷദ് പൂരിലും ആസാമിലെ നെല്ലിയെന്ന ഗ്രാമത്തിലും
അഴിഞ്ഞാടിയതാണ്... !!
 

തൊണ്ണൂറ്റി രണ്ടിലും മൂന്നിലും ബോംബെ തെരുവിൽ
പത്തി വിരിച്ചു ആടിയതാണ്.


തൊണ്ണൂറ്റി രണ്ടിൽ ബാബരി മസ്‌ജിദിന്റെ താഴിക കുടം
അടിച്ചു തകർത്തതാണ്...!!

ഗുജറാത്തിൽ,
എന്റെയും നിങ്ങളുടെയും അമ്മ പെങ്ങന്മാരുടെ,
ഗര്‍ഭ പാത്രത്തിലെ ചോരപുരണ്ട ഭ്രൂണം,
ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന്ന തീക്കുണ്ടത്തിലേക്ക് വലിച്ചെറിഞ്ഞതാണ്...!!

ഇങ്ങു കേരളത്തിൽ,
തൊണ്ണൂറ്റി ഒന്നിൽ,.
എട്ടും പൊട്ടും തിരിയാത്ത സിറാജുന്നിസയെ
വെടി വെച്ച് കൊന്നതാണ്.. !!

ഫാസിസത്തിനെതിരെ ശബ്ദിച്ച
മഅദനിയുടെ കാൽ ബോംബെറിഞ്ഞു
തകർത്തതാണ്;
അദ്ദേഹത്തിൻറെ ജീവിതം,
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നശിപ്പിച്ചതാണ്... !!

ഒരുക്കാലത്ത്,
അനാഥകളുടെ അത്താണിയായിരുന്ന,
അൻവാർശ്ശേരി യതീം ഖാന അടച്ചു പുട്ടിയതാണ്.

നിരപരാധികളായ,
സകറിയയെയും തസ്ലീമിനേയും
വർഷങ്ങളായി ജയിലിൽ അടച്ചതാണ്....!!

അതെ,
ഫാസിസം,
കഴിഞ്ഞ ദിവസം കോഴിക്കോട് അങ്ങാടിയിൽ
മുളച്ചു പൊങ്ങിയതല്ല... !!

- ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ

Nov 17, 2014

പ്രവാസി

പ്രവാസിപെറ്റുമ്മയോട്,
പ്രിയതമയോട്,
കണ്ണീർ ഒഴുക്കി നിൽക്കുന്ന..
പൊന്നു മക്കളോട്..
യാത്ര മൊഴി ചൊല്ലി ...
സ്വന്തം  വീട്ടിൽ  നിന്നും  ...
മാനം മുട്ടേ ആശകളുമായി ..
പടിയിറങ്ങിയവൻ പ്രവാസി ...

പിറന്ന നാടിനെ ..
പിച്ച വെച്ച മണ്ണിനെ..
മറന്ന് ..
ആശകളും സ്വപ്നങ്ങളും പേറി ..
മെഴുക് തിരിയായി ജീവിച്ച്..
നിമിഷങ്ങള്‍ പെയ്തൊഴിയുമ്പൊള്‍ ..

അവന്റെ വിയർപ്പിനാൽ ...
വീട്ടിലെ പട്ടിണി മാറിയപ്പോൾ ..
നാടിന്റെ മുഖച്ഛായ മാറിയപ്പോൾ ..

നീണ്ട നഷ്ട ജീവിതത്തിനു ശേഷം..
നാട്ടിലേക്കുള്ള തിരിച്ചു പോക്ക്..

അവിടെ,
തുടക്കത്തിൽ,
സന്തോഷത്തോടെ സ്വീകരിക്കുന്നവരിൽ.
സ്വന്തക്കാർ, കൂട്ടുക്കാർ പിന്നെ നാട്ടുക്കാർ.

കൊണ്ടു വന്ന  പണത്തിന്റെ...
ഭാരം കുറഞ്ഞെന്നറിയുമ്പോള്‍ ....
സ്നേഹത്തോടെ നോക്കിയ മുഖങ്ങൾ ..
പിന്നെ തുറിച്ചു നോക്കാൻ തുടങ്ങി..
അത് സഹതാപത്തിന്റെ നോട്ടമല്ല..

വെറുപ്പിന്റെ.
ചിരിച്ചു സംസാരിച്ചിരുന്നവർ  പലരും ..
അവനെ കാണുമ്പോള്‍ മുഖം തിരിച്ചു തുടങ്ങി.

അവസാനം ..
വീണ്ടും, ജീവിതത്തിന്റെ അവസാന യാമത്തിൽ
അവൻ യാത്ര തുടങ്ങി...
ആഗ്രഹങ്ങളും, സ്വപ്നങ്ങളും കൂടെ  പ്രതീക്ഷകളുമായി ..

May 12, 2014

ചന്ദ്ര കലയിലെ "അള്ളാഹു അക്ബർ"...!!

ചന്ദ്ര കലയിലെ  "അള്ളാഹു അക്ബർ"...!!

മീനിന്റെ പുറത്ത് "അല്ലാഹ്" ...!!
ആകാശത്ത്‌ "ലാഹിലാഹഇല്ലല്ലാഹ്"....!!
ചന്ദ്ര കലയിൽ "അള്ളാഹു അക്ബർ"...!!

ഇതൊക്കെ കുറെ മുമ്പ് പ്രചരിപ്പിച്ച കഥകളായിരുന്നു ....!!

ഇന്നലെ വാട്സ്അപ്പിൽ ഒരു വീഡിയോ ആരോ ഷെയർ ചെയ്തു ..!! അതിന്റെ കൂടെ തന്നെ വരുന്നു ഒരു മെസ്സേജും ...!!

"ഒരു പെണ്ണ് ടീവീ കണ്ടു കൊണ്ടിരിക്കെ നമസ്കാരത്തിന്റെ സമയമായപ്പോൾ നമസ്കരിക്കാൻ പോയി .. നമസ്കാരത്തിൽ അവൾ ടീവീ യിലെ പ്രോഗ്രാമിനെ കുറിച്ച് ഓർക്കുകയും നമസ്കാരം പകുതി പഴിയിൽ ഉപേക്ഷിച്ചു ടീവീ കാണാൻ പോകുകയും ചെയ്തു .. പ്രോഗ്രാം കഴിഞ്ഞു നിസ്കരിക്കാൻ വന്നപ്പോൾ കണ്ട കാഴ്ച .. "സുബ്ഹാനല്ലാഹ്" അത്ഭുതം എന്ന് പറയട്ടെ അവൾ നിസ്കരിക്കാൻ ഉപയോഗിച്ച മുസല്ല എഴുന്നേറ്റ് നിസ്കരിക്കുന്നു....!! എന്നിട്ട് ഒരു ഉപദേശവും ഈ വീഡിയോ എല്ലാവരും കാണുക ....!!

ഫോട്ടോഷോപ്പിനെ കുറിച്ച് ചെറിയ പരിജ്ഞാനമുള്ള ആര്ക്കും ഉണ്ടാക്കാം ഇത് പോലുള്ള വീഡിയോകൾ ...!!

എവിടെ നിന്നാണ് ഇത്തരം വീഡിയോകളുടെ ഉറവിടം? എന്താണ് അവരുടെ ഉദ്ദേശം? മതത്തിലെ യഥാർത്ഥ വിശ്വാസത്തെ ബലഹീന പെടുത്താൻ ആരോ പടച്ചുണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെ അറിഞ്ഞും അറിയാതെയും നമ്മളും കുറ്റക്കാരാവുകയാണ് ചെയ്യുന്നത്.. അതല്ലേ സത്യം...!!

ഇതുവരെയായിട്ടും നേരം വെളുക്കാത്ത കുറെയാളുകൾ ഇസ്ലാമിനെ ശിലായുഗത്തിലേക്ക്‌ വലിച്ചു കൊണ്ട് പോകുന്നത് കാണുമ്പോൾ ശരിക്കും സഹതാപം തോന്നുകയാണ് ....കഷ്ടം തന്നെ ...!!

എന്റെ "തോന്ന്യാച്ചരങ്ങൾ"
നമ്മുടെ നിലവാരം:
നിലവാരമില്ലാത്ത മരുന്നുകൾ
നിലവാരമില്ലാത്ത പച്ചക്കറികൾ
നിലവാരമില്ലാത്ത മത്സ്യങ്ങൾ
നിലവാരമില്ലാത്ത ഭക്ഷണ സാധങ്ങൾ
നിലവാരമില്ലാത്ത ഹോട്ടലുകൾ
നിലവാരമില്ലാത്ത തട്ടുകടകൾ
നിലവാരമില്ലാത്ത കൂൾ ബാറുകൾ
നിലവാരമില്ലാത്ത ആശുപത്രികൾ
നിലവാരമില്ലാത്ത സ്കൂളുകൾ
നിലവാരമില്ലാത്ത അംഗനവാടികൾ
നിലവാരമില്ലാത്ത പാഠപുസ്തകങ്ങൾ
നിലവാരമില്ലാത്ത പൊതു കക്കൂസുകൾ
നാട്ടിൽ എമ്പാടും ...!!
പക്ഷെ അതൊന്നും ആർക്കും ഒരു വിഷയമേ അല്ല.

അതൊന്നും ചർച്ച ചെയ്യാതെ,
നിലവാരമില്ലാത്ത മാധ്യമപ്രവര്‍ത്തകരും
നിലവാരമില്ലാത്ത പത്രങ്ങളും
നിലവാരമില്ലാത്ത ചാനലുകളും.

അന്തി ചർച്ചക്ക് വരുന്ന കുറെ,
നിലവാരമില്ലാത്ത നേതാക്കളും...!!

എല്ലാവരും സംസാരിക്കുന്നത് ഒരു വിഷയം മാത്രം.
നിലവാരമില്ലാത്ത ബാറുകൾ....!!

ഇതാണ് നമ്മുടെ ഇപ്പോഴത്തെ "നിലവാരം" 


ഹാജ്യാരും ഭാര്യയും 
ഹാജ്യാരും ഭാര്യയും എന്നും വീട്ടിൽ കശപിശ , ഒരു ദിവസം കശപിശ മുറുകി കയ്യാംകളിയിൽ എത്തി കാര്യങ്ങൾ, അവസാനം കലികയറിയ ഹാജ്യാർ സ്വന്തം വീടിനു തീവെച്ചു. തീ പടരുന്നത്‌ കണ്ട അയൽവാസികളിൽ പെട്ട ഒരാൾ പോലീസിനെ വിവരം അറിയിച്ചു, കുതിച്ചെത്തിയ പോലീസ് ഹാജ്യാരെ അറസ്റ്റ് ചെയ്തുകൊണ്ട് പോയി
ഹാജ്യാർ പോലീസ് സ്റ്റേഷനിൽ ...
പോലീസ് ചോദ്യം ചോദിക്കാൻ തുടങ്ങി : എന്തിനാ ഹാജ്യാരേ വീടിന്‌ തീവെച്ചത്‌?
ഹാജ്യാർ യാതൊരു പേടിയും കൂടാതെ പറഞ്ഞു: അതൊരു ചോദ്യല്ല എന്റെ സാറേ.
ഉത്തരം കേട്ട പോലിസ് : പിന്നെ ഏതാണ് ചോദ്യം?
ഞമ്മളെ പൊര എന്തിനാ ഉണ്ടാക്കിയതെന്ന് ചോദിക്ക്?
പോലിസ് : ശരി എന്തിനാ വീട്‌ ഉണ്ടാക്കിയത്‌?
ഹാജ്യാർ ഉടനെ പറഞ്ഞു: ഞമ്മക്ക്‌ തീ ബെക്കാന്‍......!!

(കടപാട്: എന്നോട് കഥ പറഞ്ഞ കൂട്ടുക്കാരന്) മദ്യം
ഇന്നലെ മദ്യത്തിനെ കുറിച്ച് ഒരു പോസ്റ്റ്‌ കുറിച്ചപ്പോൾ കുറെയാളുകൾ ഇൻബോക്സിൽ മെസ്സേജുകൾ അയച്ചു . മദ്യപിക്കുന്നതും മദ്യപികാതിരിക്കുന്നതും അവരുടെ ഇഷ്ടമാണത്രെ അതിൽ നിങ്ങൾക്ക് എന്ത് ചേതം എന്ന ചോദ്യവും ..!!
ഒരാൾ അയാളുടെ സന്തോഷത്തിനു വേണ്ടിയാണത്രേ മദ്യപിക്കുനത്, ചിലപ്പോൾ ദുഃഖം മറക്കാനും....!!

ഈ കാണുന്ന ചിത്രങ്ങളൊന്നും സന്തോഷം തരുന്ന കാഴ്ചകളാവാൻ തരമില്ല.. ലഹരി ഉപയോകിച്ച് തെരുവിൽ മയങ്ങുന്നവർക്ക് നാണമില്ലെങ്കിലും അവന്റെ കുടുംബത്തിനെങ്കിലും ഉണ്ടാകുമല്ലോ നാണവും മാനവും ....!!

