"കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" .....
എനിക്കും ചിലത് പറയാനുണ്ട്....
വര്‍ഷങ്ങള്‍ക്കു മുമ്പ് ചെമ്മനാട്ടെ യു.പി സ്കൂളിലെ ഒരു ടീച്ചര്‍ തൊട്ടടുത്ത കടയില്‍ പോയി "ടംഗ് ക്ലീനര്‍" ഉണ്ടോ?.... ഇല്ലല്ലോ ടീച്ചറെ .... അതെന്താ അവിടെ തൂങ്ങുന്നത് ... ഇതാണോ ടീച്ചറെ" ....ഇംഗ്ലീഷില്‍ പറഞ്ഞ ടംഗ് ക്ലീനര്‍ എന്താണന്ന് അറിയാത്ത കടക്കാരന് ഉടനെ പറഞ്ഞു ടീച്ചര്‍ ചോദിച്ച സാധനം അവിടെ ഇല്ലായെന്ന് .... ടീച്ചര്‍ പറഞ്ഞത് മനസിലായില്ല എന്ന് അറിഞ്ഞാല്‍ നാണകേടല്ലേ?
ശ്രീ.രവീന്ദ്രന് രാവണേശ്വരം മാധ്യമം വാരികയില്‍ എഴുതിയ "കേരളത്തില്‍നിന്ന് കാസര്‍കോട്ടേക്കുള്ള ദൂരം" എന്ന ലേഖനം വായിച്ചപോള്‍ ഇതാണ് എനിക്ക് ഓര്മ വന്നത്. ഒരു നാടിനെ കുറിച്ച് എഴുതുമ്പോള്‍ എഴുത്തുക്കാരന് ആ നാടിനെ കുറിച്ച് നല്ല സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കണം കൂടെ ആ നാടിനെ കുറിച്ച് നന്നായി മനസ്സിലാക്കണം അല്ലാതെ മുന്‍ വിധിയോടെ അതിനെ സമീപിക്കരുത്, തോന്നിയത് വിളിച്ചു പറയുകയും പേന ഉന്തുകയുമല്ല ചെയ്യേണ്ടത്... തനിക്കറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ എല്ലാം അറിയുന്നവനെ പോലെ നടിക്കുന്നത് ആപത്താണ്, തന്റെ മനസ്സിലെ ഭാവനകള്‍ സത്യമാണെന്ന രൂപത്തില്‍ അപതരിപിക്കുകയും ചെയ്യരുത് , ഒരെഴുത്തുക്കാരന് നാടിന്റെ സ്പന്തനം അറിയാന്‍ ശ്രമിക്കുന്നത് എപ്പോഴും നല്ലതായിരിക്കും, അത് സ്വന്തം നാടിനെ കുറിച്ച് എഴുതുമ്പോഴെങ്കിലും ഇല്ലെങ്കില്‍ അര്‍ത്ഥമില്ലാതെ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ അവസാനം കണ്ടു നില്‍ക്കുന്നവര്‍ക്ക് തന്റെ മുമ്പില്‍ തൂങ്ങി കിടക്കുന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരേണ്ടി വരിക തന്നെ ചെയ്യും. ടീച്ചര്‍ "ടണ്‍ ക്ലീനര്‍" കാണിച്ചു കൊടുത്തതു പോലെ.
സപ്ത ഭാഷ നാടായ കാസറകോഡ് നന്നായി ഏതെങ്കിലും ഒരു ഭാഷ സംസാരിക്കുന്നവര്‍ കുറയും, ശുദ്ധമായ മലയാളവും കന്നടയും, തുളുവും,കൊങ്കണിയും, ഉര്‍ദുവും, എന്തിനേറെ ബേരി പോലും നന്നായി സംസാരിക്കാന്‍ കഴിവുള്ളവര്‍ ഈ നാട്ടില്‍ കുറയും, കാരണം നന്നായി സംസാരിക്കാന്‍ അവര്‍ ശ്രമിച്ചിട്ടില്ല അതിന്റെ ആവിശ്യവും വന്നിട്ടില്ല , പക്ഷേ ഏത് ഭാഷ സംസാരിച്ചാലും മറ്റുള്ളവരോട് മാന്യമായി ഇടപെടുന്ന മാന്യന്മാരാണ് "കാസറകോടുകാര്‍", എല്ലാവരോടും തനിക്കറിയാവുന്ന ഭാഷയില്‍ നന്നായി സംസാരിക്കും, സ്നേഹത്തിലും, ഇടപെടലുകളിലും, സഹജീവികളോടുള്ള പെരുമാറ്റത്തിലും മറ്റും ഈ നാട്ടുക്കാരെ കവച്ചു വെക്കാന്‍ കേരളക്കരയില്‍ എന്നല്ല ലോകത്ത് തന്നെ വേറെ നാടില്ല. കാരണം പല നല്ല സംസ്കാരങ്ങളുടെയും സംഗമ ഭൂമിയാണ് ഈ കാസറഗോഡ്. .
