Jul 21, 2012

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"

കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
  
കിളിയന്തിരിക്കാലിലെ "കുളിയന്‍ തറ"
 
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, കൂട്ടുക്കാരന്‍ റഹീം ആരിക്കാടിയുടെ കൂടെ ശുവൈഖ് വരെ പോയതാണ്, തിരിച്ചു  വരാന്‍ ഏറെ  വൈകി   രാത്രി  രണ്ട് മണി കഴിഞ്ഞിരിക്കും.  അവനെന്നെ റൂമിന്റെ   തൊട്ടടുത്തുള്ള റോഡില്‍  ഇറക്കിയിട്ട്‌  സലാം പറഞ്ഞു തിരിച്ചു  പോയി,  രാത്രി വളരെ നേരത്തെ കിടന്നുറങ്ങുന്ന പതിവുള്ള ഞാന്‍    പാതി മയക്കത്തില്‍ നടന്നു വരവേ  എന്തോ ശബ്ദം  കേട്ട് ഞെട്ടി തെറിച്ചു , തിരിഞ്ഞു നോക്കിയപ്പോള്‍  ബലദിയ ഡ്രമ്മില്‍ നിന്നും ഒരു വെളുത്ത രൂപം ചാടി ഇറങ്ങുന്നു, പടച്ചോനെ...  എന്തിത്‌    ഈടേയും ശൈയ്ത്താനോ? ഒരു വെളുത്ത രൂപം, ഏതായാലും ആയത്തുല്‍ കുര്‍സി ഉച്ചത്തില്‍ ചൊല്ലി,   ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ടേക്ക് ഒളിഞ്ഞ്  നോക്കി.. അപ്പോഴാണ്‌ എന്‍റെ പോയ ജീവന്‍ തിരിച്ചു കിട്ടിയത്.. അത് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഹാരിസാണ് (കാവല്‍ക്കാരന്‍)... അര വിറയലോടെ ഞാന്‍ മൂപര്‍ക്ക് സലാം ചൊല്ലി.. അദ്ദേഹം അറിഞ്ഞോ എന്തോ  ഞാന്‍ പേടിച്ചത്...  പിന്നീട് വല്ലപ്പോഴും അയാളെ കാണുമ്പോള്‍ ഒരു ചമ്മല്‍ ഉണ്ടാകാറുണ്ട്..

നന്നേ ചെറുപ്പത്തില്‍ രാത്രിയില്‍ എന്തെങ്കിലും പറയുന്നത് അനുസരിച്ചില്ലെങ്കില്‍  അന്നൊക്കെ ഉമ്മ പറഞ്ഞു പേടിപ്പിക്കുമായിരുന്നു അതാ  ബാഹൂ .. ഇപ്പോള്‍  വരും,  കൂടെ കട്ടിലിലോ മറ്റോ തട്ടിയിട്ട് ശബ്ദം ഉണ്ടാക്കുകയും ചെയ്യും,  പക്ഷെ  ഉമ്മ പറഞ്ഞ ആ ബാഹൂനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, എന്താണത് ? അങ്ങനെ ഞാന്‍ വളര്‍ന്നു വലുതായി കല്യാണം കഴിച്ചു.. കുട്ടികളുമായി ..  അവരെ എന്‍റെ ഭാര്യയും പേടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്  അതും ഇതേ ബാഹൂന്‍റെ  പേര്   പറഞ്ഞിട്ട് തന്നെ.. അവളും തട്ടും കട്ടിലിലും കൂടെ ജനലിലും .. പക്ഷെ "ഐടെക്" യുഗമല്ലേ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടിച്ച പേടിയൊന്നും മക്കള്‍ക്കില്ല, ഇടയ്ക്കെപ്പോഴോ നാട്ടില്‍ പോയപ്പോള്‍ മകന്‍ ഭാര്യയെ തിരിച്ചു പേടിപ്പിക്കുനത് കണ്ടു .. ഹ ഹ അതും ബാഹൂന്റെ പേര് പറഞ്ഞു കൊണ്ട് തന്നെ.. അവനും തട്ടി ജനലില്‍.. "കലികാലം"