ലഹരി വിമുക്ത കേരളം അതായിരിക്കട്ടെ നമ്മുടെ സ്വപ്നവും ലക്ഷ്യവും .. !!.
അതില്‍ നമ്മുക്ക് എല്ലാർക്കും പങ്കു ചേരാം, സ്വയം മദ്യം ഒഴിവാക്കാം, ആര്‍ക്കും വാങ്ങി കൊടുക്കാതിരിക്കാം, മദ്യവിമുക്ത പ്രയത്നത്തില്‍ പങ്കാളിയാവാം ....!!

*** ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ആകെ മദ്യത്തിന്റെ മുപ്പതു ശതമാനവും കുടിച്ചു തീര്‍ക്കുന്നത് വെറും മൂന്ന് ശതമാനം മാത്രമുള്ള മലയാളികള്‍ ആണത്രേ..തൊഴിലാളി ദിനം
തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന്‌ മുമ്പ് നിങ്ങൾ അവന്റെ കൂലി നല്കുക : മുഹമദ് നബി (സ)

മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനമത്രെ ...അങ്ങനെയെങ്കിൽ ഇന്ന് ഒരു തൊഴിലാളി ദിനം കൂടി കടന്ന് പോകുകയാണ് .. എന്തൊക്കെ പേരിൽ ദിവസങ്ങൾ ഉണ്ടെങ്കിലും പീഡനങ്ങള്‍ക്ക് എവിടെയും ഒരു കുറവും ഇല്ല എന്നതാണ് സത്യം. ലോകത്ത് ഒരു പക്ഷേ ഏറ്റവും കൂടുതല്‍ തൊഴില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ ഗൾഫിലെ പ്രവാസികളാണെന്നാണ് എന്റെ പക്ഷം. ഇവിടെ പതിനാറും പതിനെട്ടും മണിക്കൂറുമൊക്കെ പണിയെടുത്ത്, മാസത്തില്‍ പോലും ഒരു ലീവ് ലഭിക്കാതെ, തുച്ചമായ ശമ്പളത്തിന് വേണ്ടി കഷ്ടപ്പെടുന്ന വീടുകളിലെയും ഗ്രോസറികളിലെയും ഹോട്ടലിലെയുമെല്ലാം പാവപ്പെട്ട എത്രയോ തൊഴിലാളികളുണ്ട് അതില്‍ ഏറിയ പങ്കും നമ്മുടെ നാട്ടുക്കാർ. മാസങ്ങളോളം ശമ്പളം കൊടുക്കാതെ ഈ പാവങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ കൂടുതലും മലയാളീ മുതലാളിമാർ തന്നെ. വീട്ടു ജോലിക്കാരുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്.. അവരുടെ കഷ്ടപാടുകൾ പറയുന്നത് കേട്ടാല്‍ വിഷമം തോന്നും.

അദ്ധ്വാനത്തിന്‍റെ മഹത്വം വിളിച്ചോതുന്ന പ്രവാചക വചനം ഈ മുതലാളിമാരുടെ കണ്ണ്‌ തുറപ്പിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു...!!
 മുസ്ലിംകൾ പാകിസ്ഥാനിലേക്ക് പോകണോ?
മുസ്ലിംകൾ പാകിസ്ഥാനിലേക്ക് പോകണമെന്നും ഹിന്ദുക്കളുടെ സ്ഥലങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ തുരത്തണമെന്നും പറയുന്നവർക്ക് ഇന്ത്യൻ മുസ്ലിംകളെ കുറിച്ചോ ഇന്ത്യന്‍ സ്വതന്ത്ര സമരത്തെ കുറിച്ചോ ഒരു ചുക്കും അറിയില്ലായെന്ന് പറയേണ്ടി വരും , അവരിത് പറയണമെങ്കില്‍ മുസ്ലിംകളുടെ ത്യാഗ സ്മരണകള്‍ കണ്ടില്ലെന്ന് നടിക്കേണ്ടി വരും, മൌലാന മുഹമ്മദ്‌ അലി, മൌലാന ഷൌകത്തലി, റഹമത്തുള്ള സായാനി, മൌലാന അബുല്‍ കലാം ആസാദ്, ടിപ്പു സുല്‍ത്താന്‍, ഹാകിം അജ്മല്‍ ഖാന്‍, സയ്യദ് ഹസന്‍ ഇമാം, മുഖ്താര്‍ അഹമദ് അന്‍സാരി, നവാബ് സയദ് ബഹദൂര്‍, സര്‍ സയദ് അഹമദ് ഖാന്‍, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ അതുപോലെ എന്തങ്കിലും കേട്ടാല്‍ അങ്ങ് വാളെടുക്കുന്ന കേരളത്തിലെ പിന്തിരിപ്പന്മാര്‍ ഓര്‍മ്മിക്കാന്‍ ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി , കുഞ്ഞാലി മരക്കാര്‍, മമ്പുറം തങ്ങള്‍, മൊയിതു മൌലവി, വക്കം മൌലവി, അബ്ദുറഹിമാന്‍ സാഹിബ്‌, ചെറുപ്പത്തിലെ രക്ത സാക്ഷിയായ വക്കം ഖാദര്‍ ...ഇവരുടെ യൊക്കെ ചരിത്രങ്ങൾ ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും. ഇവരുടെ ചരിത്രം അറിയണമെങ്കില്‍ ബ്രിട്ടീഷ്‌ കൂലി എഴുത്തുക്കാരുടെയും മുസ്ലിം വിരുദ്ധരുടെയും പുസ്തകങ്ങള്‍ വായിച്ചത്‌ കൊണ്ട് പ്രയോജനം ഉണ്ടാവുകയുമില്ല.. സത്യത്തോട് കൂറ് കാട്ടിയ യഥാര്‍ത്ഥ ഇന്ത്യന്‍ ചരിത്രക്കാരന്മാരുടെ രചനകള്‍ വായിച്ചു മനസിലാക്കുക... !!

മതേതര-ജനാധിപത്യ ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസവും ആശയവും അനുസരിച്ച് ജീവിതം നയിക്കുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. തൊഗാഡിയയെ പോലെയുള്ള തീവ്രവാദികൾ മുസ്ലിംകൾക്കെതിരെ വിഷം തുപ്പുമ്പോൾ ഭരണകൂടം കയ്യും കെട്ടി നോക്കി നില്ക്കാതെ പിടിച്ചു തുറുങ്കിലടക്കുകയാണ് ചെയ്യേണ്ടത്.
 "തൊഗാഡിയ"

ഞങ്ങളുടെ നാട്ടിൽ ഒരു പട്ടരുണ്ട് പേര് "വാസുദേവ്" പാവത്തിന് ഭ്രാന്താണ് ആളുകളെ കാണുമ്പോൾ "നായിന്റാ മോൻ" എന്ന് ഉറക്കെ വിളിച്ചു പറയും അതെ പോലെയാണ് ഈ തൊഗാഡിയയും മുസ്ലിംകളെ കാണുമ്പോൾ "പാക്കിസ്ഥാൻ" എന്ന് ഉറക്കെ വിളിച്ചു പറയും.

ഇന്നലെ കേരളത്തിൽ വന്നു തൊഗാഡിയ വിളിച്ചു പറഞ്ഞത് ഇങ്ങനെ: "മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ് ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണമെന്നും".

മുസ്ലിം ലീഗ് അല്ലെങ്കിൽ മറ്റു ഏതെങ്കിലും സംഘടന കേരള മുസ്ലിംകൾക്ക് വേറെ സംസ്ഥാനം വേണമെന്ന് പറഞ്ഞിട്ടുള്ളതായി നമ്മുടെ അറിവിലില്ല, നമ്മൾ കേൾക്കാത്ത ചിന്തിക്കാത്ത ഒരു കാര്യം തൊഗാഡിയയ്ക്ക് എവിടെ നിന്നും കിട്ടി .. അതാണ്‌ ഞാൻ മുമ്പേ പറഞ്ഞ "വാസുദേവ് പട്ടർ " അയാൾക്കും അങ്ങനെയാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞതായി തോന്നും അയാളെ ഉടനെ ചീത്ത പറയുകയും ചെയ്യും .. നട്ട പിരാന്ത് അല്ലാതെന്ത്..?

ഇങ്ങു കേരളത്തിലെ മുസ്ലിംകളെ രാജ്യ സ്നേഹം പഠിപ്പിക്കാൻ വടക്കേ ഇന്ത്യയിൽ നിന്നുള്ള "വർഗീയ വാദി തൊഗാഡിയയെ" കേരളത്തിലെ മുസ്ലിംകൾക്ക് ഇപ്പോൾ ആവിശ്യമില്ല .. അവർ രാജ്യ സ്നേഹം പഠിച്ചത് ഉമര്‍ ഖാളി, ആലി മുസ്ലിയാര്‍, വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി , കുഞ്ഞാലി മരക്കാര്‍, മമ്പുറം തങ്ങള്‍, മൊയിതു മൌലവി, വക്കം മൌലവി, അബ്ദുറഹിമാന്‍ സാഹിബ്‌, ചെറുപ്പത്തിലെ രക്ത സാക്ഷിയായ വക്കം ഖാദര്‍ എന്നീ മഹാന്മാരിലൂടെയാണ്.

അങ്ങ് വടക്കേ ഇന്ത്യയിൽ നടത്തുന്ന "മത ഭ്രാന്ത്" ഇങ്ങു മതേതര കേരളത്തിൽ വില പോകുകയില്ലായെന്ന് ഇയാളെ പോലെയുള്ള മുഴുത്ത തീവ്രവാദികളെ ആനയിച്ചു കൊണ്ട് വരുന്നവരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ..!! 

 

Dec 23, 2013

പിതാവിന്റെ വേദനകൾ

പിതാവിന്റെ വേദനകൾഒരു പിതാവിന്റെ വേദന ..
പിതാവിന് മാത്രമേ അറിയുകയുളൂ ..

ഒരു പിതാവ് കുടുംബത്തെ  ചുമക്കാൻ ..
ചുമട് തലയിലേറ്റി കഷ്ടപെടുന്നു ..

ഒരു പിതാവ് ..
കുടുംബത്തിനു വേണ്ടി ..
മീൻ  കുട്ടയുമായി ..
നാടാകെ സൈക്കിളിൽ...
വീട് വീടാന്തരം ..
കയറി ഇറങ്ങി നടക്കുന്നു..

ഒരു പിതാവ് ..
കഷ്ടപാടുകൾ ..
തന്റെ മക്കൾക്ക് ..
ആര്ക്ക് മുമ്പിലും ...
തുറന്നു പറയാതെ ..
ചിരിക്കുന്ന മുഖവുമായി...
വീട്ടിലേക്കു കടന്നു വരുന്നു...

ഒരു പിതാവ് ..
മക്കളുടെ ...
പഠനത്തിന് ..
കല്യാണത്തിന് ...
അതുമല്ലെങ്കിൽ ..
നല്ലൊരു ജീവിതത്തിനു വേണ്ടി...
പലിശ പണത്തിനായി ..
കടം ചോദിച്ചു കൊണ്ട് ...
തെരുവിലൂടെ തെണ്ടി തിരിയുന്നു..

ഒരു പിതാവ് ..
കുടുംബത്തെ  ...
തുണികടകളിലും..
സ്വർണ കടകളിലും ...
കയറാൻ പറഞ്ഞിട്ട് ...
ചില്ലി കാശിനു വേണ്ടി ..
വണ്ടിക്കാരനോട്  തർക്കിക്കുന്നു...

ഒരു പിതാവ് ..
കടക്കാരെ പേടിച്ചു ...
തെരുവ് ചുറ്റി...
സമയം തെറ്റി ..
വിശപ്പോടെ ...
വീട്ടിലേക്കു തിരിച്ചു വരുന്നു...

ഒരു പിതാവ് ..
കുടുംബത്തെ പോറ്റാൻ ..
നാട് വിട്ട് ..
കുടുംബത്തെ വിട്ടു ..
മക്കളെ തനിച്ചാക്കി ..
വികാരം അടക്കി വെച്ച്,,,
വിരഹ വേദനയാൽ ..
പ്രവാസിയാകുന്നു...

ദു:ഖത്തിൽ കരയാതെ  ...
പരീക്ഷണങ്ങളിൽ തളരാതെ ..
നിലക്കാത്ത ജീവിത യാത്രയിൽ...
എല്ലാം മറക്കുന്നവരാണ്..
പിതാക്കൾ ...

വെറും പാവങ്ങളാണ് പിതാക്കൾ ..

ഒരു പിതാവിന്റെ വേദന ...
പിതാവിന് മാത്രമേ തിരിച്ചറിയൂ ..


ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ


May 30, 2013

പെട്ടികൾ എല്ലാം പൂട്ടി .. വിമാനം എന്നെയും കയറ്റി .....

 പെട്ടികൾ എല്ലാം പൂട്ടി ..  വിമാനം എന്നെയും കയറ്റി...

