Sep 3, 2011

ഞങ്ങളെ സ്നേഹിച്ച ... ഞങ്ങള്‍ സ്നേഹിച്ച... ലേസിയത്തിന്റെ സ്വന്തം അബ്ദുച്ച.....



അബ്ദുച്ച എന്ന വ്യക്തിയെ  കുറിച്ച്  എഴുതാന്‍  ശ്രമിച്ചപ്പോഴാണ് ഓര്‍മ്മ എന്നത് ഒരു വലിയ അനുഭവമാണെന്നു തിരിച്ചറിവുണ്ടാകുന്നത്,  ലേസിയത്ത് പള്ളിയുടെയും നാടിന്‍റെയും വിഷയം എഴുതുമ്പോള്‍ അതില്‍ 'അബ്ദുച്ചാ' എന്നത്  വിട്ടു കളയാന്‍ പറ്റാത്ത ഒരു പേരാണ്.  അബ്ദുച്ചാനെ  ഞാന്‍ എപ്പോഴാണ് കാണാന്‍ തുടങ്ങിയത്, എപ്പോഴാണ് പുള്ളതോട്ടി കാരനായ അബ്ദുല്ല ലേസിയത്തുകാരനായത് .... പണ്ടെങ്ങോ ഉപ്പ ഇമാമായ പള്ളിയുമായി തനിക്കുള്ള ബന്ധം ഊട്ടി ഉറപിച്ചതായിരിക്കും ചിലപ്പോള്‍ അബ്ദുച്ച... എഴുത്തില്‍ ആദ്യം അബ്ദുല്ല പുള്ളത്തോട്ടി എന്ന പേരില്‍ അറിയപെട്ട അബ്ദുച്ച ... കുറച്ചു കഴിഞ്ഞാണ് അബ്ദുല്ല ലേസിയത്ത്  എന്ന പേര് സ്വീകരിക്കുന്നത്‌ ..


