Jan 15, 2012

"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി
"ലൗ ജിഹാദ്" വൈ ദിസ്‌ കൊലവിളി 


നമ്മള്‍ എന്തു തൊഴില്‍ ചെയ്യുന്നു എന്നതിലല്ല അതില്‍ എത്ര ആത്മാര്‍ത്ഥത പാലിക്കുന്നു എന്നതിലാണ് കാര്യം... തൊഴിലില്‍ നല്ലതും ചീത്തയുമുണ്ടെന്നു ഈയുള്ളവന്‍  കരുതുന്നില്ല, താന്‍ ചെയ്യുന്ന ജോലിയില്‍ എത്ര ആത്മാര്‍ത്ഥത കാണിക്കുന്നു അതിനെ അനുസരിച്ചായിരിക്കും അതിന്‍റെ  മഹത്വം. .. ഇത് ഇപ്പോള്‍ ഇവിടെ എ ഴുതാന്‍ കാരണം, ഇപ്പോഴത്തെ ചില പത്ര-ചാനല്‍ വാര്‍ത്തകള്‍ കാണുമ്പോഴും ... ഈ അടുത്ത കാലത്ത് നടന്ന.. ഇവര്‍ മാസങ്ങളോളം ആഘോഷിച്ച "ലൗ ജിഹാദ്" എന്ന ബലി പെരുന്നാള്‍ ഓര്‍ക്കുമ്പോഴുമാണ് ..


ചില ഹിന്ദു-ക്രിസ്ത്യന്‍ തീവ്ര വിഭാഗങ്ങളും   മുസ്ലിം വിരുദ്ധ  മാധ്യമങ്ങളും പടച്ചുണ്ടാകിയ ഈ  ലൗ ജിഹാദ്’  എന്ന വമ്പന്‍ നുണ ഇങ്ങനെ,  മുസ്ലിം തീവ്രവാദി സംഘടനയുടെ ആള്‍ക്കാര്‍  മൊത്തത്തില്‍ രണ്ടായിരത്തില്‍ മേലെ (അങ്ങ് മേലോട്ട് പോയാല്‍ ലക്ഷത്തിലും മുകളില്‍ വരും)  പെണ്‍കുട്ടികളെ  കേരളത്തിലെ പലഭാഗത്തുനിന്നുമായി തട്ടി കൊണ്ട് പോയി കല്യാണം കഴിക്കുകയും ആ കുട്ടികള്‍ ഇപോള്‍ അവിടെ  നരക തുല്യമായ  ജീവിതം നയിക്കുന്നു എന്നുമാണ്.

ആസൂത്രിതമായി ഹിന്ദു-ക്രിസ്ത്യന്‍ യുവതികളുമായി പ്രണയത്തിലാവുകയും അവസാനം  അവരെ മതംമാറ്റുന്നതിനുമായി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും  അതിനു തയ്യാറായി വരുന്ന യുവാക്കള്‍ക്ക് വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍  സഹായം നല്‍കുന്ന ചില ഗ്രൂപ്പുകള്‍ (തീവ്രവാദി) ഉണ്ടെന്നുമൊക്കെയായിരുന്നു അന്നത്തെ വാര്‍ത്തകള്‍. കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ഉണ്ടെന്നു വരുത്തി മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ഈ കുട്ടര്‍, ഈ നാടിനോട്  അതിലെ മതേതര കാഴ്ചപ്പാട് നിലനിര്‍ത്തുന്ന  സമൂഹത്തോട് എന്തു അപരാതമാണ് കാട്ടി കൂട്ടിയതെന്നു നമ്മുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു . മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടുണ്ടെന്ന്  വരുത്തി കേരളത്തില്‍ കലാപത്തിനു കോപ്പ് കൂട്ടിയ ഒരു വിഭാഗത്തിന് ഓശാന പാടികൊണ്ട് മറ്റേ  വിഭാഗത്തെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ഇവര്‍ ചെയ്തത്. അവര്‍ക്ക് കൂട്ടിനു സംഘപരിവാര്‍ സഹയാത്രികരായ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