 

പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ...
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന  യാത്രാ.. ... (2)

പാസ്പോർട്ടിൻ  താളുകൾ നോക്കി..
മുമ്പത്തെ യാത്രകൾ ഓർത്ത് ... .... (2)

നാട്ടിലേക്കുള്ളോരു പോക്ക്..
മനസ്സിൽ ഞാൻ  ഓര്‍ത്തൊന്ന് നോക്കി
അത്തറ് പൂശിയ  നാട്ടിൽ....
ഇനി ഞാനെന്ത് തേച്ചു നടക്കും..
നാട്ടാരെ മടുപ്പിച്ച ഞാന് ...
എങ്ങനെ ജീവിക്കും റബ്ബേ .....(2)

ഞാനും  ഒരുന്നാള്‍ മടങ്ങും ..
ഞാനന്ന് ഓര്ത്തില്ല സത്യം .. .
ഗൾഫിൽ സഹിച്ചൊരു കഷ്ടം
വീട്ടാർക്ക് അറിഞ്ഞില്ല നഷ്ടം  ..
നാട്ടീലെ കാര്യങ്ങൾ ഓർത്ത്‌ ..
കുബൂസ് വെള്ളത്തിൽ മുക്കീ .... (2)

മന്ത്രി മാരൊക്കെ എവിടെ
എന്റെ നേതാക്കളൊക്കെ എവിടെ ..
സന്തോഷ കാലത്ത് വന്നു
പിരിവൊക്കെ നടത്തി ഇവര്
പണിയൊന്നും ഇല്ലെങ്കിൽ പിന്നെ ..
ആരുണ്ട് കൂട്ടിന് ഇവിടെ.... (2)

ശുർത്തയും  മുതവ്വ  വന്നു
വൈനക്ക് ബത്താക്ക എന്ന്... 
ഇക്കാമയില്ലെങ്കില്‍ പിന്നേ...
ഇർക്കവ്വ്  സയ്യാറ എന്ന്....

പെട്ടികൾ എല്ലാം പൂട്ടി ..
വിമാനം എന്നെയും കയറ്റി ....
ഉടനെ യുണ്ടൊരു യാത്രാ..
ആകെ വിഷമത്തിലാക്കുന്ന  യാത്രാ.. (2)


ഷുക്കൂർ  കിളിയന്തിരിക്കാൽ 

Feb 2, 2013

പെണ്ണ്‍ ....


പെണ്ണ്‍ ....
ഒട്ടിപിടിക്കുന്ന ഒന്നില്‍ നിന്നാണത്രേ...
എന്റെ ജീവന്റെ തുടക്കം....
അത്,
പിതാവില്‍ നിന്നും തെറിച്ചു വീണതോ ....
മാതാവിന്റെ ഗര്‍ഭ പാത്രത്തിലേക്ക് ....

ഒരു രാത്രിയില്‍ മാതാവ്....
പിതാവിന്റെ ചെവിയില്‍ മന്ത്രിച്ചു...
നമ്മുക്കൊരു കുട്ടി പിറക്കാന്‍ പോകുന്നു...
അന്ന് രാത്രിയും...
തുടര്‍ന്നുള്ള ദിനരാത്രങ്ങളും 
അവര്‍ക്ക്  ...
വളരെ സന്തോഷകരമായിരുന്നു..
എനിക്കും അതുപോലെ തന്നെ.

എന്നിലെ ജീവന്റെ തുടിപ്പ് ...
പയ്യെ, 
ഞാന്‍ മനസ്സിലാക്കി   തുടങ്ങി ...
കൂടെ...
കൈ കാലുകളുടെ വളര്‍ച്ചയും....
ഇപ്പോള്‍ എനിക്കുണ്ട് ...
കണ്ണുകള്‍, മൂക്ക്, ചെവി.... വയറ്,
അങ്ങനെ പലതും.

ഒരു ദിവസം...
മാതാപിതാക്കള്‍ ....
പരസ്പരം സംസാരിക്കുനത് ഞാന്‍ ശ്രദ്ധിച്ചു.
ഏതോ സ്കാനിനെകുറിച്ചാണത്... 

അവരെന്നെ..
"അല്ട്ട്ര സ്കാനിന്" 
വിധേയരാക്കി.....
പിതാവാണെന്ന് തോന്നുന്നു ...
ഉറക്കെ ചോദിച്ചതായി  തോന്നി...

ആണോ അതോ  പെണ്ണോ?

മറുപടി തെല്ലു വിഷമത്തോടെ ...
"പെണ്ണ്..."

എവിടെ നിന്നോ 
പെട്ടന്നൊരലര്‍ച്ച ...
കൊന്നേക്ക് ...

ഞാന്‍ പെണ്ണാണത്രേ ..
അവര്‍ക്ക് വേണ്ടിയിരുന്നത് ... 
അവര്‍ ആഗ്രഹിച്ചത്‌............
എന്റെ പിറവിയല്ലായിരുന്നു 

ഞാന്‍ കൊല്ലപെട്ടു...
എന്നെ കൊന്നതോ....
എന്റെ മാതാ പിതാക്കള്‍ ...
കാരണം .....
ഞാന്‍ പെണ്ണാണ്...

എല്ലാരും പറയുന്നു....
അമ്മയെ സ്നേഹിക്കണം ...
പെങ്ങളെ സ്നേഹിക്കണം ...
ഭാര്യയെ സ്നേഹിക്കണം ....

പെണ്‍ കുട്ടികള്‍ ജനിക്കാത്ത ....
ലോകത്ത് ...
നിങ്ങളാരെ സ്നേഹിക്കും 


ഷുക്കൂര്‍  കിളിയന്തിരിക്കാല്‍ 

Dec 9, 2012

മഅദനി: മനുഷ്യാവകാശം ആര് സംരക്ഷിക്കും?

മഅദനി: മനുഷ്യാവകാശം ആര് സംരക്ഷിക്കും? 
 
 
 
 
 
 
ഡിസംബര്‍ പത്ത്...
ലോക മനുഷ്യാവകാശ ദിനം ...
നമ്മുക്കും ഈ ദിനത്തില്‍ ..
പങ്കാളിയാവാം....
മനുഷ്യന്റെ അവകാശത്തിനു വേണ്ടി ശബ്ദിക്കാം ...
നീതിക്ക് വേണ്ടി പ്രയത്നിക്കാം ..
അധര്‍മ്മത്തിനെതിരെ പോരാടാം


പിറന്ന മണ്ണില്‍ ജീവിക്കാന്‍ ....
സ്ത്രീക്കും പുരുഷനും ...
വെളുത്തവനും കറുത്തവനും ..
പണക്കാരനും പാവപ്പെട്ടവനും ...
ഭരണാധികാരിക്കും പ്രജക്കും ..
ഒരേ അവകാശം ..


വ്യക്തിയുടെ അന്തസ്സ് ... സുരക്ഷ ..
ഉറപ്പാക്കേണ്ട ദിവസം..
അവന്റെ മതം ..
ജാതി... മതം ..വര്‍ഗ്ഗം .. രാഷ്ട്രീയം ..
അഭിപ്രായം എന്നിവയ്ക്ക് സംരക്ഷണം ..


ഹിന്ദുവിനും ക്രിസ്ത്യാനിക്കും ..
ജൂതനും .. മുസ്ലിമിനും ..
മതമുള്ളവനും ഇല്ലാത്തവനും ..
ജീവിക്കാന്‍ തുല്യ അവകാശം ...

പാര്‍പ്പിടം വസ്ത്രം ഭക്ഷണം ..
കുടുംബം എന്നിവയോട് കൂടി ..
ജീവിതം തുടരാനുള്ള മനുഷ്യന്റെ അവകാശം ..


ശൈശവം .. വാര്‍ദ്ധക്യം... വൈധവ്യം...
മറ്റു ശാരീരിക മാനസ്സിക ബലഹീനതകള്‍..
ഈ അവസ്ഥകളില്‍ ലഭിക്കേണ്ട സംരക്ഷണം..


നിയമത്തിനു മുമ്പില്‍ ...
ഭരണകൂടത്തിന്റെ മുമ്പില്‍..
ഒരാള്‍ക്ക് .. കിട്ടേണ്ട സംരക്ഷണം ..


കുറ്റവാളി എന്ന് തെളിയിക്കും വരെ ..
നിരപരാധിയായി പരിഗണിക്കപ്പെടാനുള്ള അവകാശം
ഒരു നിരപരാധിയെയും അന്യായ തടങ്കലില്‍ ....
പാര്‍പ്പിക്കില്ലെന്ന ഉറപ്പ് ....

ഇതാണത്രേ ...
മനുഷ്യാവകാശങ്ങളായി പരിഗണിക്കപ്പെട്ടത് ..

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ...
ഏതെങ്കിലും പ്രത്യക ദിവസങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട്
വകവെച്ചു കിട്ടുന്നതാണോ ഒരാളുടെ അവകാശം..


ഇത്തരം സംരക്ഷണം നില നില്‍ക്കെ തന്നെ..
ലോകത്തിന്റെ പല ഭാഗത്തും ..
വ്യക്തിയുടെ അന്തസ്സ് ....
കൂടെ വ്യക്തിത്വം നശിപിച്ചു കൊണ്ടിരിക്കുകയാണ്..


ലോക നിയമങ്ങള്‍ കാറ്റില്‍പ്പറത്തി...
സാമ്രാജ്യത്വം അവരുടെ വഴിക്ക് ലോകത്തെ നിയന്ത്രിക്കുന്നു ..
അമേരിക്ക നിരപരാധികളുടെ മേല്‍ ...
ഇറാക്കിലും അഫ്ഗാനിലും ...
ആയുധവര്‍ഷം നനടത്തുന്നു ..


കൂടെ,
നമ്മുടെ ഭാരതത്തില്‍ ..
ചിലരുടെ അന്തസ്സ് ഹനിക്കപെടുന്നു ...
നിരപരാധികള്‍ ജയിലില്‍ അടക്കപെടുന്നു
അന്യായ തടങ്കലില്‍ പാര്‍പ്പിക്കപെടുന്നു ..
ഒരു പാട് നിരപരാധികള്‍ .. ...
അതിലെ പ്രമുഖനത്രേ ..
അബ്ദുല്‍ നാസര്‍ മഅദനി...
മത പണ്ഡിതന്‍ ..
രാഷ്ട്രീയ നേതാവ് ...
അദ്ദേഹത്തിന്റെ അവകാശങ്ങള്‍ ...
ഹനിക്കാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടില്‍ അധികമായി ..
കൂടെ മഅദനിയുടെ ഭാര്യ.... കുട്ടികള്‍ ...
മാതാവ് പിതാവ് ...
ആശ്രയത്തില്‍ കഴിയുന്ന ..
അനാഥ കുട്ടികള്‍ ...
ഇവര്‍ക്കുമില്ലേ ... മറ്റുള്ളവരെ പോലെ
മനുഷ്യാവകാശം..കുറെ മുമ്പ് ...
ചെയ്യാത്ത കുറ്റത്തിന് ...
അന്യായമായി തടങ്കലില്‍ ..
ജാമ്യമോ പരോളോ ലഭിക്കാതെ ..
അടച്ചു പൂട്ടിയതോ പത്തു വര്‍ഷത്തോളം ..
അവസാനം നിരപരാധിയെന്ന് കോടതി വിധി ...
അപ്പോള്‍ അദ്ദേഹത്തിന് കിട്ടേണ്ട ...
മനുഷ്യാവകാശ സംരക്ഷണമോ..


വീണ്ടും ..
അതേപോലെ ..
ചെയ്യാത്ത കുറ്റത്തിന് തന്നെ..
അന്യായ തടങ്കല്‍ ...
രണ്ടു വര്ഷം കഴിഞ്ഞു ..
മൂന്നാം വര്‍ഷത്തിലേക്ക് ...


അപ്പോള്‍ അദ്ദേഹത്തിന്‍റെ ...
ജീവിക്കാനുള്ള അവകാശമോ ...
അദ്ദേഹവും ...
മജ്ജയും മാംസവും ഉള്ള ...
ഒരു സാധാരണം മനുഷ്യന്‍ ...
അദ്ദേഹത്തിനു ലഭിക്കേണ്ട ....
നീതിയും ... ന്യായവും ... അവകാശ സംരക്ഷണവും ..
എവിടെ നിന്നാണ് ലഭിക്കുക.അദ്ദേഹത്തിന്റെ കഷ്ടപാടുകള്‍ ..
പേറുന്ന രോഗങ്ങള്‍ ..
ഊതി കെടുത്തിയ കണ്ണിന്റെ കാഴ്ച ....
നഷ്ടപെട്ട യൌവനം ....
ഏതു ദിനത്തിലാണ് സംരക്ഷിക്കുക ...
അധികാരി വര്‍ഗ്ഗമേ ....
നീതി പീഠമേ ...
കണ്ണ് തുറക്കുമോ ... ഈ ദിനത്തിലെങ്കിലും ...
 
കാത്തിരിക്കാം പ്രതീക്ഷയോടെ ......

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

Nov 20, 2012

എന്റെ ഗാസേ... ക്ഷമിക്കുക ഈ പാവങ്ങളോട്..