പകല്‍ വെളിച്ചം പോലും അന്യമായിരുന്ന ചെമ്മനാട് ഗ്രാമത്തെ മറ്റു അയല്‍പക്ക സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരുന്നത് ലേസിയത്ത്  ഭാഗത്ത്‌ കൂടെയുള്ള " നട" വഴിയായിരുന്നു, അക്കാലത്താണ് ലേസിയത്ത്  മുസ്ലിം യുവജന വേദി  സ്ഥാപിക്കുന്നത്  .... അത്  1984-ലാണ് എന്നാണ് എന്‍റെ ഓര്‍മ ..  ഇതേ അബ്ദുച്ച എന്ന് ഞങ്ങള്‍  വിളിക്കുന്ന അബ്ദുല്ല ലേസിയത്താണ്  അതിന്റെ സ്ഥാപകന്‍. നാട്ടുക്കാരെ  ബോധവല്‍ക്കരിക്കാന്‍, യുവാക്കളെ പള്ളിയുമായി അടുപ്പിക്കാന്‍, മഹലിലെ പാവങ്ങളെ സഹായിക്കാന്‍ തുടങ്ങിയ നല്ല കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് അത് തുടങ്ങിയത്...  തനിക്കു മാതാ പിതാക്കളില്‍ നിന്നും കിട്ടിയ  നേരായ  ആശയങ്ങളും ഇസ്ലാമിന്റെ സ്വാധീനവും വേദി ആരംഭിക്കുന്നതിനു പ്രചോദനമായി കണ്ടിരിക്കണം അബ്ദുച്ച.. അത് അങ്ങനെ ആവനെ തരമുള്ളൂ .. കാരണം നാടിനെ സ്നേഹിച്ച നാട്ടുക്കാര്‍ക്ക്‌ വേണ്ടി ജീവിച്ച രാമന്തള്ളി ഉസ്താദിന്‍റെ മകന്‍ അങ്ങനെയല്ലേ ആവുകയുള്ളൂ . ജാതി-മതം നോക്കാതെ   ... അതേപോലെ  ജമാഅത്, സുന്നി, മുജാഹിദ് സംഘടന പക്ഷപാതിത്വം നോക്കാതെ  നാട്ടുക്കാര്‍ സ്നേഹിച്ച ഉസ്താദിന്‍റെ മകന്‍ അങ്ങനെ തന്നെ ആയിരിക്കണം.  നാട്ടില്‍ സംഘടനകള്‍ തമ്മില്‍ പോരടിക്കാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണല്ലോ. വേദി  സ്ഥാപിക്കനായി തിരഞ്ഞെടുത്ത സ്ഥലം ലേസിയത്തിന്റെ ഹൃദയ ഭാഗമായ പള്ളി തന്നെ ആയിരുന്നു, അന്നും ഇന്നും  എന്നും ഞങ്ങള്‍ ലേസിയക്കാര്‍ക്ക്   ഇരിക്കാന്‍ നാട്ടു വര്‍ത്താനം പറയാന്‍ ആകെയുള്ള ഇടം പള്ളി തന്നെയാണ്, വേദിയുടെ പ്രഥമ പ്രസിഡന്റ്‌ സീ.എല്‍.അബ്ദുച്ചയും സെക്രട്ടറി സീ.എല്‍.മുനീര്ച്ചയും ആയിരുന്നു എന്നാണ് എന്‍റെ ഓര്‍മ, കൂടെ ഭാരവാഹികളായി ശരീഫ്, സാജു, സാമു, മായിച്ച, കായിഞ്ഞി, മാഹിന്‍ ഇവരൊക്കെ ഉണ്ടായിരുന്നു.  ഇതില്‍  ഞാനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാള്‍..   പ്രായം കുറഞ്ഞ എന്നെയും അതില്‍ ഉള്‍കൊള്ളിക്കാന്‍ സന്‍മനസ്സ് കാണിച്ചു അബ്ദുച്ച.. അന്ന് പ്രായത്തില്‍ മുതിര്‍ന്നവര്‍ അബ്ദുച്ചാനെ 'വേദി അബ്ദു' എന്ന് തമാശ രൂപത്തില്‍  വിളിച്ചിരുന്നത്‌ ഇന്നും ഞാന്‍ ഓര്‍ക്കുന്നു .. ഞങ്ങളുടെ  ചെര്‍ച്ച (യാസരിന്റെ ഉപ്പ) മുതല്‍ .. ഇഹലോകം വിട്ടുപിരിഞ്ഞ മൊയിച്ച, ആമുച്ച, എന്‍റെ മൂത്ത, എന്‍റെ ഉപ്പ ഇവരൊക്കെ ഇതില്‍ പെടും,  അന്ന് ഈ പള്ളിക്ക് ഒരു നല്ല കക്കൂസ് പോലും  ഉണ്ടായിരുന്നില്ല... കല്ലും ,മണ്ണും ഉപയോഗിച്ച് ഭിത്തി നിര്‍മിച്ച കക്കൂസില്‍ നിന്നും താഴെ  കവുങ്ങിന്‍ തോപ്പിലേക്ക് മൂത്രമൊഴിക്കും.. അത് പുതുക്കി നിര്‍മിക്കാന്‍ അബ്ദുച്ചയാണ് പരിശ്രമിച്ചത് .. കൂടെ പള്ളിയില്‍ ഉസ്താദിനു താമസിക്കാനുള്ള മുറി  കെട്ടാനും അബ്ദുച്ച തന്നെയായിരുന്നു മുന്നില്‍, ചെമ്മനാട് ജമാഅതിന്റെ കീഴിലുള്ള  പാവപ്പെട്ട  കുട്ടികള്‍ക്ക് കുട, സ്കൂള്‍ ബുക്ക്‌ വിതരണം നടത്താന്‍ മുമ്പില്‍ നിന്നതും ഈ അബ്ദുച്ചയാണ്, ഒരു പ്രാവിശ്യം കുട വിതരണം നടത്തുന്ന ദിവസം  സ്വന്തമായി കുടയില്ലാതെ അബ്ദുച്ച മഴ നനഞ്ഞു വന്നതും എന്റെ മനസ്സില്‍ മറക്കാതെ കിടക്കുന്നു.