മുസ്ലിം പ്രണയിക്കുമ്പോള്‍ എങ്ങിനെ മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളാകുന്നു .. പ്രണയിക്കുന്നവര്‍ മതവും ജാതിയും നോക്കിയിട്ടാണോ അതിനു ഇറങ്ങി പുറപെടുന്നത്?  ശരിയായ ഉത്തരം അറിയണമെങ്കില്‍  പ്രണയിച്ചവരോട് ചോദിക്കേണ്ടി വരും. പിഞ്ചു കുട്ടികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുന്ന റിയാലിറ്റി ഷോകളില്‍ വരെ പ്രണയത്തിന്റെ വസന്തങ്ങള്‍ വിരിയിക്കുന്ന, പ്രണയ ദിനത്തില്‍ പ്രത്യേക പരിവാടി സംഘടിപ്പിക്കുന്ന  ഇക്കുട്ടര്‍ക്ക് എങ്ങിനെ മേത്തനോട് പ്രണയം തോന്നിയാല്‍ മതം  പ്രശ്നമാണെന്ന് പറയാന്‍ പറ്റുന്നു അതിലെങ്ങിനെ ജിഹാദിന്റെ  അംശം കടന്നു കൂടുന്നു. 


ഒരനുഭവം ഇവിടെ പങ്കുവെക്കട്ടെ  ഇവിടെ എന്‍റെ കൂടെ മുമ്പ് വേറെ ഒരു കമ്പനിയില്‍ ഒന്നിച്ചു ജോലി ചെയ്തിരുന്ന ആനി (പേര് സത്യമല്ല)  ആഴ്ചയില്‍  ഒരു പ്രവിശ്യമെങ്കിലും ടെലിഫോണ്‍ ചെയ്യാറുണ്ടായിരുന്നു, ചിലപ്പോള്‍ കുട്ടികള്‍ക്ക് വല്ല അറബി ഭാഷ സംശയങ്ങള്‍ ഉണ്ടെങ്കില്‍  പറഞ്ഞു കൊടുക്കുകയും ചെയ്യും. കുറെ ദിവസമായി ആനിയുടെ ഫോണ്‍ വിളിയൊന്നും കാണുന്നില്ല, ഞാന്‍ കരുതി  ചിലപ്പോള്‍ ലീവിന് നാട്ടില്‍ പോയിട്ടുണ്ടായിരിക്കുമെന്ന് , ഒരു ദിവസം  അവള്‍ക്ക് അങ്ങോട്ട്‌  വിളിച്ചു, ഫോണ്‍ അറ്റന്‍ഡ് ചെയ്തു ഞാനാണെന്നറിഞ്ഞപോള്‍ ഇപോള്‍ തിരക്കാണ് തിരിച്ചു  വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍  വെച്ചു കളഞ്ഞു. അവള്‍ തിരിച്ചു വിളിച്ചില്ല കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ വീണ്ടും ഞാന്‍ അങ്ങോട്ട്‌ വിളിച്ചു  പഴയ അനുഭവം തന്നെ, വിളിക്കാമെന്ന് പറഞ്ഞ്‌ ഫോണ്‍ വെച്ചു കളഞ്ഞു. അങ്ങനെയിരിക്കെ ഒരു പ്രാവിശ്യം  വഴിയില്‍ വെച്ചു കണ്ടപ്പോള്‍ പരിചയ ഭാവം പോലും കാണിച്ചില്ല. എന്തോ പ്രശ്നം ഉണ്ടാകുമെന്ന് ഞാനും കരുതി, ഈ അടുത്ത ദിവസം എന്നെ വിളിച്ച ആനി ആദ്യം തന്നെ പറഞ്ഞു സോറി .. എന്താ പ്രശ്നം അപോള്‍  അവള്‍ കാര്യം പറഞ്ഞു  പ്രശ്നം "ലൗ ജിഹാദ്" എല്ലാവരെയും സംശയിക്കാന്‍ ഇടയാക്കിയ കാര്യം. എന്‍റെ തമ്പുരാനേ മൂന്ന് കുട്ടികളുടെ പിതാവായ എന്നെയും സംശയമോ? അവള്‍ ചിരിച്ചു .. പിന്നെ അവള്‍ കാര്യങ്ങള്‍ വിശദീകരിച്ചു അവരുടെ കുടുംബത്തിലെ കുറച്ചു മാസങ്ങളായുള്ള ചര്‍ച്ചാ  വിഷയം ഈ നുണ ബോംബ്‌ തന്നെ ..   ഇവിടെ എന്‍റെ തനതു ശൈലിയില്‍ ഒരു ചിരി പാസാക്കിയിട്ട്  ആനിയോട് ഞാന്‍ പറഞ്ഞു   മുസ്ലിംകള്‍ക്ക്  ഇപ്പോള്‍ തന്നെ ഇഷ്ടംപോലെ മെമ്പര്‍മാര്‍ ഉണ്ട് ഇന്ന് കേരളത്തിലും അതേപോലെ ഇന്ത്യയിലും അതില്‍ അരപട്ടിണിയും മുഴുപട്ടിണിയുമായി എണ്‍പത് ശതമാനത്തില്‍ അധികം  പേര്‍ ഉണ്ടെന്ന  കാര്യവും, അതിനെ സംരക്ഷിക്കാന്‍ പറ്റാത്ത  ഈ ഗ്രൂപ്പുകള്‍ എന്തിനാ കാനേഷുമാരിയില്‍ എണ്ണം കൂട്ടാന്‍ കുറെ പാവങ്ങളെ മതം മാറ്റി കൊണ്ടുവരുന്നു... അവള്‍ ചിരിച്ചു..  മനസ്സിലാക്കിയോ എന്തോ!!!.       