എന്റെ ഗാസേ...
ക്ഷമിക്കുക ഈ പാവങ്ങളോട്..


എന്റെ ഗാസേ...
നിന്റെ മാറത്തു ഒഴുകിയ രക്തം ...
നിന്റെ മണ്ണില്‍ ഉറക്കെ കരയാനാവാതെ ....
വെന്തു മരിച്ച പിഞ്ചു കുട്ടികള്‍ ...
അമ്മമാരുടെ തേങ്ങലുകള്‍ ...
കഫന്‍ ചെയ്യാന്‍ പോലുമാകാതെ ....
ചുരുണ്ട് കിടക്കുന്ന
നിരപരാധികളുടെ ജനാസകള്‍ ...

ഓ ലോകമേ ....
ഒരു സമൂഹം മുഴുവന്‍ മരിച്ചു കൊണ്ടിരിക്കുന്നത്...
നിങ്ങള്‍ കാണുന്നില്ലേ?
ഉറക്കമാണോ ...
അതോ ഉറക്കം നടിക്കയാണോ?

ഗാസായിലെ പിഞ്ചു കുട്ടികള്‍ ..
വൃദ്ധ ജനങ്ങള്‍ ... സ്ത്രീകള്‍ ....
നിരപരാധികള്‍ ....ഈ ലോകത്ത് നിന്നും ഇല്ലാതാകുന്നത് ..
നിങ്ങളറിയുന്നില്ലേ?
ഒരു പാപവും ചെയ്യാത്ത ലോകത്തിന്റെ കാപട്യം അറിയാത്ത ..
പിഞ്ചു പൈതലിനെ ...
എന്ത്‌ പേരിലാണ്... അവര്‍ കൊലചെയ്യുന്നത്?


ഓ ലോകമേ ...
ഈ ദുരിതം .താങ്ങാന്‍
നമ്മുടെ ഹൃദയം കല്ലാണോ?
കരിങ്കല്ലാണോ?
ഓ ഇസ്രാഈല്‍ ഭരണകൂടമേ ......
പിഞ്ചു കുട്ടികളെയും സ്ത്രീകളേയും ..
ഏതു പാപത്തിന്റെ പേരിലാണ് ശിക്ഷിക്കുന്നത്...


തെമ്മാടി രാഷ്ട്രത്തെ...
പിന്തുണയ്ക്കുന്ന യാങ്കി സാമ്രാജ്യമേ...
നിങ്ങളുടെ മണ്ണിലാണ് ... ഇതെങ്കില്‍
നിങ്ങളുടെ കുട്ടികളാണ് .. ഇവരുടെ ഇരയെങ്കില്‍ ....
എന്തായിരിക്കും പ്രതികരണം ..
മിണ്ടാതിരിക്കുമോ ..........
മാനവികതയെ കുറിച്ച് മേനി നടിക്കുന്ന ..

സ്ത്രീ സ്വാതന്ത്രത്തെ കുറിച്ച് ഉറക്കെ വിളിച്ചു കൂവുന്ന..
മറ്റുള്ള രാഷ്ട്രങ്ങളുടെ കാര്യത്തില്‍ നാവു ചലിപ്പിക്കുന്ന ...
പടിഞ്ഞാറേ ...
എവിടെ പോയി .... മനുഷ്യത്വം.....
ആര്‍ക്കു വേണ്ടിയാണ് ...
നിങ്ങളുടെ മൗനം ..


സ്വന്തം നാട്ടില്‍ .... പ്രവാസിയായി ...
മറു നാട് തേടി പോകേണ്ട വിധിയുമായി ...
നാട് ചുറ്റെണ്ടി വന്ന ഒരു കൂട്ടം പച്ച മനുഷ്യര്‍


അത് കണ്ടു നില്‍ക്കാന്‍ ഒരു കൂട്ടം അറബികളും
സ്വന്തം നില മറന്നു... സംസ്കാരം മറന്നു...
ദൈവം ഭയം ഇല്ലാതെ .... ജീവിക്കുന്നവരെ...
നിങ്ങള്‍ ആരെയാണ് പിന്തുണക്കുന്നത് ...
നൂറ്റാണ്ട് മുമ്പ് .... നിങ്ങളെ വിട്ടേച്ചു പോയ...
നിങ്ങളുടെ മുന്‍ഗാമികളുടെ ധൈര്യം എവിടെ ...


ഉമറിന്റെ ഗര്‍ജ്ജനം...
അലിയുടെ വീര്യം
ഹംസയുടെ ആത്മ ധൈര്യം ...
രണ്ടാം ഉമറിന്റെ ഭരണ നൈപുണ്യം ..
സലാഹുദീന്‍ നല്‍കിയ ഊര്‍ജ്ജം....
എവിടെ പോയി?
 
ഏത്‌ മാളത്തിലാണ് നിങ്ങള്‍ ഒളിച്ചിരിക്കുന്നത്..
അവരുടെ വീര കൃത്യങ്ങള്‍
വെറും പുസ്തക താളുകളില്‍
വായിച്ചു തള്ളാനുള്ള ... ചരിത്രങ്ങള്‍ മാത്രമാണോ?
അവര്‍ നല്‍കിയ ഉശിര് കാണിക്കേണ്ട ...
സമയം അതിക്രമിച്ചില്ലേ?

നിങ്ങളുടെ അധികാരം ...
എണ്ണയുടെ പണം ...
പോരാടാന്‍ തയ്യാറായ സൈന്യം ...
ഇതൊക്കെ ഉണ്ടായിട്ടും .... വെറും ജഡമായി..
നോക്കി നില്‍ക്കയാണോ ...
നിങ്ങളോര്‍ക്കുക... ഇത് നശ്വരമാണെന്ന്
പരീക്ഷണങ്ങള്‍ ഇനിയും വരും...
അന്ന് വിരല്‍ കടിച്ചാല്‍ ....
ഇന്നത്തെ പരാജയം .....
അന്ന് ഓര്‍ക്കേണ്ടി വരും ....
അതാകും !!! അന്നത്തെ വിഷമം .


പല നാടില്‍ ചിതറി കിടന്ന ...
യഹൂദ സമൂഹം ...
അതി ബുദ്ധിയിലൂടെ ഫലമായി ..
അറേബ്യയുടെ ..
എന്തിനേറെ ലോകത്തിന്റെ..
അര്‍ബുദം ആയി ...
പടര്‍ന്നു പന്തലിക്കുന്നത്...
കാണാന്‍ വിധിച്ചവരാണോ ഈ കൂട്ടര്‍...
ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ പോലും ..
ധൈര്യമില്ലാത്ത വെറും ചണ്ടികളായി ...
മാറുകായാണോ. ..


ഒരു മതവും ..
ഒരു രാഷ്ട്രവും ... ചെയ്യാത്ത കൊടും ക്രൂരതയാണ് ...
ഇവിടം നടമാടുന്നത് ..
ലോകമേ ...
ഇത് സഹിക്കാന്‍ .. നമ്മുക്ക് കഴിയുമോ?


വീണ്ടും..
ഒരിക്കല്‍ കൂടി
എന്റെ ഗാസേ ...
ഞങ്ങള്‍ നിനക്ക് വേണ്ടി ...
വാക്കുകള്‍ മുഴക്കുന്നുണ്ട് ..
പക്ഷെ ചെന്ന് പതിയുന്നത് ...
ബധിര കര്‍ണ്ണങ്ങളിലാണ്...
ഇനി കരയാന്‍ ഞങ്ങളുടെ കണ്ണുകളില്‍ ...
ഒരു തുള്ളി പോലും കണ്ണ് നീര്‍ ബാക്കിയില്ല..
ക്ഷമിക്കുക.... ഈ പാവങ്ങളോട്..
 
 
ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

Sep 19, 2012

എന്‍റെ പ്രവാചകന്‍...

എന്‍റെ  പ്രവാചകന്‍...

പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ,
ചീഞ്ഞളിഞ്ഞ ഒട്ടകത്തിന്റെ  കുടല്‍ മാല  ..
ശത്രുക്കളാല്‍..
കഴുത്തിലേക്ക്‌ എറിയപെട്ടത്രേ ..
ഇതില്‍ ക്ഷുഭിതനാവാതെ..
നമസ്ക്കാരം കഴിഞ്ഞു
ശാന്തനായി ചിരിച്ചു കൊണ്ട് ..
 നടന്നു നീങ്ങിയ ...
എന്‍റെ  പ്രവാചകന്‍...

നടന്നു നീങ്ങുന്ന വഴിയില്‍,
മുള്ളുകളും കല്ലുകളും വിതറി....
തിരു ദൂതരെ കഷ്ടപെടുത്തിയ   ...
കൂടാതെ,
വഴിയിലൂടെ നടന്നു പോകുമ്പോള്‍
ശകാരം ചൊരിഞ്ഞിരുന്ന ..
ജൂത സ്ത്രീ ...
അവരെ ഒരു ദിവസം കാണാതായപ്പോള്‍ ...
പ്രവാചകന്‍ അനുചരന്‍മാരോട് അന്വേഷിച്ചുവെത്രേ  ...
എവിടെ  എന്‍റെ സഹോദരി .. കാണുന്നില്ലല്ലോ ..
അവര്‍ രോഗിയാണ് "റസൂലേ" ...
മറുപടി കേട്ടയുടനെ ...
അവരുടെ വീട്ടിലേക്ക്  ആ തിരുപാദം ചലിച്ചു..
കയറി വന്ന  പ്രവാചകനെ  കണ്ടയുടനെ ...
ആ സ്ത്രീ പൊട്ടി കരഞ്ഞത്രേ  ..
ഉടനെ ഉച്ചത്തില്‍  വിളിച്ചു പറഞ്ഞു ..
അള്ളാഹുവാണെ  സത്യം
ഇപ്പോള്‍,
എന്‍റെ മുമ്പില്‍ നില്‍ക്കുന്നത്..
പ്രവാചകന്‍ അല്ലാതെ മറ്റാരുമല്ല.
ശത്രുക്കളെ  പോലും സ്നേഹിച്ച ..
എന്‍റെ പ്രവാചകന്‍.


മറ്റൊരിക്കല്‍
പ്രായമായ ഒരു സ്ത്രീ ..
മക്കാ തെരുവിലൂടെ
തലയില്‍ വലിയൊരു  ഭാണ്ടവുമായി നടന്നു നീങ്ങുന്നു..
ദൂരെ നിന്നും ഇത് കാണേണ്ട താമസം
ഓടി വന്നു ദൈവ ദൂതന്‍..
അവരുടെ ഭാണ്ടാമെടുത്തു  തിരു തലയില്‍ ..
വഴിയെ സ്ത്രീ സംസാരം തുടങ്ങി ..
നാട്ടിലെ പുതിയ പ്രവാചക കഥകള്‍  ..
മുഹമദ് എന്നൊരാള്‍ നാട്ടില്‍ വന്നിട്ടുണ്ട് ..
കുഴപ്പം ഉണ്ടാക്കാന്‍ ..
അവന്‍റെ വലയിലോന്നും എന്‍റെ പൊന്നു മോന്‍ വീഴരുതെന്ന് ..
ഉപദേശിച്ച സ്ത്രീ ...
അവസാനം ഇതാണ് ഞാന്‍ തെറ്റിദ്ധരിച്ച ...
പ്രവാചകന്‍ എന്നറിഞ്ഞപ്പോള്‍ മനസ്സ് വിങ്ങിയ ..
സ്ത്രീയുടെ കണ്ണുനീര്‍ ..
അതാണത്രേ..
എന്‍റെ പ്രവാചകന്‍.

അതെ,
എന്റെ പ്രവാചകന്‍ ...
കാരുണ്യ കടലാണ് ..
സ്നേഹ നിധിയാണ്...
ക്ഷമിക്കുവാര്‍ മാത്രം  അറിയുന്നയാള്‍ ..
ലോകാനുഗ്രഹി..
അതാണ് ഞാന്‍ പഠിച്ച..
എന്‍റെ  പ്രവാചകന്‍ ...

നന്മ ചെയ്യാന്‍ കല്പിച്ചു...
തിന്മയെ വിരോധിച്ചു...
മതത്തില്‍ പാരുഷ്യം ഉണ്ടാക്കരുതെന്നു തന്‍റെ സമുദായത്തെ  ഉണര്‍ത്തി..
സഹ ജീവിയെ സ്നേഹിക്കാന്‍ ..
എത്ര കയ്പുള്ളതായാലും സത്യം പറയാന്‍ ..
രോഗിയെ  സന്ദര്‍ശിക്കാന്‍ ..
കരാറുകള്‍ പാലിക്കാന്‍...
പഠിപ്പിച്ചു.
എന്‍റെ പ്രവാചകന്‍..