സത്യത്തില്‍ എന്താണ് ബാഹൂ... ഒരു പ്രാവിശ്യം സൂത്രത്തില്‍ മകന്‍  എന്നോട്  ചോദിച്ചു,  ബാപ്പാ....  ഉമ്മ പറഞ്ഞു പറ്റിക്കുന്ന ഈ ബാഹൂ  എന്താണ് ..   ഞാന്‍ പറഞ്ഞു അത് വലിയ ഒരു സാധനം, നമ്മുക്ക് കാണാന്‍ പറ്റില്ല,  ദജ്ജാലിന്റെ അത്രക്കും ഉണ്ടാകും, അപ്പൊ വീണ്ടും സംശയം ഏതാ ഈ  ദജ്ജാല്‍, ഞാന്‍ പെട്ടു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ,  ദജ്ജാലിനെ കുറിച്ച് മദ്രസ്സയില്‍ നിന്നും അത്ര കൂടുതല്‍ പഠിച്ചിട്ടില്ല , എന്തോ ഭീകര രൂപി, ഒറ്റക്കണ്ണന്‍ എന്നൊക്കെ അറിയാം, ഇതൊക്കെ കേട്ടറിവാണ് (കണ്ടറിവ് പറഞ്ഞ്‌ തന്ന ഉസ്താദിനും ഇല്ലല്ലോ)  ..  പിന്നീട്  എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ വിശദമാക്കി തരാം   എന്നു ഉറപ്പു നല്‍കി    ആ   ചോദ്യത്തില്‍ നിന്നും പയ്യെ ഒഴിവായി, പ്രവാസിയല്ലേ ദിവസങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളുമായി  പെട്ടെന്ന്    കടന്നു പോയി, കുറെ പ്രാവിശ്യം അങ്ങോട്ടും ഇങ്ങോട്ടും വരികയും പോവുകയും ചെയ്തു, ബാഹു എന്താണെന്ന് എന്‍റെ മകന് ഇതുവരെ ഞാന്‍ പറഞ്ഞു കൊടുത്തിട്ടില്ല ..   എനിക്കറിയാത്ത ബാഹൂനെ ഞാനെങ്ങിനെ അവന് പറഞ്ഞു കൊടുക്കും? .. ഇല്ലാത്ത ഒരു ബാഹൂ (അതോ ഉണ്ടോ? എനിക്ക് കാണാഞ്ഞിട്ടാണോ?)  അതിന്റെ വിവരണം നല്കാന്‍ ഈയുള്ളവന്‍  ആളുമല്ല.

ചെറിയ പ്രായത്തില്‍ പേടിപെടുത്തുന്ന ബാഹൂ കഥകള്‍ കേട്ട് വളര്‍ന്ന ഞാന്‍ ഈ വിഷയത്തില്‍ ഒരു പേടി തൊണ്ടനാണ്, പത്തില്‍ കൂടുതല്‍ ആളുകള്‍  എന്‍റെ അടുത്ത് വന്നാലും അവരില്‍ നിന്നും രക്ഷപെടാനുള്ള നാവു മിടുക്ക് എനീക്കുണ്ട്‌..  അതെ , നാവു കൊണ്ട് രക്ഷപെടാന്‍ മിടുക്കനാണ് ഞാന്‍, ഒരിക്കല്‍ ഒരു ചങ്ങാതി  എന്നോട് പറയുകയും ചെയ്തു നിന്റെ നാവില്ലെങ്കില്‍ നിന്നെ കിടിയന്‍ (പരുന്ത്) കൊത്തിക്കൊണ്ടു പോകുമായിരുന്നു എന്ന്, പടച്ചവന്റെ തുണ  നാവിനെ ഇതുവരെ കിടിയന്‍ കൊത്തി കൊണ്ട് പോയില്ലല്ലോ.