കാര്യങ്ങള്‍ ഇപ്പോള്‍ എല്ലാവരും  തിരിച്ചറിഞ്ഞു  "ലൗ ജിഹാദ്"  എന്ന ഉണ്ടായില്ല വെടിക്ക് പിന്നില്‍ ഹിന്ദു ജനജാഗ്രത സമിതി എന്ന സംഘടനയും അവരുടെ പേരിലുള്ള വെബ്സൈറ്റാണെന്നും  പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി . അവര്‍ക്കെതിരെ പോലീസ് കേസ് കേസ് ചാര്ജ്ജ് ചെയ്തു, ഈ വാര്‍ത്തകള്‍  മനോരമ, കേരള കൌമുദി, മാതൃഭൂമി  തുടങ്ങി ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ അടക്കമുള്ള  കേരളത്തിലെ എല്ലാ പത്രങ്ങളും-ചാനലുകളും  ചെറുതും വലുതുമായ വിവരിക്കുകയും ചെയ്തു..  എന്നാല്‍  ഈ സൈറ്റില് ലൗ ജിഹാദിലൂടെ കാണാതായ ഹിന്ദു-ക്രിസ്ത്യന്‍ പെണ്കുട്ടികളുടെ വിവരങ്ങള്‍  ചേര്‍ത്തിരിക്കുന്നതും മുമ്പ് മനോരമയടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും വിളിച്ചു പറഞ്ഞതും  ഒന്ന് തന്നെയാണ്,  അന്ന് ഇതേ മാധ്യമങ്ങള്‍ ആധികാരികമായ റിപോര്‍ടെന്നു പറഞ്ഞു മലയാളികളില്‍ സംശയത്തിന്റെ കൊടുംകാറ്റു ഉയര്‍ത്തി വിട്ടത് എന്തിനായിരുന്നു.  മലയാളത്തിന്റെ സുപ്രഭാദം നമ്മുക്ക് നല്‍കുന്നത് കട്ടന്‍ ചായക്ക് പകരം വിഷമാണ്, രാവിലെ തന്നെ ഈ വക വിഷ  വാര്‍ത്തകള്‍ വായിക്കപെടുന്ന ഒരു സാധാരണക്കാരന്‍ എങ്ങിനെ തങ്ങളുടെ മക്കളെ ധൈര്യത്തോടെ അയല്‍വാസിയായ മുസ്ലിം കൂട്ടുക്കാരന്‍റെ  കൂടെ പറഞ്ഞയക്കും എങ്ങിനെ അവന്‍റെ കൂടെ ഒരേ ക്ലാസ്സില്‍ ഇരുത്തി പഠിപ്പിക്കും. 


