Feb 23, 2012

മുടി: ഷാഫിച്ചയില്‍ നിന്നും കാന്തപുരത്തിലേക്കുള്ള ദൂരം

മദ്രാസ് വടപളനിയിലെ ലക്കി സ്റ്റോറില്‍ ഷറഫുച്ചാനോട് വാര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് ഞാന്‍. ഇവിടെ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. തമിഴ് വശമില്ല. പഠിച്ചു വരുന്നതേയുള്ളൂ. അപ്പോഴാണ് വളരെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു ഒരു തമിഴന്‍ ഷോപ്പിലേക്ക് കടന്നു വന്നത്. "വണക്കം, എന്ന ഷറഫ് സര്‍, എന്ന വിശേസം? സൌകിയമാ" ഹ ഇപ്പടി ഓടിയിട്ടിരിക്ക് ആഡി മാസം താനേ. അത് വിട് എങ്കെ ആളെ കാണാ ഞാന്‍ പളനി പോയിട്ടിരുന്നേ, അപ്പുറം തിരുപ്പതി കൂടെ പോയി അങ്കേയും കൂട്ടം താനേ, രണ്ടിടത്തും പോയി മുടി എടുത്താച്ച്". അദ്ദേഹം പളനിയിലും കൂടെ തിരുപ്പതിയിലും പോയി മുടി മുറിച്ച കഥയാണ് പറഞ്ഞത് എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഈ രണ്ടിടത്തും പോയി മുടി മുറിച്ചിട്ടും ഇയാളുടെ തലയില്‍ മുടിക്ക് ഒരു കുറവും കാണുന്നില്ലല്ലോ എന്തു പറ്റി, അവിടെയൊക്കെ പോയി ഭക്തജനങ്ങള്‍ തല മൊട്ടയടിക്കാറാണ് പതിവെന്ന് കേട്ടിട്ടുണ്ട്. കുറെ നേരം അവര്‍ രണ്ടുപേരും സംസാരിച്ചു.

തമിഴന്‍ പോയപ്പോള്‍ ഷറഫുച്ചാനോട് ഞാന്‍ ചോദിച്ചു: 'ഇതേതാ പുതിയ ഒരു കഥാപാത്രം...? രണ്ടു ക്ഷേത്രത്തില്‍ പോയി മൊട്ടയടിച്ചിട്ടും മൂപ്പരുടെ തലയില്‍ മുടി അങ്ങനെ തന്നെ കിടക്കുന്നല്ലോ....?. ഷറഫുച്ച ഉറക്കെ ചിരിച്ച് എന്നോടു ചോദിച്ചു: "നീ എന്താ കരുതിയത് അവിടെ മൊട്ടയടിക്കാന്‍ പോയതാണ് എന്നാണോ? ഇയാളെ അറിയുമോ? ഇത് നാരായണ്‍, മുടി കച്ചവടക്കാരന്‍, മദ്രാസിലും ആന്ധ്രയിലും അറിയപ്പെടുന്ന വിഗ് വ്യാപാരി, ഇയാള്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ പോയി ഉത്സവ കാലത്ത് മുടി ലേലം ചെയ്തു എടുക്കുകയും അത് കയറ്റുമതി ചെയ്യുകയോ അല്ലെങ്കില്‍ സ്വന്തം ഫാക്ടറിയില്‍ വിഗ് ഉണ്ടാക്കുകയോ ചെയ്യും." അപ്പോഴാണ് ഞാന്‍ അറിയുന്നത് വിഗ് ഉണ്ടാക്കുന്നത് നമ്മുടെ തന്നെ മുടി കൊണ്ടാണെന്ന്. ഇത്രയും കാലം ഞാന്‍ മനസിലാക്കിയിരുന്നത് ഇത് വല്ല മൃഗ രോമമോ അതല്ലെങ്കില്‍ കറുത്ത കോട്ടന്‍ നൂലോ മറ്റോ ആയിരിക്കും എന്നാണ്.