കുടുംബ ബന്ധം വിഛേദിക്കുന്നതിനെ എതിര്‍ത്തതാരോ ..
വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് ..
വിശ്വാസത്തിന്റെ ഭാഗമണ് അറിയിച്ചതാരോ
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍
വയറു നിറച്ചു തിന്നുന്നവന്‍ എന്നില്‍ പെട്ടവനല്ലായെന്ന്
പറഞ്ഞതാരോ ..
പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്ന്..
ഏഷണി പരദൂഷണം പറയരുതെന്ന് ....
കല്പിച്ചതാരോ..
തൊഴിലാളികള്‍ക്ക്  വിയര്‍പ്പു ഉണങ്ങുന്നതിന് മുമ്പ് ..
അവന്‍റെ കൂലി കൊടുക്കണമെന്ന് ...
മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുകണമെന്ന്..
ഉണര്ത്തിയതാരോ ...
അതാണത്രേ ..
എന്റെ പ്രവാചകന്‍..  

അറബിക്കും അനറബിക്കും ..
കറുത്തവനും വെളുത്തവനും ...
പണക്കാരനും പാവപ്പെട്ടവനും ...
പണ്ഡിതനും പാമരനും
ഉയര്ന്നവനും താഴ്ന്നവനും...
അടിമക്കും ഉടമയ്ക്കും  കൂടെ സ്വതന്ത്രനും...
ഒരു വിത്യാസവുമില്ലെന്ന്  ലോകത്തിന്  ആദ്യമായി
കാട്ടിതന്ന..
എന്‍റെ പ്രവാചകന്‍ ..

കറുത്തവനായ ബിലാലിനെ ....
വെളുത്തവനായ സല്‍മാന്‍ ഫാരിസിയെ ..
അടിമയായ അമ്മാറിനെ  ..
ഉടമയായ അബൂബക്കറിനെ ..
ഒരു  പോലെ സ്നേഹിച്ചതാരോ....
എന്റെ പ്രവാചകന്‍ ..

നാട്ടുക്കാരാല്‍   "വിശ്വസ്തന്‍" എന്നര്‍ത്ഥമുള്ള ..
"അല്‍ അമീന്‍ "  എന്ന പേരില്‍ വിളിക്കപെട്ട ..
എന്‍റെ പ്രവാചകന്‍. 

പെണ്‍ കുഞ്ഞുങ്ങള്‍ അപമാനമായി കരുതി ..
ജനിച്ചയുടന്‍  ജീവനോടെ കുഴിച്ചുമൂടപ്പെട്ടുകൊണ്ടിരുന്ന ..
കാലഘട്ടത്തില്‍..
പെണ്‍ കുട്ടികള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ..
സൗകര്യമൊരുക്കി..
മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗ്ഗമെന്ന്..
ഉറക്കെ വിളിച്ചു പറഞ്ഞ..
എന്‍റെ പ്രവാചകന്‍. ..

മക്ക വിജയ ദിവസം
തന്നെയും അനുചരെയും ഉപദ്രവിച്ചവര്‍ക്ക് ..
നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍ക്ക് ..
മോചനം കൊടുത്ത...
എന്റെ പ്രവാചകന്‍...  

ഇനി,
ഒരു സല്‍മാന്‍ റുഷ്ദിയോ.... തസ്ലീമയോ  ...
സാം ബാസിലോ  .. ടെറി ജോണ്‍സിനോ
അലെന്‍ റോബര്‍ട്‌സോ
അല്ലെങ്കില്‍,
വേറെ,
ഏതെങ്കിലും ജൂതനോ..
അതുമല്ലെങ്കില്‍ ഒരു രാജ്യമോ...
സിനിമയിലൂടെ ..
കാര്‍ട്ടൂണിലൂടെ... നിന്ദിച്ചാല്‍...
തകരുന്നതല്ല എന്റെ പ്രവാചകന്റെ മഹത്വം..
തകരുകയുമില്ല...
ആ തേജസ്സു എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും
തീര്‍ച്ച...
കാരണം ഈ സമുദായത്തിന്റെ
ജീവ വായുവാണ്..
എന്‍റെ  പ്രവാചകന്‍ .


ഷുക്കൂര്‍ കിളിയന്തിരിക്കാല്‍  

Sep 12, 2012

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു സാക്ഷര കേരളം

എമെര്‍ജിംഗ്: പാട്ടത്തിനു നല്കാനൊരു  സാക്ഷര കേരളംനാട്ടില്‍ നല്ലൊരു   കര്‍ഷക കുടുംബം  ഉണ്ടായിരുന്നു കുറെ ഭൂ സ്വത്തിന്റെ ഉടമകള്‍, പിതാവ് മരിച്ചതിനു ശേഷം കുറച്ചു കാലം അവര്‍  കൂട്ടായി കൃഷി നടത്തിയിരുന്നു പിന്നെ  കുറെ കാലം കൃഷിയൊന്നും നടത്താതെയായി പണത്തിനു പഞ്ഞം വന്നപ്പോള്‍ സ്വത്തുക്കള്‍ പണയം വെക്കാനും പാട്ടത്തിനു കൊടുക്കാനും തുടങ്ങി അവസാനം  സ്വത്തുക്കള്‍ തോന്നിയ പോലെ വിറ്റു തുലച്ചു, അവരുടെ ഇപോഴത്തെ അവസ്ഥ വളരെ പരിതാപകരം. വാടക വീടുകളില്‍ താമസിക്കുന്നു.  അതില്‍  കുറച്ചു  പേര്‍ മക്കള്‍ ഗള്‍ഫില്‍ പോയി കഷ്ട്പെട്ടത്‌ കൊണ്ട് പട്ടിണി കൂടാതെ ജീവിക്കുന്നു.  


അത് അങ്ങനെയാണ് സ്വത്തുക്കള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ പണിയൊന്നും ചെയ്യാതെ പാട്ടത്തിനു കൊടുക്കാനും പണയം വെക്കാനും തുടങ്ങിയാല്‍ അവസാനം പട്ടിണിയില്‍ അവസാനിക്കും ജീവിതം. ഇത്  എന്‍റെ   നാട്ടിലെ ഒരു  കുടുംബത്തിന്റെ കഥയാണെങ്കില്‍ ഒരു നാടിന്റെ കഥയാണ്‌ ഇനി നമ്മള്‍ കേള്‍ക്കാന്‍ പോകുന്ന എമെര്‍ജിംഗ്. നാടിനെ തന്നെ പാട്ടത്തിനു കൊടുക്കാന്‍ ആ  നാട് ഭരിക്കുന്ന സര്‍ക്കാര്‍ തയ്യാറായി വന്നിരിക്കുന്നു ഇവിടെ ഇപ്പോള്‍.


ഒരു നാടിന്റെ സ്വകാര്യ അഹങ്കാരമാണ് അവിടെത്തെ  ഭൂ പ്രകൃതി, മണ്ണ്, കാട്, ജലം.  ഇതൊക്കെ   ദൈവം വേണ്ടുവോളം തന്നു അനുഗ്രഹിച്ച നാടാണ് നമ്മുടെ കേരളം, നമ്മള്‍ അതിനെ ദൈവത്തിന്റെ സ്വന്തം നാടാണെന്ന് മറ്റുള്ളവരോട്  പൊങ്ങച്ചം   പറയാറുമുണ്ട്.   പുഴകളായും, മരങ്ങളാലും, മലകളാലും,വയലുകളാലും  സ്വര്‍ഗ്ഗ തുല്യമായ  അനു ഗ്രഹിതമായ നമ്മുടെ നാടിനെ നരക തുല്യമാക്കി  മാറ്റാന്‍ ചിലയാളുകള്‍  തുനിഞ്ഞു ഇറങ്ങിയിരിക്കയാണെന്ന് തോന്നി പോകും ഇപ്പോഴത്തെ ചില  രാഷ്ട്രീയക്കാരുടെ   ആഗ്രഹങ്ങള്‍ കാണുമ്പോള്‍ . സ്വര്‍ഗ്ഗ തുല്യമായ ഒരു നാട്ടില്‍ മാലാഖമാരെ പോലെയുള്ളവര്‍ ജീവിക്കേണ്ടിടത്ത്   ചെകുത്താന്റെ മനസ്സുമായി മനുഷ്യര്‍ വസിച്ചാല്‍ സംഗതി എന്താകുമെന്നു നമ്മുക്ക് ഊഹിക്കവുന്നതെയുള്ളൂ .  നമ്മുടെ സംസ്ഥാനത്ത് ഈ വര്‍ഷം മുപ്പതു ശതമാനത്തിലധികം   മഴയുടെ കുറവുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപിക്കുനത് അത് എന്തു കൊണ്ട്  സംഭവിച്ചു   എന്ന് നമ്മളാരും ചിന്തിച്ചിട്ടില്ല "മരങ്ങള്‍ ഇല്ലാത്ത കടലില്‍ മഴയുണ്ടല്ലോ" എന്ന്‍ ചോദിച്ച നേതാക്കള്‍ ഉണ്ടായ നാട്ടില്‍ മറു ചിന്തയുടെ പ്രസക്തി ഇല്ലായെന്ന് നമ്മുക്ക് തന്നെ തോന്നികൊണ്ടിരിക്കുന്നു.     


ഏതൊരു നാട്ടിലും വികസനം ആവശ്യമാണ്, അത് പോലെ  തൊഴിലവസരങ്ങള്‍ അത്യാവശ്യമാണ് പക്ഷെ വികസനത്തിന്റെയും മറ്റും പേര് പറഞ്ഞു കൊണ്ട് ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് "സ്വന്തം അവിശ്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ സംസ്കാരം പണയപെടുത്തുകയാണ്" ദൈവത്തിന്റെ വരദാനമായ  പ്രകൃതിയെ കൊള്ളയടിക്കുകയും, അത് പോലെ സ്വന്തം സ്വത്തുക്കള്‍ കുത്തകകള്‍ക്ക് പണയം വെച്ചു കൊണ്ടുമാകരുത്  ഒരു നാടിന്റെ വികസനം.


"നമ്മുടെ വികസനം എങ്ങിനെ ആവാമെന്ന് ചിന്തിക്കാനുള്ള അധികാരം സര്‍ക്കാരിനു ഉള്ളത് പോലെ തന്നെ അത് ഇങ്ങിനെ ആവരുത്"  എന്ന് പറയാനുള്ള ധാര്‍മികമായ അവകാശം  ഇവിടത്തെ  നാട്ടുക്കാര്‍ക്കുമുണ്ട് . നാട്ടില്‍ എന്തെങ്കിലും വികസനം കൊണ്ട് വരാന്‍ ഏതെങ്കിലും ഭരണകൂടം ആഗ്രഹിക്കുന്നുവോ ആദ്യപടിയായി ആലോചികേണ്ടത് അവിടത്തെ പാവപെട്ടവന് അതിനെ കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇല്ലയോ എന്നാണ്, കൂടെ പ്രകൃതിക്ക് വല്ല കോട്ടവും തട്ടുന്നുണ്ടോ എന്നും. പ്രകൃതി സ്നേഹികള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ വികസന വിരോധികള്‍ എന്ന് വിളിച്ചു അക്ഷേപിക്കാതെ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവുകയും വേണം.


നമ്മുടെ നാടിന്റെ മാറ്റത്തിന് വേണ്ടിയുള്ള ഒരു വികസനമാതൃകയെന്നാണ്   ഇതിനെ കേരള സര്‍ക്കാര്‍  പറഞ്ഞു പരത്തി കൊണ്ടിരിക്കുന്നത് പക്ഷെ അതിന്റെ  ലക്ഷ്യമോ അതിന്റെ ഗുണമോ നാട്ടുക്കാര്‍ക്ക് മനസിലാക്കി  കൊടുക്കാന്‍  കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം . എമെര്‍ജിംഗിലൂടെ  പുറത്തു നിന്നും ധാരാളം വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്ന സര്‍ക്കാര്‍ നിക്ഷേപകരെ  എങ്ങിനെ ഇങ്ങോട്ടേക്കു കൊണ്ട് വരാമെന്ന്   പറയുന്നുമില്ല.  പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ പഴയ ജിം പുതിയ എമെര്‍ജിംഗ് ആണോ എന്ന് മാത്രമേ ഇനി അറിയേണ്ടതുളൂ.  പക്ഷെ "ജിം"ന്  കോണ്‍ഗ്രസിലോ ഭരണമുന്നണിയിലോ അന്ന് അത്ര വലിയ എതിര്‍പ്പ് ഉണ്ടായിരിന്നില്ല പക്ഷെ ഇന്ന് അങ്ങനെയല്ല സ്ഥിതി ശ്രീ.സുധീരന്‍ തുടങ്ങി പ്രകൃതിയെ സ്നേഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ ഈ നിലയില്‍ കേരളത്തെ "എമെര്‍ജിംഗ്" ചെയ്യുന്നതിനെ  ശക്തമായി എതിര്‍ക്കുന്നു.  യഥാര്‍ത്ഥത്തില്‍   നാട്ടുക്കാരെ മാത്രമല്ല സ്വന്തം പാര്‍ട്ടികളിലെ മുഴുവന്‍ പേരെ പോലും  കാര്യങ്ങള്‍ മനസ്സില്ലാക്കി കൊടുക്കാനും അവരെ വിശ്വാസത്തില്‍ എടുക്കാനും  ശ്രീ. ഉമ്മന്‍ ചാണ്ടിക്കോ ശ്രീ.കുഞ്ഞാലിക്കുട്ടിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.