അങ്ങനെ യഥാര്‍ത്ഥ ജീവിത കഥയില്‍ അന്നം തേടിയുള്ള അലച്ചിലില്‍  ഞങ്ങള്‍ ഓരോര്‍ത്തര്‍  ഓരോ വഴിക്കായി അതിനിടയില്‍ അബ്ദുച്ച ഞങ്ങളുടെ ലേസിയത്തിനെ  വിട്ടു എവിടെ പോയെന്നു അന്വോഷിക്കാന്‍ എനിക്ക് പറ്റിയില്ല, അത് പോലെ തന്നെ ആയിരിക്കാം  മറ്റുള്ളവരുടെയും  അവസ്ഥ.    ഇതിനിടയില്‍ അബ്ദുച്ച എഴുതിയ കുറെ പാട്ടുകള്‍ കേട്ടിരുന്നു... മാലിക് ദീനാര്‍ ഉറൂസ്, ഉപ്പാപ്പ  ഉറൂസ് ഇതിന്റെയൊക്കെ പാട്ടുകള്‍, ആ സമയത്ത് ചിലപ്പോള്‍ ഓര്‍ക്കും ഞങ്ങളുടെ അബ്ദുച്ചയെ ...

കുറച്ചു വര്ഷം മുംബ് ഞാന്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കുറെ സാധനങ്ങള്‍ പെറുക്കി കളയുന്നതിനിടയില്‍ ഒരു ബുക്ക്‌ കയ്യില്‍ കിട്ടി.. എന്തും കയ്യില്‍ കിട്ടിയാല്‍ വായിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടാവാം അതും വായിച്ചു, യുവജന വേദിയുടെ  വര്‍ഷങ്ങള്‍ പഴക്കമുള്ള  മുമ്പുള്ള ഒരു പുസ്തകം ആയിരുന്നു അത്,  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഞങ്ങള്‍ യോഗം ചേര്‍ന്ന് എഴുതിയ കാര്യങ്ങള്‍, ഒരു ഓര്‍മ കുറിപ്പായത് കൊണ്ട് അത് എടുത്തു അലമാരയില്‍ വെച്ചു, അത് അവിടെ ഇരിക്കട്ടെയെന്നു ഭാര്യയോട് പറഞ്ഞു.  അങ്ങനെ ഞാന്‍ കുറെ പ്രാവിശ്യം നാട്ടില്‍ പോവുകയും വരികയും ചെയ്തു. രണ്ടു വര്ഷം മുംബ് അപ്രതീക്ഷിതമായി ഞാന്‍ നാട്ടില്‍ ഉള്ളപ്പോള്‍ അബ്ദുച്ചനെ ലേസിയത്ത് പള്ളിയില്‍ നിസ്കരിക്കുനത് കാണുന്നത്, എന്തോ അത്ഭുത ഭാവത്തില്‍ എന്നെ കുറെ നേരം നോക്കി നിന്ന അബ്ദുച്ച, പഴയ കാര്യങ്ങള്‍ ഓര്‍മിക്കുന്ന തിരക്കിലായി, എല്ലാരേയും അന്വഷിച്ചു, ഞാന്‍ അബ്ദുച്ചനെ വീട്ടിലേക്ക്  കൂട്ടി കൊണ്ട്പോയി കൂറെ നേരം സംസാരിച്ചു, എനിക്ക് ലഭിച്ച ആ പഴയ ബുക്ക്‌ കയ്യില്‍ കൊടുത്തപ്പോള്‍ ആ മുഖത്ത് കണ്ട ഭാവം എനിക്ക് എഴുതാന്‍ പറ്റുന്നതിലും കൂടുതലായിരുന്നു, അത് എന്നോട് ചോദിച്ചു വാങ്ങി പോയ അബ്ദുച്ചാനെ  പിന്നെ ഞാന്‍ കണ്ടിട്ടില്ല...   