അപ്പോള്‍ ഈ മുടി ഭയങ്കര സാധനം തന്നെ. മുറിച്ചു കളയുന്നത് വീണ്ടും ഉപയോഗിക്കപ്പെടുന്നു. ഞാന്‍ നാട്ടിലെ നടരാജനെയും ഷാഫിച്ഛനെയും ഓര്‍ത്തു. ഇത്ര വിലയുള്ള സാധനം മുറിച്ചു കളഞ്ഞിട്ടാണല്ലോ അവര്‍ എപ്പോഴും വെറും ബാര്‍ബര്‍മാരായ രണ്ടാം തരം പൗരന്‍മാരായി ജീവിക്കുന്നത്. നമ്മുടെ നാട്ടില്‍ അങ്ങനെയാണ്. മുടി മുറിക്കാന്‍ ഒരാള്‍ വേണം. സലൂണില്‍ പോയി മുടി വെട്ടി തീരുവോളം എല്ലാ ബാര്‍ബര്‍മാരെയും നമുക്ക് വളരെ ഇഷ്ടമാണ്. അവര്‍ പറയുന്നത് അനുസരിക്കും. ചെരിയാന്‍ പറഞ്ഞാല്‍ ചെരിയും. കുനിയാന്‍ പറഞ്ഞാല്‍ കുനിയും. അവര്‍ പറയുന്ന ബടായികള്‍ നമ്മുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും മൂളി കൊടുക്കും. പക്ഷേ മുടി വെട്ട് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മുടി വെട്ടിയവന്‍ ഒസ്സാനോ കാവുതീയനോ അണ്ണാച്ചിയോ ഒക്കെയാണ്. അന്നൊക്കെ നാട്ടില്‍ മുസ്ലിംകളുടെ ഇടയില്‍ ഒസ്സാന്‍മാര്‍ക്ക് തീരെ വിലയില്ല. അവരുമായി കൂട്ടുകൂടുന്നത് പോലും വലിയ നാണക്കേടായി തോന്നിയിരുന്ന ഒരു കാലഘട്ടം പോലും ഉണ്ടായിരുന്നു. ആരും അവരുടെ കുടുംബത്തില്‍ നിന്ന് വിവാഹം പോലും നടത്തിയിരുന്നില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞു ഇന്ന് മുടി കച്ചവടക്കാരനും അത് മുറിക്കുന്നവനും നാട്ടില്‍ മാന്യതയും വിലയുമുള്ള കാലമാണ്. കണ്ടില്ലെ വെറും ഒസ്സാനായ സക്കീര്‍ ഹുസ്സൈന്‍ ഇന്ന് വിലയുള്ള ആളായത്. അദ്ദേഹത്തിന്‍റെ സ്ഥാപനമായ ഗള്‍ഫ് ഗേറ്റിന്‍റെ പരസ്യമില്ലാത്ത മാധ്യമങ്ങള്‍ ഇല്ല. ഗള്‍ഫ് ഗെയ്റ്റ് എത്രയോ പ്രോഗ്രാമുകള്‍ ദിവസവും ചാനലുകളില്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. കൂടെ നാട്ടിലെ മുടി വെട്ട് തമിഴന്മാര്‍ക്ക് വരെ നല്ല കാലമാണിത്. ഒരു കെട്ടു മുടിയില്‍ നിന്നും 40 കോടി സമാഹരിക്കുന്ന ശൈഖിനെയാണ് നാം ഇപ്പോള്‍ കാണുന്നത്. അപ്പോഴാണ് ശാഫിച്ചയില്‍ നിന്നും കാന്തപുരത്തിലേക്കുള്ള ദൂരം ഓര്‍ത്തുപോകുന്നത്.