പ്രണയത്തിന്‍റെ പേരും പറഞ്ഞ്‌ മതത്തിലേക്ക് ആളെ കൂട്ടുന്നു എന്ന്  വലിയ വായില്‍ വിളിച്ചു കൂവിയവര്‍ക്ക് ഇപ്പോള്‍ അങ്ങനെയൊന്നില്ല എന്നറിഞ്ഞപോള്‍  ചെയ്ത തെറ്റില്‍  ദുഃഖം തോന്നേണ്ടതല്ലേ?  തെറ്റിന് ക്ഷമ ചോദിക്കേണടതല്ലേ? അതല്ല ഇരകള്‍ മുസ്ലികള്‍ ആയാല്‍ പ്രശ്നമില്ല എന്നാണോ?

നമ്മുടെ തൂലിക ചലിപിക്കേണ്ടത് സമൂഹ നന്മയ്ക്ക് വേണ്ടിയായിരിക്കണം. ഒരു കൂട്ടര്‍ക്ക് നേരെ സംശയത്തിന്റെ വേരുകള്‍ പറിച്ചു നടരുത്... സന്തോഷത്തിലും സ്നേഹത്തിലും കഴിഞ്ഞിരുന്ന സമുദായങ്ങളെ "തമ്മിലടുപിക്കുന്നതിനു പകരം തമ്മിലടിപ്പിക്കരുത്".. 

ഞാനറിഞ്ഞ  ജിഹാദ്:   ജിഹാദ് ഒരു ത്യാഗമാണ്, സ്വന്തം ദേഹം ശരിയില്‍ നിന്നും തെറ്റിലേക്ക് തിരിയുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുകയാണ് ഏറ്റവും വലിയ ജിഹാദ് .. (വ്യഭിചാരം, മദ്യപാനം, പലിശ, പരദൂഷണം, കളവ്, കൊല, അനീതി, ഇതുപോലുള്ള തെറ്റുകള്‍ ..  ഈ തെറ്റില്‍ തന്നെ പെടുന്ന ഒന്നാണ് മാധ്യമങ്ങള്‍ വര്‍ഷങ്ങളോളം ആഘോഷിച്ച പെണ്‍കുട്ടികളെ വല വീശി പിടിക്കുന്ന ഏര്‍പ്പാട്),  കൂടെ വേണമെങ്കില്‍ ജിഹാദ് എന്ന  പദത്തിന് സമരമെന്ന് പറയാം , തന്‍റെ വിശ്വാസം സംരക്ഷിക്കാനുള്ള സമരം, ജിഹാദ് ഒരു ത്യാഗമാണ് തന്‍റെ ദേഹച്ചയ്ക്കെതിരെ, തന്‍റെ മനസ്സിന്റെ ആഗ്രഹങ്ങള്‍ക്കെതിരെയുള്ള ഒരു പോരാട്ടം.  ജിഹാദിന്  വിശുദ്ധ യുദ്ധം എന്ന അര്‍ഥം ആരങ്കിലും കൊടുത്തിറ്റുണ്ടെങ്കില്‍ അത് തെറ്റാണ്‌ എന്നാണ്‌ ഈയുള്ളവന്റെ  അഭിപ്രായം, യുദ്ധത്തിനു അറബിയില്‍ "ഹര്‍ബ്" എന്നാണ് പറയുക.

പിന്‍കുറി: ഇതിനിടയില്‍ ഒരു മാധ്യമ ചര്‍ച്ചയില്‍ ഒരു വ്യക്തിയുടെ പരാമര്‍ശം കേള്‍ക്കാന്‍ ഇടയായി, കള്ള ന്യൂസ്‌ കൊടുത്തു പണം ഉണ്ടാക്കുന്നതിനെക്കാള്‍  മാധ്യമ മുതലാളിമാര്‍  ചെരിപ് കച്ചവടത്തിന് പോകുന്നതാണ്  നല്ലതെന്ന് ... എന്തിനാ ചെരിപ്പ് കച്ചവടക്കാരുടെ വില കളയുന്നത് ഇവര്‍ക്ക് തെണ്ടാന്‍ പോകുന്നതാണ് നല്ലതെന്ന് പറയാമായിരുന്നു.