സാധാരണ കാണുന്നതാണ് ജില്ലയില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വരും ചില കോണില്‍ നിന്നും ഉടനെ ഒരു കമന്റ്, ഗള്‍ഫ് പണത്തിന്റെ അതി പ്രസരം. എന്താണ് ഈ ഗള്‍ഫ് പണം ... ആരാണ് അവിടെ നിന്ന് "വാരി കോരി" ഇങ്ങോട്ട് കൊണ്ടു വരുന്നത് , കാസറകോട് പ്രദേശത്തെ എഴുപതു ശതമാനത്തില്‍ കൂടുതല്‍ ഗള്‍ഫ്ക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. അവര്‍ അവിടെ നിന്നും എന്തു കുന്തം വാരി കൊണ്ട് വരാനാണ്, രാത്രി പകല്‍ എന്നില്ലാതെ ഹോട്ടലുകളില്‍ ചായ പതച്ചും , പൊറോട്ട അടിച്ചും, ഷവര്‍മ ചെത്തിയും 15-16 മണികൂറുകള്‍ ജോലി ചെയ്താലും, പച്ചക്കറി മാര്‍ക്കെറ്റില്‍, സൂപ്പര്‍ മാര്‍ക്കെറ്റില്‍ മണികൂറുകള്‍ ജോലി ചെയ്താലും, കൂടെ അറബി വീട്ടില്‍ ദിവസം മുഴുവന്‍ ജോലി ചെയ്താലും, അവസാനം കിട്ടുന്ന വേതനം വളരെ തുച്ചമായിരിക്കും ആ പണം കൊണ്ട് അവന്റെ മക്കള്‍ എന്തു "കണ കുണാ " കാണിക്കാനാണ് . പിന്നെ കുറച്ചു സമ്പന്നരെ എല്ലായിടത്തേയും പോലെ നമ്മുക്ക് ഇവിടെയും കാണാം അവരും ഇതേപോലെ വളരെ മുമ്പേ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് സമ്പാദിച്ച് ഉണ്ടാകിയത് തന്നെയാണ് അവരുടെ സമ്പത്തും, ഹോട്ടലിലോ മറ്റോ എല്ലുമുറിയെ പണിയെടുത്തു പിന്നെ സ്വന്തമായി ചെറിയ കഫറ്റെരിയ, ബസ്ത, തുടങ്ങി ഘട്ടം ഘട്ടമായി മുകളിലേക്ക് എത്തിയവരാണ് അവരും. വെറുതെ എന്തിനാ ഈ എഴുത്തുക്കാരും മറ്റും എന്തിനും ഏതിനും ഈ നാട്ടിലെ പ്രവാസിയുടെ നേരെ കുതിര കയറാന്‍ ശ്രമിക്കുന്നത്.
ചെയ്യുന്ന ജോലിയില്‍ വ്യക്തി മുദ്ര പതിപിച്ചവര്‍ കാസറകോടുകാര്‍, ജോലിയെടുക്കുന്ന സ്ഥലങ്ങളില്‍ അത് ഗള്‍ഫില്‍ ആവട്ടെ നമ്മുടെ നാട്ടിലെ തന്നെ ബോംബെ, ബാംഗ്ലൂര്‍ ആദ്യ കാലങ്ങളില്‍ അന്നം തേടി പോയ സിലോണ്‍ ഇവിടങ്ങളിലൊക്കെ ... തങ്ങളുടെ സംസ്ക്കാരം കൈ വിട്ട ഒരു കളിയിലും അവര്‍ എര്പെട്ടിട്ടില്ല, കൂടെ ആരെയും ദ്രോഹിച്ചിട്ടില്ല അത് മതത്തിന്റെയോ, ജാതിയുടെയോ, ഭാഷയുടെ എന്തിനേറെ രാഷ്ട്രീയത്തിന്റെ പേരിലെങ്കിലും ... അങ്ങനെയുള്ള ചരിത്രങ്ങള്‍ ഈ നാട്ടുക്കാരുടെ പേരില്‍ എവിടേയും രേഖ പെടുത്തിയിട്ടില്ല. ... പഴയ കാലത്ത് കുടുംബത്തിന്റെ കഷ്ടപാടിനു മുമ്പില്‍ പകച്ചു പോയ അവര്‍ ചെറുപത്തിലെ നാട് വിടേണ്ടി വന്നിട്ടുണ്ട് അത് കൊണ്ടായിരിക്കാം വിദ്യാഭ്യാസം മുന്‍ കാലങ്ങളില്‍ ചിലരില്‍ മാത്രം ഒതുങ്ങി പോയിരുന്നു ഇപ്പോള്‍ അങ്ങനെയല്ല അവസ്ഥകള്‍ മാറി എല്ലാ വീട്ടിലും നല്ല വിദ്യാഭ്യാസമുള്ള ഒരു പുതു തലമുറയെ കാണാന്‍ സാധിക്കും ... ആ തലമുറയ്ക്ക് എവിടെയാണ് "കച്ചറയുണ്ടാക്കാന്" സമയം.