ഇന്ന് കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആനക്കാര്യം തിരു കേശമാണല്ലോ. (പ്രവാചക മുടി). ഞാന്‍ കാന്തപുരത്തിന്റേതടക്കം ആ കൂട്ടരിലെ പല നേതാക്കളുടെയും പ്രഭാഷണം ശ്രവിച്ചു നോക്കി. അവര്‍ മുടിയെ പറ്റി പറയുന്ന പല കാര്യങ്ങളും പരസ്പര വിരുദ്ധമാണ്. ഒരിക്കല്‍ പറഞ്ഞു ബോംബയിലെ ജാലിയന്‍ ബാല തന്നതാണ്. പിന്നെ പറഞ്ഞു യു.എ.ഇ-ലെ ഖസ്രജി തന്നതാണ്. ഇതില്‍ ഏതാണ് ശരി?. നബി(സ)യുടെ മുടി എന്ന പേരില്‍ അരങ്ങത്തേക്ക് വന്ന ഈ മുടികളെ അതിന്റെ പരമ്പര സ്വീകാര്യമാകാതെ അന്ധമായി കാന്തപുരത്തിനെ വിശ്വസിക്കുന്നവരല്ലാതെ ആര് വിശ്വസിക്കും...?. കാന്തപുരത്തിനെ അനുയായികള്‍ അഭിസംബോധനം ചെയ്യാറുള്ളത് കമറുല്‍ ഉലമ (പണ്ഡിതരിലെ ചന്ദ്രന്‍) എന്നാണ്. ഇപ്പോള്‍ എന്തു പറ്റി ആ ചന്ദ്രന്...? ഗ്രഹണം പിടിച്ചോ? പണ്ടൊക്കെ മദ്രസയിലെ കുട്ടികളില്‍ ആരുടെയെങ്കിലും മുടി വളര്‍ന്നു കണ്ടാല്‍ ഉസ്താദുമാര്‍ ചൂരല്‍ പ്രയോഗം നടത്തുമായിരുന്നു. തൊപ്പി കൊണ്ട് മുടി മറക്കാന്‍ പറയുമായിരുന്നു. പക്ഷേ അതേ മുസ്ലിയാക്കന്മാരുടെ പൂര്‍ണ ചന്ദ്രന്‍ പ്രവാചകന്‍റെതാണ് എന്നു പറഞ്ഞു കാണിക്കുന്ന മുടിയുടെ നീളം കണ്ടു അമ്പരക്കാതിരിക്കാന്‍ വയ്യ. നല്ല നീളമുള്ള മുടി!!!! അപ്പോള്‍ എന്താണ് സുന്നത്ത് എന്താണ് ബിദ്അത്ത്...?

ഒരു കാന്തം കുട്ടിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത് റസൂലിന്‍റെ മുടി വളരും എന്നാണ്. ഇത് കേട്ടപ്പോള്‍ എനിക്കു ഓര്‍മ്മ വന്നത് പണ്ട് സ്കൂളില്‍ പോകുമ്പോള്‍ മയില്‍ പീലി പുസ്തക താളുകളില്‍ വെക്കുന്നതായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ വെച്ച പീലി രണ്ടോ മൂന്നോ ഒക്കെയാകും എന്നാണ് അന്ന് കരുതിയിരുന്നത്. കുട്ടികള്‍ പറഞ്ഞു പരത്തിയിരുന്നത് പീലി പ്രസവിക്കുന്നു എന്നാണ്. ഇപ്പോഴും കാന്തപുരവും കൂട്ടരും പീലിക്കഥയുടെ പിറകെ തന്നെയാണോ? ഏത് സ്വബോധമുള്ള മനുഷ്യനും സംശയിക്കാന്‍ വകയുള്ളത് തന്നെയാണ് കാന്തപുരത്തിന്റെ കൈ വശമുള്ള മുടി. അത്രക്ക് വലുപ്പം ഏതായാലും റസൂലിന്‍റെ മുടിക്ക് ഉണ്ടാവില്ല. മുടി വളരുകയില്ല എന്നു പൂര്‍ണമായും വിശ്വസിക്കുകയും ചെയ്യാം.