എന്‍റെ അയല്‍വാസി ശംസുച്ചാന്റെ വീട് കുറെ വര്‍ഷങ്ങള്‍ക്കു  മുമ്പ് ആള്‍ താമസമില്ലാതെ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു, അവിടെ രാത്രി എന്തോക്കയെ ശബ്ദം കേള്‍ക്കുന്നു വെന്നും  വെളുത്ത വസ്ത്രം ധരിച്ച എന്തോ ഒരു സാധനം രാത്രിയില്‍ അവിടെ ഉണ്ടാകുന്നു   എന്നൊക്കെ ആളുകള്‍ പറഞ്ഞു പരത്തുന്നത്  എന്‍റെ ശ്രദ്ധയിലും പെട്ടിരുന്നു..   അതുകൊണ്ട് സ്കൂളിലെക്കോ മറ്റോ ആ വഴി പോകുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന  വീടിന്റെ ഭാഗത്ത്‌  നോക്കാനുള്ള ധൈര്യം പോലും  കിട്ടിയിരുന്നില്ല, അത് നട്ടുച്ചയ്ക്കാണെങ്കിലും ശരി. അക്കാലത്ത് ഞങ്ങളുടെ മഹല് പള്ളിയുടെ തൊട്ടടുത്ത്‌ താമസിക്കുന്ന കുറച്ചു പേര്‍ പള്ളിയില്‍ ഖുറാന്‍ പഠിക്കാന്‍  സന്ധ്യ നമസ്ക്കാരത്തിനു ശേഷം വരാറുണ്ടായിരുന്നു , പഠനം രാത്രി വൈകും വരെ നീണ്ടു നില്‍ക്കും,   എല്ലാ ദിവസവും ക്ലാസ്സില്‍ സമയത്ത് എത്തിയിരുന്ന കൂട്ടുക്കാരന്‍ മുസ്തഫ ഒരു ദിവസം പള്ളിക്ക് വന്നില്ല, നേരം നന്നേ ഇരുട്ടി  കഴിഞ്ഞപ്പോള്‍ അവന്‍റെ ഉച്ചത്തിലുള്ള നിലവിളി  "എന്നെ കൊല്ലാന്‍ വരുന്നേ" ...  അന്ന്  പള്ളിയില്‍ ഉണ്ടായിരുന്ന എല്ലാവരും അവന്‍റെ വീട്ടിലേക്ക് ഓടി, അവനോട് ഉസ്താദ്‌ കാര്യങ്ങള്‍ ചോദിച്ചു, അവന്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു  ശംസുച്ചാന്റെ  വീടിന്റെ അടുത്ത് നിന്നും ഒരു വെള്ള വസ്ത്രധാരി പിടിക്കാന്‍ വന്ന്  പോലും, അത് കണ്ടു അവന്‍ പേടിച്ചു നില വിളിച്ചതാണ്.  മുസ്തഫാന്റെ   മുക്കാല്‍ ജീവനും പോയിട്ടാണുള്ളത്... അതിനിടയില്‍ അവന്‍റെ വീടിന്റെ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ആരോ ഒരു മാങ്ങ എന്‍റെ അടുത്തേക്ക് ഇരുട്ടില്‍ നിന്നും എറിഞ്ഞു .. !! നല്ല ഒന്നാന്തരം മുഴുത്ത "കസി മാങ്ങ" ? അങ്ങോട്ട്‌ നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റിയില്ല. അവനെ ഓടിച്ചത് എന്താണ്.... മാങ്ങ വലിച്ചെറിഞ്ഞത് ആരാണ്? പ്രേതമോ അതോ വല്ല മനുഷ്യ പിശാച്ചുമാണോ?

എന്‍റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ എപ്പോഴും അമായി-മരുമകള്‍ പോര് ഉണ്ടാകാറുണ്ടായിരുന്നു. ഒരേ വീട്ടില്‍ താമസിക്കുന്ന അവര്‍ വെവേറെ ഭക്ഷണം ഉണ്ടാക്കാറാണ് അക്കാലത്തെ പതിവ്, ഏപ്പോഴും രണ്ട് പേരും ഭക്ഷണം പാകം ചെയ്താലും പാത്രത്തില്‍ ചോറിന്റെ കൂടെ ആട്ടിന്‍ കാഷ്ട്ടം, മുട്ടത്തോട് ഇതൊക്കെ  സൌജന്യമായി കിട്ടും.   അവരും അന്ന് പറഞ്ഞിരുന്നത്  അവിടെ എന്തോ ശൈത്താന്റെ  ഉപദ്രവം ഉണ്ടാകുന്നുവെന്നാണ്  ...അവസാനം രണ്ട് പേരുടെ ഇടയില്‍ കിടന്നു വീര്‍പ്പുമുട്ടിയിരുന്ന വേറൊരു മരുമകള്‍ കാര്യം കണ്ടു പിടിച്ചു... അങ്ങോട്ടും ഇങ്ങോട്ടും അമ്മായി-മരുമകള്‍ ഇതൊക്കെ  ചെയ്യുകയായിരുന്നുവെത്രേ ..