പിന്നെ നാട്ടിലെ "ദുരാചാര ഗുണ്ടഗള്ക്ക്" മാധ്യമങ്ങളും പോലീസും ചാര്‍ത്തിയ നല്ല പേരാണ് "സദാചാര പോലീസ്" അവരുടെ പേക്കൂത്തുകള്‍ കാസറഗോഡ് ധാരാളം നടന്നു എന്ന് എഴുത്തുക്കാരന് സമര്‍ത്ഥിക്കുന്നത് കണ്ടു, ശക്തമായി പ്രതികരിക്കേണ്ടത് തന്നെയാണ് ഈ തിന്മയെ, സര്‍ക്കാരും, കോടതിയും, പോലീസും ഉള്ള ഒരു നാട്ടില്‍ കുറെ ആളുകള്‍ നിയമം കയ്യിലെടുക്കുന്നത് ആപല്‍കരമാണ്, പക്ഷെ കേരളത്തിലെ പല ജില്ലകളില്‍ നടന്നതിന്റെ ഒരു ചെറിയ ശതമാനം വാര്‍ത്തകള്‍ പോലും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അതാണ് യഥാര്‍ത്ഥ വസ്തുത, എന്തിനാ വെറുതെ ആരെയോ സഹായിക്കാന്‍ കള്ളങ്ങള്‍ വിളിച്ചു പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്നത്.
ഗള്‍ഫ്ക്കാരുടെ ഭാര്യയും കുട്ടികളും തനിച്ചു താമസിക്കുന്ന വീടുകളില്‍ രാത്രിയുടെ മറവില്‍ ഒളിഞ്ഞു നോക്കാനും, അല്ലെങ്കില്‍ അവരെ വശീകരിച്ചു വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്കു ആരെങ്കിലും വന്നു കഴിഞ്ഞാല്‍ അത് പോലിസ്സോ അല്ലെങ്കില്‍ മറ്റു വല്ലോരുമാണോ എന്ന് നോക്കി നാട്ടുകാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കൈ കാര്യം ചെയ്യാന്‍ സമയം കിട്ടിയെന്നു വരില്ല, മജ്ജയും മാംസവും ഉള്ള ഏത് മനുഷ്യരും ഇത് തന്നെ ചെയ്യും, "സ്പോട്ടില്‍ "പിടിക്കപെട്ടാല്‍ അടി ഉറപായിരിക്കും അത് എവിടെയാണെങ്കിലും , ഇതുപോലുള്ള സംഭവങ്ങള്‍ കാസര്‍കോട് മാത്രമല്ല നടക്കാറുള്ളതും നടന്നിട്ടുള്ളതും. അതിനെ പെരുപിച്ചു കാട്ടി നാട്ടില്‍ "സദാചാര പോലീസ്" വിലസുന്നു എന്ന് പറയുന്നത് വളരെ മോശമായിരിക്കും.
അധ്യാപകരെ എന്നും സ്നേഹത്തോടെ നോക്കി കാണുന്നവരാണ് ഞങ്ങള്‍ , അവരിലെ മതമോ ജാതിയോ ആരും ഇതുവരെ നോക്കിയിട്ടില്ല ഇനി നോക്കുകയുമില്ല. കുട്ടികളോട് സംസാരിച്ചത് കൊണ്ട് ഒരു അധ്യാപകന് എവിടെയും ആക്രമിക്കപെട്ടതായി ഒരു വാര്‍ത്തയും ഈയുള്ളവന്റെ കണ്ണില്‍ പെട്ടിട്ടില്ല.. എന്റെ നാടായ ചെമ്മനാട് നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് ഹൈ സ്കൂളുകള്‍ ഉണ്ട് (ഒന്ന് ചെമ്മനാട് ജമാ അത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മന്റ് സ്കൂള്‍ മറ്റേത് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂള്‍) അതിലെ അധ്യാപകരും കുട്ടികളും സ്നേഹത്തോടെ നടന്നു പോകുന്ന കാഴ്ചകള്‍ എപ്പോഴും കാണുന്നവനാണ് ഈയുള്ളവനും.