പക്ഷെ ഇതില്‍ ഇടതു പക്ഷത്തിന്റെ  എതിര്‍പ്പ്  വെറും രാഷ്ട്രീയ പരമാണെന്ന് എല്ലാവര്ക്കും അറിയാം  പ്രതിപക്ഷത്തായിരിക്കുമ്പോള്‍  എതിര്‍ക്കുന്ന പല ജന വിരുദ്ധ പദ്ധതികളും അവര്‍  ഭരണത്തിലിരിക്കുമ്പോള്‍ കൊണ്ടുവരികയും അതിനെതിരെ സമരം ചെയ്യുന്ന പ്രകൃതി സ്നേഹികളെ  ക്രൂരമായി മര്‍ദിച്ചു സമര മുന്നേറ്റത്തെ ഇല്ലായ്മ ചെയ്യുന്ന കാഴ്ചകളാണ്  നമ്മള്‍ കാണാറുള്ളത്‌.
നാട്ടിലെ യുവാക്കളുടെ പിന്തുണയ്ക്ക്‌ വേണ്ടിയാണ് തൊഴിലവസരങ്ങള്‍ വേണ്ടുവോളം ഉണ്ടെന്നു    സര്‍ക്കാര്‍ വലിയ വായില്‍  പ്രചരിപ്പിക്കുന്നത്, പക്ഷെ നമ്മുടെ നാടിന്റെ പ്രകൃതിയും, മണ്ണും, വിണ്ണും, പെണ്ണും പാട്ടത്തിനു കോടുത്തു കൊണ്ടുള്ള ഒരു വികസന-തൊഴിലവസരങ്ങളും ഞങ്ങള്‍ക്കിവിടെ വേണ്ടായെന്ന്  പറയാനുള്ള  ആര്‍ജ്ജവം നമ്മുടെ യുവാക്കള്‍  കാണിക്കണം. ഇതിനെതിരെ പ്രതികരിക്കേണ്ടത്  "ഷണ്ഡത്വവും   സംകൂചിതത്വവും"  ബാധിചിട്ടില്ലാത്ത   നമ്മുടെ യുവതലമുറയാണ്. .. കാത്തിരിക്കാം പ്രതീക്ഷയോടെ.

അറിയേണ്ടത്: എമെര്‍ജിംഗ് കേരളക്ക് പഴയ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ വിളിച്ചോ ആവോ ........  ഷുക്കൂര്‍  കിളിയന്തിരിക്കാല്‍

Aug 27, 2012

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....എനിക്കും ചിലത് പറയാനുണ്ട്....

"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....
 എനിക്കും ചിലത് പറയാനുണ്ട്....വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മനാട്ടെ യു.പി സ്കൂളിലെ ഒരു ടീച്ചര്‍  തൊട്ടടുത്ത കടയില്‍ പോയി "ടംഗ് ക്ലീനര്‍" ഉണ്ടോ?.... ഇല്ലല്ലോ ടീച്ചറെ .... അതെന്താ അവിടെ തൂങ്ങുന്നത് ... ഇതാണോ ടീച്ചറെ" ....ഇംഗ്ലീഷില്‍ പറഞ്ഞ ടംഗ് ക്ലീനര്‍ എന്താണന്ന്  അറിയാത്ത കടക്കാരന്‍ ഉടനെ പറഞ്ഞു ടീച്ചര്‍ ചോദിച്ച സാധനം അവിടെ  ഇല്ലായെന്ന്  .... ടീച്ചര്‍ പറഞ്ഞത് മനസിലായില്ല എന്ന് അറിഞ്ഞാല്‍ നാണകേടല്ലേ

ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം മാധ്യമം വാരികയില്‍  എഴുതിയ  "കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരംഎന്ന ലേഖനം വായിച്ചപോള്‍ ഇതാണ് എനിക്ക് ഓര്മ വന്നത്.  ഒരു നാടിനെ കുറിച്ച്  എഴുതുമ്പോള്‍ എഴുത്തുക്കാരന്  ആ നാടിനെ കുറിച്ച് നല്ല സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കണം കൂടെ ആ നാടിനെ കുറിച്ച് നന്നായി മനസ്സിലാക്കണം അല്ലാതെ മുന്‍ വിധിയോടെ അതിനെ സമീപിക്കരുത്,   തോന്നിയത് വിളിച്ചു പറയുകയും പേന ഉന്തുകയുമല്ല  ചെയ്യേണ്ടത്... തനിക്കറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ എല്ലാം അറിയുന്നവനെ പോലെ നടിക്കുന്നത് ആപത്താണ്,  തന്‍റെ മനസ്സിലെ ഭാവനകള്‍ സത്യമാണെന്ന രൂപത്തില്‍ അപതരിപിക്കുകയും ചെയ്യരുത് ഒരെഴുത്തുക്കാരന്‍ നാടിന്റെ സ്പന്തനം അറിയാന്‍ ശ്രമിക്കുന്നത് എപ്പോഴും നല്ലതായിരിക്കുംഅത് സ്വന്തം നാടിനെ കുറിച്ച് എഴുതുമ്പോഴെങ്കിലും   ഇല്ലെങ്കില്‍ അര്‍ത്ഥമില്ലാതെ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവസാനം കണ്ടു നില്‍ക്കുന്നവര്‍ക്ക്  തന്‍റെ മുമ്പില്‍ തൂങ്ങി കിടക്കുന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരേണ്ടി വരിക തന്നെ ചെയ്യും. ടീച്ചര്‍   "ടണ്‍  ക്ലീനര്‍കാണിച്ചു   കൊടുത്തതു പോലെ.    

സപ്ത ഭാഷ  നാടായ  കാസറകോഡ് നന്നായി ഏതെങ്കിലും ഒരു ഭാഷ സംസാരിക്കുന്നവര്‍ കുറയും,   ശുദ്ധമായ മലയാളവും   കന്നടയുംതുളുവും,കൊങ്കണിയുംഉര്ദുവുംഎന്തിനേറെ ബേരി പോലും നന്നായി സംസാരിക്കാന്‍ കഴിവുള്ളവര്‍ ഈ നാട്ടില്‍ കുറയുംകാരണം നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല അതിന്റെ ആവിശ്യവും വന്നിട്ടില്ല , പക്ഷേ ഏത് ഭാഷ  സംസാരിച്ചാലും മറ്റുള്ളവരോട് മാന്യമായി ഇടപെടുന്ന മാന്യന്മാരാണ്  "കാസറകോടുകാര്‍", എല്ലാവരോടും തനിക്കറിയാവുന്ന  ഭാഷയില്‍ നന്നായി സംസാരിക്കുംസ്നേഹത്തിലുംഇടപെടലുകളിലുംസഹജീവികളോടുള്ള പെരുമാറ്റത്തിലും മറ്റും ഈ നാട്ടുക്കാരെ കവച്ചു വെക്കാന്‍ കേരളക്കരയില്‍ എന്നല്ല ലോകത്ത് തന്നെ വേറെ നാടില്ല. കാരണം പല നല്ല സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ്‌   കാസറഗോഡ്. .

സാധാരണ കാണുന്നതാണ് ജില്ലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വരും ചില കോണില്‍ നിന്നും ഉടനെ ഒരു കമന്റ്ഗള്‍ഫ്‌ പണത്തിന്റെ അതി പ്രസരം. എന്താണ് ഈ ഗള്‍ഫ്‌ പണം ... ആരാണ് അവിടെ നിന്ന് "വാരി കോരി" ഇങ്ങോട്ട്  കൊണ്ടു   വരുന്നത് കാസറകോട്  പ്രദേശത്തെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ ഗള്‍ഫ്‌ക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അവര്‍ അവിടെ നിന്നും എന്തു കുന്തം വാരി കൊണ്ട് വരാനാണ്രാത്രി പകല്‍ എന്നില്ലാതെ ഹോട്ടലുകളില്‍ ചായ പതച്ചും , പൊറോട്ട അടിച്ചുംഷവര്‍മ ചെത്തിയും 15-16  മണികൂറുകള്‍ ജോലി  ചെയ്താലുംപച്ചക്കറി മാര്‍ക്കെറ്റില്‍, സൂപ്പര്‍ മാര്‍ക്കെറ്റില്‍ മണികൂറുകള്‍ ജോലി ചെയ്താലുംകൂടെ അറബി വീട്ടില്‍ ദിവസം മുഴുവന്‍ ജോലി ചെയ്താലുംഅവസാനം കിട്ടുന്ന വേതനം വളരെ തുച്ചമായിരിക്കും ആ പണം കൊണ്ട് അവന്‍റെ മക്കള്‍ എന്തു "കണ കുണാ " കാണിക്കാനാണ് . പിന്നെ കുറച്ചു സമ്പന്നരെ എല്ലായിടത്തേയും പോലെ  നമ്മുക്ക് ഇവിടെയും കാണാം അവരും ഇതേപോലെ വളരെ മുമ്പേ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് സമ്പാദിച്ച്  ഉണ്ടാകിയത് തന്നെയാണ് അവരുടെ സമ്പത്തുംഹോട്ടലിലോ മറ്റോ എല്ലുമുറിയെ പണിയെടുത്തു  പിന്നെ സ്വന്തമായി ചെറിയ കഫറ്റെരിയബസ്തതുടങ്ങി ഘട്ടം ഘട്ടമായി മുകളിലേക്ക് എത്തിയവരാണ് അവരും.  വെറുതെ എന്തിനാ ഈ എഴുത്തുക്കാരും മറ്റും എന്തിനും ഏതിനും ഈ നാട്ടിലെ  പ്രവാസിയുടെ നേരെ കുതിര കയറാന്‍ ശ്രമിക്കുന്നത്.  

ചെയ്യുന്ന ജോലിയില്‍ വ്യക്തി മുദ്ര പതിപിച്ചവര്‍ കാസറകോടുകാര്‍, ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അത് ഗള്‍ഫില്‍ ആവട്ടെ നമ്മുടെ നാട്ടിലെ തന്നെ ബോംബെബാംഗ്ലൂര്‍ ആദ്യ കാലങ്ങളില്‍ അന്നം തേടി പോയ സിലോണ്‍ ഇവിടങ്ങളിലൊക്കെ ... തങ്ങളുടെ സംസ്ക്കാരം കൈ വിട്ട ഒരു കളിയിലും അവര്‍ എര്‍പെട്ടിട്ടില്ലകൂടെ ആരെയും ദ്രോഹിച്ചിട്ടില്ല അത് മതത്തിന്റെയോജാതിയുടെയോഭാഷയുടെ എന്തിനേറെ രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും ... അങ്ങനെയുള്ള  ചരിത്രങ്ങള്‍ ഈ നാട്ടുക്കാരുടെ പേരില്‍ എവിടേയും രേഖ പെടുത്തിയിട്ടില്ല.  ... പഴയ കാലത്ത് കുടുംബത്തിന്റെ കഷ്ടപാടിനു മുമ്പില്‍ പകച്ചു പോയ അവര്‍ ചെറുപത്തിലെ നാട് വിടേണ്ടി വന്നിട്ടുണ്ട് അത് കൊണ്ടായിരിക്കാം വിദ്യാഭ്യാസം മുന്‍ കാലങ്ങളില്‍ ചിലരില്‍ മാത്രം ഒതുങ്ങി പോയിരുന്നു ഇപ്പോള്‍ അങ്ങനെയല്ല  അവസ്ഥകള്‍ മാറി എല്ലാ വീട്ടിലും നല്ല വിദ്യാഭ്യാസമുള്ള  ഒരു പുതു തലമുറയെ കാണാന്‍ സാധിക്കും ... ആ തലമുറയ്ക്ക് എവിടെയാണ് "കച്ചറയുണ്ടാക്കാന്‍സമയം. 

പിന്നെ നാട്ടിലെ "ദുരാചാര ഗുണ്ടഗള്‍ക്ക്മാധ്യമങ്ങളും പോലീസും ചാര്‍ത്തിയ നല്ല പേരാണ് "സദാചാര പോലീസ്അവരുടെ പേക്കൂത്തുകള്‍ കാസറഗോഡ് ധാരാളം നടന്നു എന്ന് എഴുത്തുക്കാരന്‍ സമര്‍ത്ഥിക്കുന്നത് കണ്ടുശക്തമായി പ്രതികരിക്കേണ്ടത് തന്നെയാണ് ഈ തിന്മയെസര്‍ക്കാരുംകോടതിയുംപോലീസും ഉള്ള ഒരു നാട്ടില്‍ കുറെ ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് ആപല്‍കരമാണ്,  പക്ഷെ കേരളത്തിലെ പല ജില്ലകളില്‍  നടന്നതിന്റെ ഒരു  ചെറിയ ശതമാനം വാര്‍ത്തകള്‍ പോലും ഇവിടെ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല അതാണ്‌ യഥാര്‍ത്ഥ വസ്തുതഎന്തിനാ വെറുതെ ആരെയോ സഹായിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്നത്.