ഞങ്ങളുടെ നാട്ടില്‍  ജിന്ന് ആവാഹിച്ച  "ഔക്കര്‍ച്ച"  ഉണ്ടായിരുന്നു, ജില്ലയുടെ നാനാ ദിക്കുകളില്‍ നിന്നും അദ്ദേഹത്തിന്റെ അടുത്ത് ചികിത്സക്ക് വേണ്ടി ജനങ്ങള്‍ വരികയും ചെയ്തിരുന്നു,  ഇപ്പോഴും അയാള്‍ ജീവിച്ചിരിപ്പുണ്ട്  പക്ഷെ ജിന്ന്  പ്രവേശിക്കാത്ത ഒരു സാധാരണ മനുഷ്യനായി. ഒരാളുടെ ശരീരത്തില്‍ ജിന്ന് കുടിയിരിക്കുമോ? അപ്പോള്‍ അയാളിലുണ്ടായിരുന്ന ആ പഴയ ജിന്ന് എവിടെ  പോയി? അതും എന്നിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്.

ചെമ്മനാട് ഗ്രാമത്തിന്റെ സൗന്ദര്യമായ  ചന്ദ്രഗിരി പുഴ അതിലെ  തോണി കടത്തുക്കാരന്‍ രാത്രിയില്‍  ഒരു ശവത്തെ കണ്ടത്രെ, അതിനെ കഴുക്കോല്‍  കൊണ്ട് കുത്തുകയോ മറ്റോ ചെയ്തെന്നും, അവസാനം അതിന്റെ റൂഹാന്‍  (പ്രേതം) അയാളില്‍ പ്രവേശിച്ചെന്നും നാട്ടില്‍ ഒരു കഥയുണ്ടായിരുന്നു, കഥ മാത്രമല്ല അയാള്‍  കുറെ കാലം അതിന്റെ ബുദ്ധിമുട്ടില്‍ ഉണ്ടായിരുന്നു, അതിനു കുറെ ദൃസാക്ഷികളും...അപ്പോള്‍ എന്താണ് പ്രേതം? ഒരാളുടെ ശരീരത്തിലേക്ക് അതിനു പ്രവേശിക്കാന്‍ പറ്റുമോ? അതൊക്കെ അഭിനയമാണോ? മനുഷ്യന്റെ  തോന്നലാണോ?

അതിനാലാവണം ഈയുള്ളവന്  ബാഹു, ജിന്ന്, കാളി, കൂളി, അണങ്ങ്, പ്രേതം, ശൈത്താന്‍, കുളിയന്‍  പോലുള്ള അന്യ ഗ്രഹ ജീവികളെ കുറിച്ച് ചെറുപ്പത്തില്‍   വല്ലാത്ത ഒരു പേടിയായിരുന്നു, ഇവരോട് സംസാരിക്കാന്‍ നാവ് പോരല്ലോ.