ഈ നാട്ടില്‍ ജോലി തേടി വരുന്ന "ഓഫീസ് ജീവനക്കാര്‍ മുതല്‍ ഹോട്ടല്‍ ജോലിക്കാര്‍"വരെ ആരായിരുന്നാലും പുറം നാട്ടുകാരോട് എന്നും സ്നേഹത്തോടെ വര്‍ത്തിക്കുന്നവരാണ് ഈ നാട്ടുക്കാര്. കാരണം പ്രവാസത്തിന്റെ വിരഹവും ദുഖവും കാസ്രോട്ടാര്‍ക്ക് നന്നായറിയാം ഗള്‍ഫിലും, അതേപോലെ ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരാണ് ഈ നാട്ടുക്കാരില്‍ ഭൂരിഭാഗവും എന്നത് തന്നെ അതിനു കാരണം.
ഗള്‍ഫില്‍ വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന ഈയുള്ളവന് തെക്കന്‍ ജില്ലക്കാരായ നല്ല സുഹൃത്തുക്കള്‍ ധാരാളമുണ്ട് അവരൊക്കെ എന്റെ നാടിനെ കുറിച്ച് പറയുമ്പോള്‍ വളരെ ബഹുമാനത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ, കാരണം അവരുടെ കുടുംബത്തില്‍ നിന്നും ഒരാളെങ്കിലും ഈ നാട്ടില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ടാകും അവര്‍ ഇവിടെ തന്നെ ഭൂമി വാങ്ങി വീട് കെട്ടി താമസിക്കുന്നു ... അവരൊക്കെ നാട്ടിലെ കുടുംബക്കരോടും മറ്റും ഈ ജില്ലയെ കുറിച്ച് വളരെ നല്ല വിഷയങ്ങളാണ് നല്‍കാറുള്ളത്, നാടിന്റെ സംസ്ക്കാരം ആതിഥ്യ മര്യാദ, പെരുമാറ്റം ഇതൊക്കെ ......മറു നാട്ടുക്കാര് നമ്മുടെ നാടിന്റെ സംസ്ക്കാരത്തെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോള്‍ ... കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും വര്‍ഷങ്ങളോളം ഇവിടത്തെ പത്ര പ്രവര്‍ത്തകനായി ജീവിക്കുകയും ചെയ്യുന്ന ശ്രീ.രവീന്ദ്രന് ഈ നാടിന്റെ ഹൃദയം തൊട്ടറിയാന്‍ സാധിക്കാത്തത് വളരെ കഷ്ടം തന്നെ...
കൂടെ കൂട്ടുകാരന് മുജീബുള്ള കെ.വി പറഞ്ഞ ഒരു കഥ ഇവിടെ പ്രസക്തമാണ് , അവന്റെ ചെറുപ്പ കാലത്ത് പെരുന്നാളിന് അയല്‍ വാസിയായ പത്മാവതി ടീച്ചറുടെ വീട്ടിലേക്ക് മധുര പലഹാരങ്ങള്‍ കൊണ്ട് പോയി കൊടുക്കുകയും ആ സമയത്ത് ടീച്ചര്‍ അവര്‍ക്ക് അഞ്ചു രൂപ കൊടുക്കുമായിരുന്നത്രേ, ഒരു പെരുന്നാള്‍ സമ്മാനം കാസറകോടുക്കാരുടെ ഭാഷയില്‍ "പെരുന്നാള്‍ പൈസ" . .. അതാണ് ഈ നാട്ടുകാര്‍ അയല്പക്കത്തെ കുട്ടികളെ മതം നോക്കാതെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്നവര്‍, അങ്ങോട്ട് തിരിച്ചും.
കേരളത്തിലെ കോളേജ്കളെ അപേക്ഷിച്ച് ഏറ്റവും കുറവ് റാഗിംഗ് നടക്കുന്നത് ഇവിടെയായിരിക്കും, രാഷ്ട്രീയ സംഘട്ടനം നടക്കുന്ന വാര്‍ത്തകളും കുറവ് ... എന്നിട്ടും ഈ കോളേജിനെ ചുറ്റി പറ്റി ആരോപണം ഉന്നയിക്കുമ്പോള്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ഥി എന്ന നിലക്ക് അതിനെ എതിര്‍ക്കാതിരിക്കാന്‍ നിര്‍വാഹമില്ല... ഇനി അവിടെ സംഘട്ടനം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് മതങ്ങളുടെ വരവില്‍ വെക്കാതെ അതിലെ രാഷ്ട്രീയം കാണുന്നതാണ് ഉത്തമവും.