ഗള്‍ഫ്‌ക്കാരുടെ ഭാര്യയും കുട്ടികളും തനിച്ചു താമസിക്കുന്ന വീടുകളില്‍ രാത്രിയുടെ മറവില്‍ ഒളിഞ്ഞു നോക്കാനുംഅല്ലെങ്കില്‍ അവരെ വശീകരിച്ചു വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ആരെങ്കിലും വന്നു കഴിഞ്ഞാല്‍ അത് പോലിസ്സോ അല്ലെങ്കില്‍ മറ്റു വല്ലോരുമാണോ എന്ന് നോക്കി നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും  കൈ  കാര്യം ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ലമജ്ജയും മാംസവും ഉള്ള ഏത് മനുഷ്യരും ഇത് തന്നെ ചെയ്യും,  "സ്പോട്ടില്‍ "പിടിക്കപെട്ടാല്‍ അടി ഉറപായിരിക്കും അത് എവിടെയാണെങ്കിലും,  ഇതുപോലുള്ള സംഭവങ്ങള്‍ കാസര്‍കോട് മാത്രമല്ല നടക്കാറുള്ളതും നടന്നിട്ടുള്ളതും. അതിനെ പെരുപിച്ചു കാട്ടി നാട്ടില്‍ "സദാചാര പോലീസ്വിലസുന്നു എന്ന് പറയുന്നത് വളരെ മോശമായിരിക്കും.

അധ്യാപകരെ എന്നും സ്നേഹത്തോടെ നോക്കി കാണുന്നവരാണ് ഞങ്ങള്‍ , അവരിലെ മതമോ ജാതിയോ ആരും ഇതുവരെ നോക്കിയിട്ടില്ല ഇനി  നോക്കുകയുമില്ല. കുട്ടികളോട് സംസാരിച്ചത് കൊണ്ട് ഒരു അധ്യാപകന്‍ എവിടെയും ആക്രമിക്കപെട്ടതായി ഒരു വാര്‍ത്തയും ഈയുള്ളവന്റെ കണ്ണില്‍ പെട്ടിട്ടില്ല.. എന്‍റെ നാടായ ചെമ്മനാട് നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് ഹൈ സ്കൂളുകള്‍ ഉണ്ട് (ഒന്ന്  ചെമ്മനാട് ജമാ അത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്‌മന്റ്‌ സ്കൂള്‍ മറ്റേത് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂള്‍)  അതിലെ അധ്യാപകരും കുട്ടികളും  സ്നേഹത്തോടെ നടന്നു പോകുന്ന കാഴ്ചകള്‍  എപ്പോഴും കാണുന്നവനാണ് ഈയുള്ളവനും. 

  നാട്ടില്‍ ജോലി തേടി വരുന്ന "ഓഫീസ് ജീവനക്കാര്‍ മുതല്‍ ഹോട്ടല്‍ ജോലിക്കാര്‍"വരെ ആരായിരുന്നാലും പുറം നാട്ടുകാരോട് എന്നും സ്നേഹത്തോടെ വര്‍ത്തിക്കുന്നവരാണ് ഈ നാട്ടുക്കാര്‍. കാരണം പ്രവാസത്തിന്റെ വിരഹവും ദുഖവും കാസ്രോട്ടാര്‍ക്ക് നന്നായറിയാം ഗള്‍ഫിലുംഅതേപോലെ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ്‌ ഈ നാട്ടുക്കാരില്‍ ഭൂരിഭാഗവും എന്നത് തന്നെ അതിനു കാരണം. 

ഗള്‍ഫില്‍  വര്‍ഷങ്ങളായി  പ്രവാസ ജീവിതം നയിക്കുന്ന ഈയുള്ളവന് തെക്കന്‍ ജില്ലക്കാരായ നല്ല സുഹൃത്തുക്കള്‍ ധാരാളമുണ്ട് അവരൊക്കെ എന്‍റെ നാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂകാരണം അവരുടെ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഈ നാട്ടില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ടാകും അവര്‍ ഇവിടെ തന്നെ ഭൂമി വാങ്ങി വീട് കെട്ടി താമസിക്കുന്നു ... അവരൊക്കെ നാട്ടിലെ കുടുംബക്കരോടും മറ്റും ഈ ജില്ലയെ കുറിച്ച് വളരെ നല്ല വിഷയങ്ങളാണ് നല്‍കാറുള്ളത്നാടിന്‍റെ സംസ്ക്കാരം  ആതിഥ്യ മര്യാദപെരുമാറ്റം ഇതൊക്കെ ......മറു നാട്ടുക്കാര്‍ നമ്മുടെ നാടിന്റെ സംസ്ക്കാരത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ ... കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും  വര്‍ഷങ്ങളോളം ഇവിടത്തെ പത്ര പ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്യുന്ന  ശ്രീ.രവീന്ദ്രന് ഈ നാടിന്റെ ഹൃദയം തൊട്ടറിയാന്‍ സാധിക്കാത്തത് വളരെ കഷ്ടം തന്നെ...

കൂടെ കൂട്ടുകാരന്‍ മുജീബുള്ള കെ.വി പറഞ്ഞ ഒരു കഥ ഇവിടെ പ്രസക്തമാണ് , അവന്‍റെ ചെറുപ്പ കാലത്ത് പെരുന്നാളിന് അയല്‍ വാസിയായ പത്മാവതി ടീച്ചറുടെ വീട്ടിലേക്ക് മധുര പലഹാരങ്ങള്‍ കൊണ്ട് പോയി കൊടുക്കുകയും ആ സമയത്ത് ടീച്ചര്‍ അവര്‍ക്ക് അഞ്ചു രൂപ കൊടുക്കുമായിരുന്നത്രേ,  ഒരു പെരുന്നാള്‍ സമ്മാനം കാസറകോടുക്കാരുടെ ഭാഷയില്‍ "പെരുന്നാള്‍ പൈസ" . .. അതാണ് ഈ നാട്ടുകാര്‍ അയല്‍പക്കത്തെ കുട്ടികളെ മതം നോക്കാതെ  സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവര്‍, അങ്ങോട്ട്‌ തിരിച്ചും. 

കേരളത്തിലെ കോളേജ്കളെ അപേക്ഷിച്ച് ഏറ്റവും കുറവ്  റാഗിംഗ് നടക്കുന്നത് ഇവിടെയായിരിക്കുംരാഷ്ട്രീയ സംഘട്ടനം നടക്കുന്ന വാര്‍ത്തകളും കുറവ് ... എന്നിട്ടും ഈ കോളേജിനെ ചുറ്റി പറ്റി ആരോപണം ഉന്നയിക്കുമ്പോള്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ഥി  എന്ന നിലക്ക് അതിനെ എതിര്‍ക്കാതിരിക്കാന്‍ നിര്‍വാഹമില്ല... ഇനി അവിടെ സംഘട്ടനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് മതങ്ങളുടെ വരവില്‍ വെക്കാതെ അതിലെ രാഷ്ട്രീയം കാണുന്നതാണ്  ഉത്തമവും.

കേരളത്തില്‍ മറ്റുള്ള ജില്ലകളില്‍ നടക്കുന്നത്ര കുറ്റ കൃത്യങ്ങള്‍ കാസര്‍കോട്  നടക്കാറില്ലകൊലപാതകങ്ങളും കുറവാണ്എന്നിട്ടും കാസര്‍കോടിനെ  ഒരു ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ിലരുടെ താല്പര്യം കാണുമ്പോള്‍ .... അങ്ങോട്ട്‌ തിരിച്ചു പറയാതെ നിര്‍വാഹമില്ല.

കാസറകോട്‌ വര്‍ഗീയ വിഷം വിതക്കുന്നവര്‍ അറിയാന്‍ ... ഞാന്‍ കാസര്‍കോട്  ചെമ്മനാട് സ്വദേശി പരവനടുക്കം സ്കൂളില്‍ പഠിച്ചുകൂടെ   ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചത് ഗോപിയും രവിയും അനൂപും രാജേഷും .. എന്‍റെ അദ്ധ്യാപകര്‍  ശ്രീകണ്ഠന്‍    മാസ്റ്റര്‍, കുഞ്ഞമ്പു മാസ്റ്റര്‍ജോണ്‍ മാസ്റ്റര്‍ഗോമതി ടീച്ചര്‍ ഇവരൊക്കെയായിരുന്നു , അതുപോലെ എന്റെ നാട്ടില്‍ എനിക്ക് കുറെ നല്ല  മനുഷ്യരെ  അറിയാം  വര്‍ഗീയ വാദികളെ അറിയില്ലഎന്റെ വീട്ടില്‍ കൂലി പണിക്കു വന്നിരുന്നത് കുഞ്ഞിരാമേട്ടന്‍, തേങ്ങ പറിക്കാന്‍ വന്നിരുന്നത് കറുവനും ചന്ദ്രനും , ഞാന്‍ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നത് ബാജ്പെയ് മാധവേട്ടന്‍റെ കടയില്‍ നിന്നുംസ്കൂളില്‍ പോകുമ്പോള്‍ ചായ കുടിച്ചിരുന്നത്‌ ചന്തുട്ടിയുടെ ഹോട്ടലില്‍  നിന്നും, ഇവര്‍ക്കൊക്കെ ഓരോരോ ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നു ... കൂടെ എനിക്കും ... അതൊന്നും വര്‍ഗീയതയിലേക്ക് പോയിട്ടില്ല .... കാരണം മനുഷ്യരായിരുന്നു ഞങ്ങള്‍ ... കാസ്രോട്ടെ സാധാരണ മനുഷ്യര്‍.. അല്ലാതെ "ഊണിലും ചായയിലും ....... വര്‍ഗീയം കാട്ടുന്ന മനുഷ്യ മൃഗങ്ങള്‍ അല്ല".

ഷുക്കൂര്‍ കിളിയന്തിരിക്കല്‍ 


എഴുതാതെ പോയത്: ഞങ്ങളുടെ  വീട്ടില്‍ ജോലിക്ക് വന്നിരുന്ന കുഞ്ഞിരാമേട്ടനെ ഒരു പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ കാണാന്‍ സാധിച്ചു. വീട്ടിലേക്ക് ഞാന്‍  ക്ഷണിച്ചപോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ കരയിപിച്ചു "തന്‍റെ ഉപ്പ ഇല്ലാത്ത വീട്ടിലേക്ക് വരാന്‍ എനിക്ക് തോന്നുന്നില്ലടോ മനുഷ്യന്‍ മരിച്ചു എന്ന് കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ... അത്രക്കും അടുപ്പത്തിലായിരുന്നു ഉപ്പയും അയാളും തമ്മിലുള്ള ബന്ധം... അവസാനം പറഞ്ഞു മരിച്ചപോള്‍ പോലും ഞാന്‍ വന്നിട്ടില്ല കാരണം "ചലന ശേഷി ഇല്ലാത്ത "മൊയിചാന്റെശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല" ....

Aug 5, 2012

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... മഅദനിയുടെ മകന്‍

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.... 
മഅദനിയുടെ മകന്‍...

ഞാന്‍ സലാഹുദ്ധീന്‍ അയ്യൂബ്ബി.
കുരിശു യുദ്ധക്കാരെ വിറപ്പിച്ച..
സലാഹുദ്ധീന്‍ അയ്യൂബ്ബിയുടെ അതെ പേരുകാരന്‍ ...
കീഴാളനും പാവപ്പെട്ടവര്‍ക്കും വേണ്ടി
ശബ്ദമില്ലാത്തവരുടെ  ശബ്ദമായപ്പോള്‍
അധികാരി വര്‍ഗങ്ങള്‍ക്ക് ....
ശത്രുവായി  മാറിയ
മഅദനിയുടെ മകന്‍...

ഒരു കൂട്ടര്‍ എന്‍റെ പിതാവിനെ തീവ്രവാദി എന്ന് വിളിച്ചു ..
എന്നെ തീവ്രവാദിയുടെ മകനെന്നും ..
എനിക്കറിയില്ല എന്താണ് തീവ്രവാദം ... ആരാണ് തീവ്രവാദി  എന്നും 

അക്രമത്തിനെതിരെ .. അനീതിക്കെതിരെ ... സ്വജന പക്ഷപാതത്തിനെതിരെ ...
ശബ്ദിക്കുന്നത്‌ ... പ്രതികരിക്കുന്നത് ... തീവ്രവാദമെങ്കില്‍..
അത് ചെയ്യുന്നവരെ ... 
നമ്മള്‍ എന്തു പേരിട്ടു വിളിക്കും ??