എന്‍റെ അനുഭവത്തിലെ ബാഹൂ കഥ പറയട്ടെ .. എന്‍റെ അടുത്ത കൂട്ടുക്കാരനായിരുന്നു അഫ്സല്‍ ഞങ്ങള്‍ ഏപ്പോഴും ഒന്നിച്ചേ എവിടെയും പോകാറുള്ളൂ  നല്ല ധൈര്യ  ശാലി.. ഒന്നിനെയും ഭയമില്ല, രാവിലെ മുതലേ വീട്ടില്‍ നിന്നും പുറപെടുന്ന ഞങ്ങള്‍ തിരിച്ചെത്താന്‍ ഏറെ  വൈകും, അവന്‍ വീടിലേക്ക്‌ കയറി കഴിഞ്ഞാല്‍ എനിക്ക് ഒറ്റയ്ക്ക് എന്‍റെ വീട്ടിലേക്കു  നടന്നു പോകാന്‍   ചെറിയ പേടി  ഉണ്ടാകാമായിരുന്നു, ഒരു മഴയുള്ള രാത്രി, കയ്യില്‍ കുട, മഴ പറ്റെ മാറിയിട്ടുണ്ട്, ഞാന്‍ വീട്ടിലേക്ക് ചുവടു വെക്കാന്‍ തുടങ്ങി, അതാ ഒരു വെളുത്ത രൂപം എന്‍റെ മുമ്പില്‍, പടച്ചോനെ ചതിച്ചോ? ചെറിയ മൂത്ര ശങ്ക (അതോ പോയോ)... കണ്ണും പൂട്ടി കുട ചുരുട്ടി പിടിച്ചു ഒറ്റയടി (നിങ്ങള്‍ കരുതി ഓടിയെന്നു അല്ലെ), കുട തവിടു പൊടി, പിറ്റേന്ന്  രാവിലെയാണ്  മനസ്സിലായത്‌ അത് കവുങ്ങിന്റെ താഴെ ഉണ്ടായ വെളുപ്പാണെന്ന്,   ദിവസവും കാണുന്ന  കവുങ്ങിനെ അന്ന് രാത്രി എനിക്ക് തിരിച്ചറിയാന്‍ പറ്റിയില്ലല്ലോ എന്‍റെ തമ്പുരാനേ.

വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്‍റെ ഒരു അകന്ന ബന്ധു കല്യാണം കഴിച്ചു വന്ന ഒരു സ്ത്രീ ഒരു ദിവസം  രാത്രി പുറത്തു വരാന്തയില്‍ ഇരിക്കുമ്പോള്‍ എന്തോ കണ്ടു പേടിച്ചു.  അവരുടെ പറമ്പിലൂടെ കുറെ ആള്‍ക്കാര്‍ ഒന്നിച്ചു നടന്നു പോകുന്നതു പോലെ തോന്നി അത് മറ്റുള്ളവരോട് പറയുകയും കാണിച്ചു കൊടുക്കുകയും ചെയ്തു, പക്ഷെ ആരും അങ്ങനെ ഒരു "ജാഥ"   കാണുക ഉണ്ടായില്ല....  കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ സ്ത്രീക്ക് എന്തോ മാനസിക അസ്വസ്ഥത അനുഭവപെടാന്‍  തുടങ്ങി   ആകെ  ഭയപെട്ടത് പോലെ, പല ഡോക്ടരെയും കാണിച്ചു, നോ രക്ഷ  ... പിന്നെ പതിയെ പല മഖാമിലെക്കും ജാറങ്ങളിലെക്കും യാത്രയായി ... അങ്ങിനെയിരിക്കെ ഒരു ദിവസം  എന്‍റെ അമ്മാവന്‍ എന്നെ വിളിക്കാന്‍ ആളെ വിട്ടു, അമ്മാവന്റെ വീട്ടിലേക്കു പോയ എന്നോട്  ഇവരുടെ കൂടെ ഒന്ന് മദ്രാസിലെ ഒരു ദര്ഗ്ഗയിലേക്ക്   പോകണമെന്ന് അഭ്യര്‍ഥിച്ചു. , എന്‍റെ നാവിന്റെ ബലം  കണ്ടിട്ടാവണം എന്നെ ഈ പരിവാടി  ഏൽപ്പിച്ചത് ... അന്ന് രാത്രി എന്നെ ഇവരുടെ  വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു,   സ്ത്രീയുടെ ഹാലിളക്കം കാണിച്ചു തരിക ചെയ്യുക അതായിരുന്നു ഉദ്ദേശം, ഞാന്‍ അമ്മായി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന അവര്‍ ആ രാത്രി അമ്മാവന്റെ വീട്ടിലേക്ക് വരികയും ചെയ്തു... വീടിന്റെ അകത്തു കയറിയ അവര്‍  എന്നെ അവിടെ കണ്ടതും  ഉടനെ, കയ്യിലുള്ള എന്തോ ഒരു സാധനം ആരുടെയോ മുഖത്തേക്ക്  വലിചെറിഞ്ഞു  .. അവിടെ എന്‍റെ സാന്നിധ്യം   ഇഷ്ട്ടപെടാത്തതു  പോലെ, എന്‍റെ മുട്ട് വിറക്കാന്‍ തുടങ്ങി... പിന്നെ ആ സ്ത്രീ  സംസാരം ആരംഭിച്ചു, ശരിക്കും കാസർഗോഡ് മലയാളം ഒഴിച്ച് വേറെ ഒരു ഭാഷയും സംസാരിക്കാന്‍ അറിയാത്തവള്‍ പച്ചയായി കന്നഡ സംസാരിക്കാന്‍ തുടങ്ങി, ഇതെന്തു മറിമായം...  എന്നെ ചൂണ്ടി കാണിച്ചുകൊണ്ട് "ഇത് യാരൂ?" എന്നു ഉറക്കെ ചോദിച്ചു.. എന്‍റെ പകുതി ജീവനും പോയി. ഏതായാലും ഇനി രാത്രി വീട്ടിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ല അവിടെ ചുരുണ്ടിരുന്നു.. പിന്നെ അവിടെ കണ്ടത് ഒരു സിനിമ കഥപോലെയാണ്.. ആ സ്ത്രീ മറിഞ്ഞു വീഴുന്നു..  തറയില്‍ ഇഴയാനും മറിയാനും  തുടങ്ങി,  കൂടെ ഉച്ചത്തില്‍ നിലവിളി.. ഞാന്‍ പോകാം ഞാന്‍ പോകാം.. എന്നെ ഒന്നും ചെയ്യല്ലേ.. എന്ന് പല ഭാഷകളിലും വിളിച്ചു പറയുന്നു.. കൂടെ കുറെ അറബി പേരുകളും.. എന്‍റെ റബ്ബേ ഏതാ ഈ പേരുകള്‍...ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകള്‍.    കുറെ കഴിഞ്ഞു രംഗം ശാന്തമായി, ഞാന്‍ ഇതൊക്കെ കണ്ടു എന്ത് ചെയ്യണമെന്നു അറിയാണ്ട് വാ പൊളിച്ചു നില്‍ക്കുകയാണ്, ആരോടെങ്കിലും പറയാന്‍ പറ്റുമോ ഞാന്‍ പേടിച്ച കഥ, എന്‍റെ വിലയെന്താവും സത്യത്തില്‍ ഞാന്‍ അവരുടെ അടുത്ത് ഒരു പുപുലിയാണ്... അങ്ങിനെ അന്ന് രാത്രി അവിടെ താമസിച്ചു.  കിടന്നെന്നു മാത്രം, എവിടെ ഉറക്കം വരാന്‍... സുബഹി ബാങ്ക് വിളിച്ചതും ഒറ്റ ഓട്ടം എന്‍റെ വീട്ടിലേക്ക്... ഒരാഴ്ച കഴിഞ്ഞു അവരെയും കൂട്ടി ഞാന്‍ മദ്രാസിലെ അറിയപെടുന്ന ഒരു ദര്‍ഗയിലേക്ക്‌ പോയി, ദര്ഗയുടെ പുറത്തു എഴുതിയ അറബി പേര് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്‌ അവര്‍ വിളിച്ചു പറഞ്ഞ രണ്ട് മൂന്ന് പേരുകള്‍ ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മഹാന്മാരുടെതാണെന്ന്, അവിടെ വെച്ചും നടന്നു മുമ്പ് ഞാന്‍ കണ്ട ഹാലിളക്കങ്ങള്‍  , ഇതേ സ്ഥലത്തേക്ക് വീണ്ടും ഒരു പ്രാവിശ്യം കൂടി യാത്ര ചെയ്യേണ്ടി വന്നു അവരുടെ കൂടെ, അതിനു ശേഷം ഞങ്ങള്‍ പോയത് അജ്മീര്‍, നിസാമുദ്ധീന്‍ തുടങ്ങിയ ദർഗയിലേക്കായിരുന്നു, നടേ പറഞ്ഞ പരിപാടികള്‍ അവിടെയും ഉണ്ടായിരുന്നു... അതിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ ഗള്‍ഫിലേക്ക് അന്നം തേടി പോയി, പിന്നെ അവരെ കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്.. ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യത്തോടെ റൂഹാന്റെ (പ്രേതത്തിന്റെ) ബുദ്ധിമുട്ടില്ലാതെ ജീവിക്കുന്നു. അവിടെ പോയതിന്റെ ഗുണമോ അതോ പൈസ ചിലവായി തീര്‍ന്നപ്പോള്‍ മതിയാക്കിയതോ എന്നൊന്നും ചോദിക്കാൻ നിന്നില്ല. (കുറെ പ്രാവിശ്യം ഓസ്സിക്ക് ടൂര്‍ പോയതല്ലേ അതിന്റെ നന്ദിയെങ്കിലും വേണ്ടേ).
(ദര്‍ഗയിലും വഴിയിലും ഉണ്ടായ  എന്‍റെ അനുഭവങ്ങള്‍ ഇനിയൊരു പ്രാവിശ്യം എഴുതാം... )