കേരളത്തില്‍ മറ്റുള്ള ജില്ലകളില്‍ നടക്കുന്നത്ര കുറ്റ കൃത്യങ്ങള്‍ കാസര്‍കോട് നടക്കാറില്ല, കൊലപാതകങ്ങളും കുറവാണ്, എന്നിട്ടും കാസര്‍കോടിനെ ഒരു ഭീകര ജില്ലയായി ചിത്രീകരിക്കാനുള്ള ചിലരുടെ താല്പര്യം കാണുമ്പോള്‍ .... അങ്ങോട്ട് തിരിച്ചു പറയാതെ നിര്‍വാഹമില്ല.
കാസറകോട് വര്‍ഗീയ വിഷം വിതക്കുന്നവര്‍ അറിയാന്‍ ... ഞാന്‍ കാസര്‍കോട് ചെമ്മനാട് സ്വദേശി , പരവനടുക്കം സ്കൂളില്‍ പഠിച്ചു, കൂടെ ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചത് ഗോപിയും രവിയും അനൂപും രാജേഷും .. എന്റെ അദ്ധ്യാപകര്‍ ശ്രീകണ്ഠന് മാസ്റ്റര്‍, കുഞ്ഞമ്പു മാസ്റ്റര്‍, ജോണ്‍ മാസ്റ്റര്‍, ഗോമതി ടീച്ചര്‍ ഇവരൊക്കെയായിരുന്നു , അതുപോലെ എന്റെ നാട്ടില്‍ എനിക്ക് കുറെ നല്ല മനുഷ്യരെ അറിയാം വര്‍ഗീയ വാദികളെ അറിയില്ല, എന്റെ വീട്ടില്‍ കൂലി പണിക്കു വന്നിരുന്നത് കുഞ്ഞിരാമേട്ടന്, തേങ്ങ പറിക്കാന്‍ വന്നിരുന്നത് കറുവനും ചന്ദ്രനും , ഞാന്‍ വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നത് ബാജ്പെയ് മാധവേട്ടന്റെ കടയില്‍ നിന്നും, സ്കൂളില്‍ പോകുമ്പോള്‍ ചായ കുടിച്ചിരുന്നത് ചന്തുട്ടിയുടെ ഹോട്ടലില്‍ നിന്നും, ഇവര്‍ക്കൊക്കെ ഓരോരോ ആദര്‍ശങ്ങള്‍ ഉണ്ടായിരുന്നു ... കൂടെ എനിക്കും ... അതൊന്നും വര്‍ഗീയതയിലേക്ക് പോയിട്ടില്ല .... കാരണം മനുഷ്യരായിരുന്നു ഞങ്ങള്‍ ... കാസ്രോട്ടെ സാധാരണ മനുഷ്യര്‍.. അല്ലാതെ "ഊണിലും ചായയിലും ....... വര്‍ഗീയം കാട്ടുന്ന മനുഷ്യ മൃഗങ്ങള്‍ അല്ല".
ഷുക്കൂര്‍ കിളിയന്തിരിക്കല്‍
എഴുതാതെ പോയത്: ഞങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്ന കുഞ്ഞിരാമേട്ടനെ ഒരു പ്രാവിശ്യം നാട്ടില്‍ പോയപ്പോള്‍ കാണാന്‍ സാധിച്ചു. വീട്ടിലേക്ക് ഞാന്‍ ക്ഷണിച്ചപോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്നെ കരയിപിച്ചു "തന്റെ ഉപ്പ ഇല്ലാത്ത വീട്ടിലേക്ക് വരാന്‍ എനിക്ക് തോന്നുന്നില്ലടോ" ആ മനുഷ്യന് മരിച്ചു എന്ന് കരുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ... അത്രക്കും അടുപ്പത്തിലായിരുന്നു ഉപ്പയും അയാളും തമ്മിലുള്ള ബന്ധം... അവസാനം പറഞ്ഞു മരിച്ചപോള്‍ പോലും ഞാന്‍ വന്നിട്ടില്ല കാരണം "ചലന ശേഷി ഇല്ലാത്ത "മൊയിചാന്റെ" ശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല" ....