കാന്തപുരത്തിന്‍റെ കൈ വശമുള്ള മുടിയെ കുറിച്ച് അല്ലെങ്കില്‍ പാര്‍ട്ടി ഓഫീസിലെ പരിപ്പ് വടയിലോ കട്ടന്‍ ചായയിലോ പെട്ടുപോയ മുടിയെ കുറിച്ച് ആര്‍ക്കും എന്തും പറയാം. മാലിന്യമെന്നോ ഇംഗ്ലിഷില്‍ ബോഡി വേസ്റ്റ് എന്നോ പറയാം. എന്നാല്‍ റസൂലിന്‍റെ മുടിയും വിയര്‍പ്പും മാലിന്യമാണെന്ന് ആര് പറഞ്ഞാലും മുസ്ലീങ്ങള്‍ക്ക് സമ്മതിച്ചു കൊടുക്കാന്‍ പറ്റില്ല. മതത്തിന് പുറത്തുള്ളവര്‍ക്ക് എന്തും പറയാം. സ്വഹാബികള്‍ പ്രവാചകന്‍റെ വിയര്‍പ്പ് സുഗന്ധമായി ഉപയോഗിച്ചുരുന്നു. അവിടുത്തെ ഉമിനീര്‍ പുരട്ടി അനുചരന്മാര്‍ രോഗത്തിന് ശമനം കണ്ടെത്തിയിരുന്നു. ഖാലിദ് ബിന്‍ വലീദ്(റ) ബറകത്തിന് വേണ്ടി റസൂലിന്‍റെ മുടി പടതൊപ്പിക്കുള്ളില്‍ വെച്ചു യുദ്ധം ചെയ്തിരുന്നു. നബിമാരുടെ ശരീരം മണ്ണ് തിന്നുകയില്ല. അവരുടെ ശരീരങ്ങള്‍ക്ക് മറ്റു ശരീരങ്ങളെക്കാള്‍ പ്രത്യേകതകളും ഉണ്ട്. നബി(സ)യുടെ വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സഹാബികള്‍ സൂക്ഷിച്ചിരുന്നു. ഇതൊക്കെ വിവരമുള്ള മുജാഹിദും സുന്നിയും ജമാഅത്തും എന്തിനേറെ ഷിയാ വിഭാഗം പോലും അംഗീകരിക്കും. മാലിന്യമാണെന്ന് വിവരമില്ലാത്തവന്‍ പറഞ്ഞപ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള ആര്‍ജ്ജവം മുസ്ലീങ്ങള്‍ക്ക് ഉണ്ടാവണമായിരുന്നു.

പിണറായി വെല്ലു വിളിച്ചപ്പോള്‍ റസൂലിന്‍റെ മുടി കത്തുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കാന്തപുരം അത് തെളിയിക്കണമായിരുന്നു. ഉറപ്പില്ലെങ്കില്‍ അദ്ദേഹം ഇത്രയും കാലം മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടരെ അന്ധ വിശ്വാസത്തിലേക്ക് തള്ളിയതിന് മാപ്പ് പറയണം. പ്രവാചകന്‍റെ മുടി കത്തുകയില്ലെന്ന് ഏത് ഗ്രന്ഥത്തില്‍ ആണുള്ളത് എന്ന് ജനങ്ങളെ ബോധ്യ പ്പെടുത്തേണ്ട ബാധ്യത പണ്ഡിതന്‍മാര്‍ക്കുണ്ട്. അവര്‍ പറയുന്നത് സത്യമാണെങ്കില്‍ മറ്റ് മതസ്ഥരെ ഈ മതത്തിലേക്ക് അത് ആകര്‍ഷിക്കുകയും ചെയ്യുമല്ലോ. ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് ഒരു കെട്ടു മുടിയില്‍‍ തൂങ്ങി വിവാദങ്ങളുണ്ടാക്കി പൊതു സമൂഹത്തിനു മുമ്പില്‍ മുസ്‌ലിം സമുദായത്തെ "കത്തിച്ചു" നോക്കുകയാണ്.

12 comments:

Unknown said...

കത്താതെ കത്തുന്ന മുടി: കാന്തപുരത്തോട്‌
ഒന്‍പതു ചോദ്യങ്ങള്‍ ..
http://preksakan.blogspot.com/2012/02/blog-post.html

Artof Wave said...

പറയേണ്ടത് പറഞ്ഞു
ആശംസകള്‍

Binhamid said...

ആശയ വിരോധത്തില്‍ നിന്ന് ഉടലെടുത്ത അമര്‍ഷത്തിന്റെ ബ്ലോഗിലൂടെയുള്ള അവതരണം.കാടടച്ചുള്ള വെടിവെപ്പ്.തരക്കേടില്ല....

arshu said...

യാ റബ്ബി എന്നാണ് ഇതിനു ഉത്തരം കിട്ടുക

Created by "Malayalam for iPhone/iPad" App http://bit.ly/gwIGw5

MOIDEEN ANGADIMUGAR said...