പണ്ട് ലേസിയത്ത്  പള്ളിയുടെ മുമ്പിലൂടെ നടന്നു പോകുന്ന മുസ്ലിം സ്ത്രീകളെ കുറിച്ചു അബ്ദുച്ച പാടാറുള്ള ഒരു രണ്ടു വരിയുണ്ട് അവര്‍ ഉസ്താദിനെ കാണുമ്പോള്‍ തല മറക്കുന്നതിനെ കുറിച്ച്   "ഈ മുക്രിച്ചാനെ കാണുമ്പോള്‍ മക്കന തലക്കിടുന്നു .. മുക്രിച്ച നീങ്ങിടുമ്പോള്‍ മക്കന എടുത്തിടുന്നു"  വളരെ അര്‍ത്ഥവത്തായ വരികള്‍.. ഒരു വരിയില്‍ ഒരു സമുദായത്തിന്റെ സ്ത്രീകളുടെ അവസ്ഥ വിവരിച്ച കവി ... അബ്ദുച്ചാക്ക്  അല്ലാതെ മറ്റാര്‍ക്ക് ഇതെഴുതാന്‍ കഴിയും... .

ആരെയും കുറ്റം പറയാത്ത അറിഞ്ഞ്  കൊണ്ട് ഒരു കുറ്റവും ചെയ്യാത്ത നിഷ്കളങ്കനായ ഒരു വ്യക്തിയാണ് അബ്ദുച്ച ...  ഒരു നല്ല മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉള്ള ഒരാള്‍ ... നമ്മുക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ പറ്റിയ ഒരാള്‍ ..പല ആള്‍ക്കാരിലും നല്ലതും ചീത്തയും ഉണ്ടാകാറുണ്ട് പക്ഷെ നല്ലത് മാത്രം എല്ലാര്ക്കും കാണാന്‍ കഴിയുന്ന -പറയാന്‍ കഴിയുന്ന ഒരാള്‍ അതാണ് അബ്ദുച്ച... അല്ലാഹുവേ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കേണമേ .....ആമീന്‍ യാ റബ് അല്‍ ആലമീന്‍...

8 comments:

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി said...

നല്ല ഓര്‍മ്മകള്‍ ...അഭിനന്ദനങ്ങള്‍ .........

Jefu Jailaf said...

മനോഹരമായി എഴുതി സുഖമുള്ള ഓര്‍മകളെ..

മെഹദ്‌ മഖ്‌ബൂല്‍ said...

ഇങ്ങനെ കുറെ നല്ല മനുഷ്യര്‍ ,,,

നന്നായി അവതരിപ്പിച്ചു ...................

Shukoor Ahamed said...

ഇങ്ങനെയുള്ള നല്ല ആള്‍ക്കാരെ നമ്മുക്ക് എവിടെ കാണാന്‍ അല്ലെ? അത്രയ്ക്കും ഞങ്ങള്‍ സ്നേഹിച്ച ഒരാളായിരുന്നു ഞങ്ങളുടെ അബ്ദുച്ച ....

ഷഫീക്ക് തിരൂര്‍ said...

ശുകൂര്‍ ബായ്, വളരെ നന്നായി ഒരു വ്യക്തിയെ കുറിച്ച വിവരിച്ചു അതെ പോലെ ഒരു നാടിന്റെ സ്പന്ദനത്തെ അറിയിച്ചു നിങ്ങളുടെ നാട് എനിക്ക് നേരിട്ട് കണ്ടത് പോലെതോന്നി.

സലിം പച്കോ said...

നന്നായിടുണ്ട്. ശുകൂര്‍ വായിച്ചപ്പോള്‍ താങ്ങളുടെ ഗ്രാമം മനസ്സില്‍ ഒരു ചിത്രത്തിലെന്നപോലെ കണ്ട പ്രതീതി, ഇതുപോലുള്ള മനുഷ്യരെ ഇപ്പോള്‍ ഒരിടത്തും കാണാന്‍പറ്റില്ല... സലിം പച്കോ

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഇത് പോലെ ഉള്ള നിഷ്കളങ്കരായ കുറെ മനുഷ്യര്‍ ആണ് നമ്മളെയൊക്കെ ഇപ്പോഴും നന്മകള്‍ നശിച്ചിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്നത് ...നല്ല പോസ്റ്റ്‌ ,അവതരണം നന്നായിരിക്കുന്നു ,..

ബഷീര്‍ റസാക്ക് said...

ഇതുപോലുള്ള നല്ല മനുഷ്യര്‍ ഇനിയും ഉണ്ടാവട്ടെ, നന്നായി എഴുതി.