വേറൊരു കഥ ... ഞാന്‍ ഷാര്‍ജയില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് വന്ന കാലം, കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തോ വല്ലാത്ത വയറു വേദന, പല ഡോക്ടര്‍ക്കും കാണിച്ചു, മൂത്ര കല്ലാണെന്നാണ്  എല്ലാരും പറഞ്ഞത്.  പക്ഷെ സ്കാനിലോ എക്സറയിലോ കല്ല്‌ പോയിട്ട് ഒരു പൊടി പോലും കാണാനുമില്ല പിന്നെന്തു ചെയ്യും, അങ്ങനെയിരിക്കെ  അടുത്ത ഒരു ബന്ധു പറഞ്ഞു,  നല്ലൊരു "തങ്ങളുണ്ട്" അവിടെ പോയി ചികിത്സിക്കാമെന്ന് , അങ്ങനെ ഞാനും അയാളും കൂടെ  അവിടെ പോയി,  വീടിന്റെ പുറത്തു കുറെ ആള്‍ക്കാര്‍ ഉസ്താദിനെ കാണാന്‍ കാത്തിരിക്കുന്നു, എനിക്കും കിട്ടി കുറച്ചു സ്ഥലം ഇരിക്കാന്‍ ബെഞ്ചിന്റെ ഒരു മൂല, ഓരോ സന്ദര്‍ശകനും  അകത്തു തങ്ങളുടെ മുറിയില്‍ പ്രവേശിക്കുമ്പോഴും  എന്തോ പ്രത്യേക തരം ശബ്ദം അകത്തു  നിന്നും കേള്‍ക്കുന്നുണ്ടായിരുന്നു, അവസാനം എന്‍റെ  ഊഴമായി, അകത്തെക്കുള്ള വാതില്‍ തുറന്നു, തൂവെള്ള വസ്ത്രധാരി, കയറിയ ഉടനെ ഞാന്‍ സലാം പറഞ്ഞു,  . അദ്ദേഹം എന്നോട് കാര്യങ്ങള്‍  ചോദിച്ചറിഞ്ഞു .. പെട്ടന്ന് മുറിയിലെ വെളിച്ചം ഇല്ലാതായി, എന്തോ പ്രത്യേക അറബി വാക്കുകള്‍ ഉസ്താദ്‌ ഉച്ചരിക്കാന്‍ തുടങ്ങി, പെട്ടന്ന് അയാള്‍ മറ്റൊരാളായി.. !!! ഏതോ "ഖിളർ"  നബിയോട് സലാം പറയുന്നത്  കേട്ടു.. അപ്പോഴാണ്‌ എനിക്ക് മനസ്സിലായത്‌ ഇയാള്‍ "ഖിളർ" നബിയെ തന്നിലേക്ക് ആവാഹിക്കുകയാണ്  അവസാനം  ഇയാളില്‍ " നബി" പ്രവേശിക്കുന്നു .. കാര്യങ്ങള്‍ പറയുന്നു.. അവസാനം എന്‍റെ രോഗത്തെ കുറിച്ച് അതിന്റെ ശമനത്തെ കുറിച്ച് ഇയാള്‍ എന്നോട് "ഖിളർ" നബിയുടെ നാവായിക്കൊണ്ട് സംസാരിച്ചു.. എന്‍റെ റബ്ബേ എന്തല്ലാം കാണണം... ഒരാളില്‍ ആയിര  കണക്കിന്  വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ   വേറൊരാളുടെ ആത്മാവ്  പ്രവേശിക്കുകയോ?