നബി അംഗശുദ്ധി വരുത്തുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ അംഗശുദ്ധിവരുത്താന്‍ ഉപയോഗിച്ച വെള്ളത്തിനും തുപ്പുനീരിനും വേണ്ടി വിശ്വാസികളില്‍ ചിലര്‍ ഓടിയെത്തുമായിരുന്നു. മാത്രമല്ല, അവരത് കുടിക്കുകയും ദേഹത്ത് തേച്ചുപിടിപ്പിക്കുകയും കൂടി ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ നബി അവരോട് എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ആരാഞ്ഞപ്പോൾ, അള്ളാഹുവിന്റെ അനുഗ്രഹം തേടിയാണങ്ങനെ ചെയ്യുന്നതെന്ന മറുപടിയാണവര്‍ നല്‍കിയത്. അന്നേരം ഈ അതിരുകവിഞ്ഞ സമീപനം കൈക്കൊള്ളുന്നത് പ്രവാചകന്‍ തന്നെ നിരുത്സാഹപ്പെടുത്തിയത് ഇബ്‌നുശിഹാബ് റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ നിന്ന് വ്യക്തമാണ്.
തിരുകേശം കത്തുകയില്ലെന്ന വാദത്തിന് ഇസ്ലാമികമായി യാതൊരു അടിത്തറയുമില്ല.

Mohiyudheen MP said...

പിണറായി വെല്ലു വിളിച്ചപ്പോള്‍ റസൂലിന്‍റെ മുടി കത്തുകയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ കാന്തപുരം അത് തെളിയിക്കണമായിരുന്നു. ഉറപ്പില്ലെങ്കില്‍ അദ്ദേഹം ഇത്രയും കാലം മുസ്‌ലിം സമുദായത്തിലെ ഒരു കൂട്ടരെ അന്ധ വിശ്വാസത്തിലേക്ക് തള്ളിയതിന് മാപ്പ് പറയണം


പ്രസക്തമായ നിരീക്ഷണങ്ങൾ ഭായ്... ഉസ്താദ് വിശ്വാസികളെ ഇപ്പോൾ ബാധിച്ചിരിക്കുന്ന ആശയക്കുഴപ്പത്തിന് എന്തെങ്കിലും ഒരു പ്രതിവിധി ചെയ്തേ പറ്റൂ.. അല്ലേ

ആശംസകൾ !

ആചാര്യന്‍ said...

മുടി കത്തിച്ചാല്‍ കത്തും ....

ആഷിക്ക് തിരൂര്‍ said...

ഷുക്കൂര്‍ ഭായി ...കത്താതെ കത്തുന്ന മുടി: നാടുകാര്‍ കത്തികുന്നവരെ ഉണ്ടാകും ...
വീണ്ടും വരാട്ടോ ... സസ്നേഹം

Anonymous said...

ഹാദ ഏപി കൌമുന്‍ ജഹിലൂന്‍? അല്ലാതെ എന്തു പറയാന്‍

Jefu Jailaf said...

മനുഷ്യന്മാരെ ആകെ സുയ്പ്പാക്കുക എന്ന് പറഞ്ഞാ അത് ഇതാണ്. ആരെയ വിശ്വസിക്കാ.. ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് പടചോനറിയാം ശുക്കൂര്‍ ഭായി നന്നായി പറഞ്ഞു.

Joselet Joseph said...

എന്റെ പരിമിതമായ അറിവില്‍ നിന്നും ഈ വിഷയത്തില്‍ ഞാന്‍ വായിച്ച ഒട്ടു മിക്ക ലേഖനങ്ങളും കമെറ്റ്‌ മാത്രം ഉന്നം വച്ച് എഴുതിയ പരിഹാസ പോസ്റ്റുകള്‍ ആയിരുന്നു.
ഷുക്കൂറിന്റെ ഈ പോസ്റ്റില്‍ അന്ധവിശ്വാസങ്ങളെ തൃണവത്ഗണിച്ചുകൊണ്ടുള്ളതികഞ്ഞ തികഞ്ഞ ദൈവ ഭക്തി ഞാന്‍ കാണുന്നു.

വളരെനാളുകള്‍ക്ക് ശേഷമാണ് ഇവിടെ, പുതിയ പോസ്റ്റുകള്‍ എഴുതുക, ആശംസകള്‍!!

ജയരാജ്‌മുരുക്കുംപുഴ said...

AASHAMSAKAL....... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......