ഗര്‍ഭ പാത്രത്തിലെ ...   ചോരപുരണ്ട ഭ്രൂണം   ...ശൂലത്തില്‍ കുത്തി പുറത്തെടുത്ത്‌.
കത്തിയെരിയുന തീക്കുണ്ടത്തിലേക്ക് .. വലിച്ചെറിഞ്ഞവര്‍ ...
സര്‍ക്കാരുകള്‍ നോക്കിനില്‍ക്കെ ...
നൂറ്റാണ്ടുകളോളം ഒരു വിഭാഗം പ്രാര്‍ത്ഥന നടത്തിയ ..
മസ്ജിദ് തകര്‍ത്തവര്‍ ...
നിരപരാധിയെങ്കില്‍ ..
അതിനെതിരെ ശബ്ദിച്ചവന്‍ കുറ്റക്കാരനാവുമോ..
തീവ്രവാദിയാകുമോ?...

വര്‍ഷങ്ങള്‍ക്കു മുമ്പ്,
ഞാന്‍ കുഞ്ഞായിരിക്കെ... 
ഒരു രാത്രിയില്‍, 
കാക്കിധാരികള്‍ വീട്ടിലേക്കു കയറി വന്നു..
അവര്‍, 
ഭക്ഷണത്തിനു മുമ്പിലിരുന്ന .. 
എന്‍റെ പിതാവിനെ .. 
ഞങ്ങളുടെ കണ്‍ മുമ്പില്‍ വെച്ചു പിടിചോണ്ട്‌ പോയി .. 
അതും  ഏതോ പ്രസംഗത്തിന്റെ പേരും പറഞ്ഞ്‌ ..
അവസാനം ഞാനറിഞ്ഞു .... 
ചെയ്യാത്ത ഏതോ കുറ്റത്തിനാണ് ...അവര്‍ അദ്ദേഹത്തെ വലിച്ചിറക്കി കൊണ്ട്  പോയത് ...
ആരോ നടത്തിയ  ബോംബ്‌ സ്ഫോടനം ... 
ഒരു നിരപരാധിയുടെ തലയില്‍ കെട്ടി വെക്കാന്‍ .. 
കത്തിച്ചവനെ കിട്ടിയില്ലെങ്കിലും ... 
സത്യം വിളിച്ചു പറയുന്നവനെ കുടുക്കാമല്ലോ ... 
അതായിരിക്കണം അവരുടെ ചിന്ത.. 
കാരണം സത്യം വിളിച്ചു പറയുന്നവനെ ... 
മേലാളന്മാര്‍ എന്നും ഭയക്കുമല്ലോ? 

പത്തു വര്‍ഷത്തോളം ജയിലിനകത്ത് .... 
താന്‍ ചെയ്ത കുറ്റം എന്തന്നറിയാതെ.... 

അവസാനം .... 
ജയില്‍ മോചിതനായി .... നിരപരാധിയെത്രെ   ... 
അപ്പോള്‍ ഞങ്ങള്‍ക്ക്  നഷ്ടപെട്ട  പത്തു വര്‍ഷമോ? 
എന്‍റെ മാതാവിന്റെ കണ്ണ് നീര്‍.. 
ഞങ്ങള്‍ അനുഭവിച്ച വേദന.. 
ഒറ്റപെടല്‍... കുത്തുവാക്കുകള്‍... 
പിതാവ് ജീവിച്ചിരിക്കെ അനാഥകളായി ജീവിച്ച ..
ഞങ്ങള്‍ക്ക് നിഷേധിച്ച പിതൃ സ്നേഹം..  
എനിക്ക് നഷ്ടപെട്ട പിതാവിന്റെ ലാളന.. 
പിതാവിന് നഷ്ട പെട്ട യൌവനം
ഏതു നീതി പീഠം   ഞങ്ങള്‍ക്ക് തിരിച്ചു തരും ...
അല്ലങ്കില്‍ ഏത് ഭരണകൂടം..

പിന്നെയും  ... 
പൊതു തല്പരനായ പിതാവ് .. 
വീണ്ടും ഗോദയില്‍ .. 
പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍..
അവന്‍റെ   കഷ്ടപാടുകള്‍ .. 
മുസ്ലിമിന്റെ അവസ്ഥ .. 
അപര്ണന്റെ  അസ്ഥിത്വം...
ഭരണകൂട ഭീരുത്വം  .. സാമ്രാജ്യത സേവ... 
വീറോടെ വിളിച്ചു പറയാന്‍ തുടങ്ങി..

അതോടെ ...  
അദ്ദേഹം വീണ്ടും ഭരണകൂടത്തിന്റെ  നോട്ട പുള്ളിയായി ..  
പഴയ ശത്രുക്കള്‍.. വീണ്ടും...
ഒരുമിക്കാന്‍ തുടങ്ങി .  കള്ള കേസ്സുകള്‍ പടച്ചുണ്ടാക്കാന്‍ ശ്രമം, 
പിതാവിനെ കുടുക്കാന്‍ പറ്റാതായപ്പോള്‍ ..
മാതാവിനെ അവര്‍ കുരുക്കുന്നു.. 
വര്‍ഷങ്ങള്‍ക്കു മുമ്പ്..  
കളമശേരിയില്‍ ...
ഏതോ ഒരു ബസ്‌ കത്തിയെത്രേ....
ഇന്ത്യയില്‍ ആദ്യമായി കത്തി ചാമ്പലായ  വാഹനം....എന്നത് പോലെ ചാനലുകളില്‍.. 
ഫ്ലാഷുകള്‍ മിന്നി   .. 
"പതിയെ   കുരുക്കിയതില്‍   പത്നിക്കുള്ള  ദുഃഖം ..
പാണ്ടി വണ്ടി  കത്തിച്ചാല്‍  തീരുമോ"? 
അതാരും അന്വേഷിച്ചില്ല ...  
അവര്‍ക്ക് വേണ്ടത് .. മഅദനിയുടെ പതനം..  

ആ കുരുക്കില്‍ മാതാവ് സൂഫിയ....
ദിവസങ്ങളോളം തടവില്‍ ...  
ചോദ്യങ്ങള്‍ ...  
പുറത്തു മാധ്യമ വിചാരണകള്‍ .. 
അവസാനം കോടതി ജാമ്യം... 
വീട് വിട്ടു പുറത്തു പോകാന്‍ പാടില്ലത്രേ.. 
ആരോടും സംസാരിക്കാനും ... 
അങ്ങനെ  വീട്ടു തടങ്കല്‍ ... 

അവസാനം..
അതാ വരുന്നു...  ശത്രുക്കള്‍ പുതിയ സൂത്രവുമായി ..
ബാംഗ്ലൂരില്‍ സ്ഫോടനം നടത്തിയെത്രേ..
ഒരു തടിയനും കൂട്ടരും .. 
അതില്‍ ബാപ്പചിയെ കുടുക്കാന്‍ പുതിയ തന്ത്രം .. 
പഴയ ഒരു മണിയെ കുളിപിച്ചു കൊണ്ട് വന്നു.. 
കള്ള കഥകള്‍ വിളമ്പി.. 

പിന്നെ... 
കുടകിലെ ഇഞ്ചി കാട്ടില്‍ കൃഷിക്കാര്‍ക്ക് 
ക്ലാസ് എടുത്തത്രേ...
അതും ചുറ്റിലും നാല് പോലിസുക്കാര്‍ കാവലുള്ള സമയത്ത്.. 
"ആരാലും തിരിച്ചറിയുന്ന ആള്‍ ..
ആരും കാണാതെ അവിടെ പോയത്രേ!!!!!!
വിരോധാഭാസം ... ഈ കള്ള കളി "... 
വിശ്വാസിപ്പിക്കാന്‍ കുറെ പേര്‍ ... അതുപോലെ   വിശ്വാസിക്കാനും  ..
പക്ഷെ  ശത്രുക്കള്‍ ശക്തരാണ് ..
പണമുണ്ട് കൂടെ  അധികാരവും .. 
പിന്നില്‍ ഓശാന പാടാന്‍ മാധ്യമങ്ങളും   

ഒരു പ്രാവിശ്യം കുറ്റക്കാരന്‍ അല്ലാത്തത് കൊണ്ട് ..
ശിക്ഷയൊന്നും നല്‍കാതെ  കോടതി വെറുതെ വിട്ട അദ്ദേഹത്തെ...
ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്ന വാശി.. 
കേസ്സുകള്‍ കെട്ടി ചമച്ചു ... സാക്ഷികളെ സൃഷ്ട്ടിച്ചു..
പേരറിഞ്ഞതും അറിയാത്തതുമായ .. നാലഞ്ചു പേര്‍..
അവര്‍ പോലും അറിഞ്ഞില്ലത്രേ  ...
താന്‍  മൊഴി കൊടുത്ത വിവരം. 

കഷ്ടം... 
എന്തൊക്കെ കള്ള കളികള്‍.
ഒരു നിരപരാധിയെ കുടുക്കാന്‍. 

ഒടുവില്‍ ...
അവരെത്തി .. 
യെദ്യുരപ്പയുടെ പോലിസുക്കാര്‍ ...
ഇവിടെ കൂട്ടിന്‌ അവരുടെ നാട്ടുക്കാരി...
അട്ടല്ലൂരിയുടെ തട്ടകത്തില്‍..  
അന്‍വാര്‍ശേരിയിലെ  യതീം മക്കളുടെ അത്താണിയായ..
അവരുടെയും പിതാവായ എന്‍റെ ബാപ്പചിയെ തേടി ..
അതെ..
റംസാന്‍ മാസം..
എണ്ണി പറഞ്ഞാല്‍ റംസാന്‍ ഏഴ്‌..
സുപ്രീം കോടതിയില്‍  മുന്‍‌കൂര്‍ ജാമ്യം പരിഗണിക്കാന്‍
നിമിഷങ്ങള്‍  ബാക്കി നില്‍ക്കെ ...
അറസ്റ്റ് ചെയ്തു .. പരുന്ത് കോഴി കിടാങ്ങളെ പിടിക്കും പോലെ..
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം
ഒരു തിരക്കഥ പോലെ ..
എന്തിനായിരുന്നു ഈ ക്രൂരത ..
ആരെ ബോധിപ്പിക്കാന്‍ .... ആരെ രക്ഷിക്കാന്‍.
ദിവസങ്ങള്‍ മാസങ്ങളായി...
വര്‍ഷങ്ങള്‍ കഴിഞ്ഞു,,
വീണ്ടും ഞാന്‍ അനാഥനായി .. ബാപ ജീവിച്ചിരിക്കെ
എന്‍റെ സഹോദരനും ,,,,  അന്‍വാര്‍ശേരിയിലെ അനാഥ കുട്ടികളും.
ഉമ്മയോ വിധവ...
എന്തിനീ ക്രൂരത .. ഒരു പച്ച മനുഷ്യനോട്?
സഹ ജീവിയോട്‌?
ഇപ്പോള്‍ ഞാനറിയുന്നു .. എന്‍റെ പിതാവിന്റെ കാഴ്ച നശിച്ചു പോലും ..
"ഇനി ഈ പൊന്നുമോന്‍ സലാഹുദ്ദീനെ കണ്ടാല്‍ തിരിച്ചറിയാത്ത പിതാവോ.
ഓര്‍ക്കാന്‍ വയ്യ..."
കണ്ണടച്ച് ഇരുട്ടാക്കാന്‍ എളുപ്പമാണ് ..
പക്ഷെ കാഴ്ചയുള്ളവന്റെ  കണ്ണ്  മനസ്സറിഞ്ഞു നശിപിച്ചാല്‍...
അത് നശിക്കുമ്പോള്‍ ..
നമ്മള്‍  കാഴ്ചക്കാരായി നോക്കിയിരുന്നാല്‍...
നിയമം നിയമത്തിന്റെ വഴിക്കുപോയാല്‍ ശരി ..
നിയമത്തിനെ  ചിലര്‍ അവരുടെ  ഇഷ്ടത്തിന് തിരിച്ചു വിട്ടാല്‍ ..

നീതി ദേവതയെ കുടിയിരുത്തിയ നാട്ടില്‍
അപരാധം ചെയ്യാത്തവര്‍ കുടുക്കപെടുമ്പോള്‍...
നീതിയും .. ന്യായവും .. നിയമവും എല്ലാര്ക്കും സമമാകണം..
ഒരാള്‍ക്ക് ഒരു നീതി .. മറ്റൊരാള്‍ക്ക് വേറൊന്ന്‌..
ഒരാളുടെ മതം, ജാതി, വംശം.. നോക്കി ..
നിയമത്തെ വേര്‍ തിരിക്കാമോ?

അപ്പോള്‍,
എന്തു നീതിയെ കുറിച്ചാണ് നാം വാ തോരാതെ വിളിച്ചു  കൂവുന്നത്....
ഈ നീതി പീഠം എന്‍റെ നിരപരാധിയായ പിതാവിനോട് നീതി കാണിച്ചില്ലെങ്കില്‍
സര്‍ക്കാരുകള്‍ .. അധികാരി വര്‍ഗ്ഗങ്ങള്‍ കണ്ണടച്ചാല്‍.
പിന്നെ ഏത് നീതി പീഠമാണ്‌ ഇവരോട് പൊറുക്കുക.

മുകളിലും ഉണ്ടൊരു   നീതി പീഠം ... എല്ലാവര്ക്കും തുണയായി...
തമ്പുരാനേ അതിലാണ് എന്‍റെ തേട്ടം....