എന്‍റെ പേരിന്റെ വാലായി   കാണുന്ന കിളിയന്തിരിക്കാല്‍  എന്‍റെ വീട്ടു പേരാണ്, അതിന്‍റെ പിന്നിലും  ഒരു കഥയുണ്ട്,  മുന്നൂറോ അതില്‍ കൂടുതലോ  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലം ഒരു ബ്രാഹ്മണ കുടുംബത്തിന്റെതായിരുന്നു അവരുടെ തറവാട് സ്ഥലത്ത് ഒരു ഗുളികന്‍ തറ ഉണ്ടായിരുന്നു പോലും  അതിലായിരുന്നു  നടേ പറഞ്ഞ "സകല കുലാവികള്‍" കുടിയേറി പാര്‍ത്തിരുന്നത്  .. ആ തറ ഇപ്പോഴും ഞങ്ങളുടെ വീടിന്റെ പിന്‍വശത്തുള്ള കുന്നിന്‍ മുകളില്‍ കാണാം, വീട് വെക്കാനോ മറ്റു അവിശ്യത്തിനോ  ആരും ഇതുവരെ ആ സ്ഥലം    ഉപയോഗിച്ചിട്ടില്ല, അങ്ങനെ "കുളിയന്തറയില്‍" നിന്നും ലോപിച്ച് ഞങ്ങളുടെ കുടുംബത്തിന്    കിട്ടിയ പേരാണ് കിളിയന്തിരിക്കാല്‍ .ആ "ഗുളികന്‍" തറ ഉണ്ടായ സ്ഥലം ഓഹരിയായി ലഭിച്ചത്   ഞങ്ങളുടെ തറവാടിലെ ഒരംഗത്തിനാണ്  അദ്ദേഹം അത് വര്‍ഷങ്ങള്‍ക്കു മുമ്പേ വില്‍ക്കുകയും ചെയ്തു.  പക്ഷെ ആ സ്ഥലത്ത് നിന്നും പുല്ലു പറിക്കാന്‍ ഭയക്കുന്നവര്‍ പോലും ഇപ്പോഴും ഞങ്ങളുടെ നാട്ടില്‍ കാണാം. .

ഇത് എഴുതി തീരാറായ ദിവസം രാത്രി ടെലിവിഷന്‍ കണ്ടു  കൊണ്ടിരിക്കെ  ചാനലിലൂടെ മന്ത്രങ്ങളും-പ്രാര്‍ത്ഥനകളും   വിശ്വാസികള്‍ക്കു  അറിയിച്ചു  കൊടുക്കുന്ന  ഉസ്താദിന്‍റെ   ഒരു എപിസോഡ്   കാണുവാന്‍   ഇടയായി, ചര്‍ച്ച നമ്മുടെ വിഷയം തന്നെ, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍  പ്രേതം എന്ന് പറയുന്ന സാധനം മനുഷ്യരുടെ ആത്മാവ് അല്ല പോലും, ഓരോ മനുഷ്യന്റെ കൂടെയും ജീവിച്ചിരിക്കുമ്പോള്‍ രണ്ട് മാലാഖമാര്‍ ഉണ്ടാവുകയും മരിച്ചു കഴിഞ്ഞാല്‍ ആ മാലാഖമാര്‍ നല്ല ആത്മാവായും ചീത്ത ആത്മാവായും ചുറ്റിതിരിയുമെത്രേ അതാണ്‌ നമ്മള്‍ കാണുന്ന പ്രേതം എന്നാണ് വിവരണം... അപോഴും എന്നിലെ  ചോദ്യം ബാക്കിയാവുന്നു മനുഷ്യന്റെ ആത്മാവിനെ തിരിച്ചു വിളിക്കുന്ന പടച്ചവന്‍ എന്തിനാ തന്‍റെ പ്രിയ ദാസന്മാരെ ഭയപെടുത്താന്‍ "മാലാഖാമാരെ"  പറഞ്ഞയക്കുന്നത്?

- ഷുക്കൂർ അഹമദ് കിളിയന്തിരിക്കാൽ